ഭൂഗര്‍ഭ ജലചൂഷണം തടയണം: ഹൈക്കോടതി

ജലസംരക്ഷണത്തിനായി കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തണം
Posted on: March 22, 2018 7:56 pm | Last updated: March 23, 2018 at 12:32 am

കൊച്ചി: ഭൂഗര്‍ഭ ജലചൂഷണം തടയാന്‍ സമഗ്ര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കി. ഭൂഗര്‍ഭജലം സംബന്ധിച്ചു വരുന്ന റിപ്പോര്‍ട്ടുകള്‍ വളരെ ഭയാജനകമാണെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ജലസംരക്ഷണത്തിന് കൂടുതല്‍ പഠനങ്ങള്‍ നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ജലദിനത്തില്‍ കൃഷി ആവശ്യത്തിനായി കുഴല്‍ക്കിണര്‍ കുത്തുന്നത് ചിലര്‍ തടയുകയാണെന്ന് ആരോപിച്ച് തൃശൂര്‍ സ്വദേശി സമര്‍പ്പിച്ച ഹരജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഇടപെടല്‍.

വിഷയത്തില്‍ കോടതി സ്വമേധയാ ഹരജി ഫയലില്‍ സ്വീകരിച്ചു. കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകള്‍ ഒരു മനുഷ്യനു പോലും ജലം നിഷേധിക്കപ്പെടുന്ന സാഹചര്യം ഇല്ലാതാക്കുന്ന രീതിയില്‍ ഭൂഗര്‍ഭജല ശോഷണം തടയാനുള്ള സമഗ്ര നടപടികള്‍ സ്വീകരിക്കണം.

വരും തലമുറകള്‍ക്ക് ജീവജലം കാത്തുവെക്കാന്‍ സമഗ്ര നടപടി വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ജലശോഷണത്തിന് നടപടികള്‍ സ്വീകരിക്കുന്നതുപോലെ വളരെ പ്രാധാന്യമുള്ള കാര്യമാണ് ജലചൂഷണത്തിനെതിരെ നടപടി സ്വീകരിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. നടപടികള്‍ കേന്ദ്ര ഭൂഗര്‍ഭജല വകുപ്പ്, ഗവ. സെക്രട്ടറി, സംസ്ഥാന സാക്ഷരതാ മിഷന്‍, കോഴിക്കോട് സി ഡബ്ല്യു ആര്‍ ഡി എം, സംസ്ഥാന ഭൂഗര്‍ഭ ജലവകുപ്പ് എന്നിവരെ കോടതി എതിര്‍കക്ഷികളാക്കി. മതിയായ അനുമതിയോടെ കുഴല്‍ക്കിണര്‍ കുത്തുന്നതിനെ നാട്ടുകാര്‍ തടയുകയാണെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നിരവധി ഹരജികള്‍ മുന്നില്‍ വരുന്നതായി കോടതി നിരീക്ഷിച്ചു.

ഭൂഗര്‍ഭജലം വറ്റുമെന്ന് പറഞ്ഞാണ് പ്രദേശവാസികള്‍ കുഴല്‍ക്കിണറിനെ എതിര്‍ക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 2002ലെ കേരളാ ഗ്രൗണ്ട് വാട്ടര്‍ (കണ്‍ട്രോള്‍ ആന്‍ഡ് റെഗുലേഷന്‍) ആക്ട് ആണ് ഭൂഗര്‍ഭ ജലം കുഴിച്ചെടുക്കുന്നതും മറ്റും നിയന്ത്രിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കാലാകാലങ്ങളില്‍ വിജ്ഞാപനം ഇറക്കുന്നുണ്ട്. ഭൂഗര്‍ഭ ജലം സംബന്ധിച്ച മാധ്യമ റിപോര്‍ട്ടുകള്‍ പ്രകാരം സാഹചര്യങ്ങള്‍ ഭയജനകമാണ്.

കേന്ദ്ര ജലവിഭവ വകുപ്പിന്റെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് മാധ്യമ വാര്‍ത്തകള്‍ വന്നിരിക്കുന്നത്. കേരളത്തിലെ ജല സംഭരണികളിലെ ജലനിരപ്പ് സംബന്ധിച്ച റിപോര്‍ട്ടുകള്‍ കോടതി പരിശോധിച്ചു. ഭൂഗര്‍ഭ ജല ചൂഷണത്തിന്റെ തോത് വ്യക്തമാക്കുന്ന വിവരങ്ങള്‍ ഭീതിയുണ്ടാക്കുന്നതാണ്. 2011 ലെ സ്ഥിതി വിവരക്കണക്കനുസരിച്ച് ഇപ്പോഴത്തെ സ്ഥിതി ഗുരുതരമാണ്.

ജീവജാലങ്ങള്‍ക്ക് ജലം നിഷേധിക്കുന്ന തരത്തിലുള്ള ഭൂഗര്‍ഭ ജലശോഷണം തടയാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. കുഴല്‍ക്കിണറിന് അനുമതി തേടി വരുന്ന അപേക്ഷകള്‍ കാലതാമസമില്ലാതെ പരിഗണിക്കണമെന്നാണ് നിയമഭേദഗതികള്‍ പറയുന്നത്.

സര്‍ക്കാര്‍ പ്രശ്‌നപരിഹാരത്തിന് ഭാവനാപരമായ ഉള്‍ക്കാഴ്ച്ചയോടെ നടപടികള്‍ സ്വീകരിക്കണം. ജലസംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതല്‍ പഠനങ്ങള്‍ നടക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് വരും തലമുറക്ക് വേണ്ടി ജലം സംരക്ഷിക്കാന്‍ സമഗ്ര പദ്ധതികള്‍ വേണമെന്ന് ചൂണ്ടിക്കാട്ടി കോടതി സ്വമേധയാ കേസെടുത്തത്. ജലം വളരെ പ്രധാനപ്പെട്ട കാര്യമാണ്. ജലമില്ലാതെ നമുക്ക് നിലനില്‍പ്പില്ല. ജലം സംരക്ഷിക്കാന്‍ നയപരമായി എന്തൊക്കെയാണ് ചെയ്യാനാവുകയെന്നും കോടതി ചോദിച്ചു.

ജസ്റ്റിസ് കെ വിനോദ്ചന്ദ്രന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബഞ്ചാണ് സ്വമേധയാ കേസെടുത്തത്. പൊതു താത്പര്യഹരജിയായിട്ടുള്ള കേസായതിനാല്‍ ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പിന്നീട് പരിഗണിക്കും.