ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തല്‍ മനുഷ്യകുലത്തിന് അസാധ്യമെന്ന് സര്‍ക്കാര്‍

വിവരങ്ങള്‍ ചോര്‍ത്താനാകില്ലെന്ന് ന്യായീകരണം
Posted on: March 22, 2018 7:01 pm | Last updated: March 23, 2018 at 12:12 am

ന്യൂഡല്‍ഹി: ആധാര്‍ ബയോമെട്രിക് മാച്ചിംഗ് സോഫ്റ്റ്വെയര്‍ വിദേശ കമ്പനിയുടേതെന്ന് യു ഐ ഡി എ ഐ സുപ്രീംകോടതിയില്‍ അറിയിച്ചു. സോഫ്റ്റ്വെയര്‍ വാങ്ങിയത് വിദേശ കമ്പനിയില്‍ നിന്നാണ്. എന്നാല്‍ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ലഭ്യമാകാന്‍ സാധ്യതയില്ല. സെര്‍വര്‍ ഇന്ത്യയുടേതാണെന്നും യു ഐ ഡി എ ഐ കോടതിയെ അറിയിച്ചു. ദേശീയ സുരക്ഷയുടെ പേരില്‍ ഇതുവരെ വിവരങ്ങള്‍ നല്‍കിയിട്ടില്ല. ഒരു ഏജന്‍സിയും വിവരങ്ങള്‍ക്കായി സമീപിച്ചിട്ടില്ലെന്നും യു ഐ ഡി എ ഐ വ്യക്തമാക്കി. അതേസമയം ദേശീയ സുരക്ഷാ വിഷയങ്ങളില്‍ ആധാര്‍ വിവരം കൈമാറുമെന്ന് യു ഐ ഡി എ ഐ സുപ്രീംകോടതിയെ അറിയിച്ചു. ജില്ലാ ജഡ്ജിയുടെ ഉത്തരവുണ്ടെങ്കിലും വിവരങ്ങള്‍ നല്‍കും. അനുമതിയില്ലാതെ ആരുടേയും വിവരങ്ങള്‍ ശേഖരിക്കാറില്ലെന്നും സി ഇ ഒ അറിയിച്ചു.

സുപ്രീം കോടതിയിലെ പവര്‍പോയിന്റ് അവതരണത്തിലാണ് വിശദീകരണം. ജാതി മതം എന്നിവ ശേഖരിക്കുന്നില്ലെന്നും സി ഇ ഒ അജയ് ഭൂഷന്‍ പാണ്ഡെ വ്യക്തമാക്കി. ആധാറിന്റെ സുരക്ഷ വിശദീകരിക്കാന്‍ യു ഐ ഡി എ ഐക്ക് സുപ്രീംകോടതിയുടെ അനുമതി ലഭിച്ചിരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗഭരണഘടനാ ബഞ്ചാണ് അനുമതി നല്‍കിയത്. പവര്‍പോയിന്റ് അവതരണത്തിന് തയ്യാറാണെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.

പൗരന്റെ ഡാറ്റ ചോരില്ലെന്നും എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചുവെന്നും എ ജി കോടതിയില്‍ പറഞ്ഞു. സ്വകാര്യതയുടെ പേര് പറഞ്ഞ് രാജ്യത്തെ മുപ്പത് കോടി ദരിദ്രരുടെ ഭക്ഷണത്തിനും ജീവിക്കാനുമുള്ള മൗലികാവകാശം ലംഘിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഇന്നലെ സുപ്രീം കോടതിയില്‍ നിലപാടെടുത്തിരുന്നു. ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാസാധുത ചോദ്യം ചെയ്ത ഹരജികളില്‍ വാദം കേള്‍ക്കവെയാണ് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്.

സര്‍ക്കാറിന്റെ ക്ഷേമപദ്ധതികളുടെ പ്രയോജനം ജനങ്ങള്‍ക്ക് നേരിട്ട് ലഭിക്കുന്നതിനാണ് ആധാര്‍ നടപ്പാക്കുന്നത്. ആധാര്‍വിവരങ്ങള്‍ സുരക്ഷിതമാണെന്നും, കോടതിയില്‍ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്താന്‍ തയ്യാറാണെന്നും കേന്ദ്രം അറിയിച്ചു. അതേസമയം, ആധാര്‍ കാര്‍ഡ് ബേങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ചില്ലെന്ന കാരണത്താല്‍ വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന് പെന്‍ഷന്‍ നിഷേധിക്കാന്‍ കഴിയുമോയെന്ന് കോടതി ആരാഞ്ഞു. ജീവനക്കാരന്‍ നേരിട്ട് കൈകാര്യം ചെയ്യുന്നത് കൊണ്ടുതന്നെ വ്യാജ പെന്‍ഷന്‍ അക്കൗണ്ടുകള്‍ എങ്ങനെ സാധിക്കുമെന്നും കോടതി ചോദിച്ചിരുന്നു. അതിന് പിന്നാലെയാണ് സുരക്ഷ വിശദീകരിക്കാന്‍ കമ്പനിക്ക് അനുമതി നല്‍കിയത്.