വിവാഹത്തലേന്ന് അച്ഛന്‍ മകളെ കുത്തിക്കൊന്നു

Posted on: March 22, 2018 6:41 pm | Last updated: March 22, 2018 at 11:29 pm
SHARE

അരീക്കോട്: വിവാഹത്തലേന്ന് പിതാവ് മകളെ കുത്തിക്കൊലപ്പെടുത്തി. കീഴുപറമ്പ് പത്തനാപുരം പൂവ്വത്തിക്കണ്ടി പാലത്തിങ്ങല്‍ രാജന്‍ ആണ് മകള്‍ ആതിര രാജിനെ (21) കുത്തിക്കൊലപ്പെടുത്തിയത്. ആതിരയുടെ വിവാഹം ഇന്ന് അരീക്കോട് സാളിഗ്രാം ക്ഷേത്രത്തില്‍ നടക്കാനിരിക്കെയാണ് സംഭവം.

കോഴിക്കോട് പന്തലായനി സ്വദേശിയുമായി ആതിര പ്രണയത്തിലായിരുന്നു. വ്യത്യസ്ത ജാതിയില്‍പ്പെട്ടവരായതിനാല്‍ ഇവര്‍ തമ്മിലുള്ള വിവാഹത്തെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് തുടരുന്നതിനിടയിലും ഇരുവരും വേര്‍പിരിയാന്‍ തയ്യാറാകാത്തതിനാല്‍ വിവാഹത്തിന് വീട്ടുകാര്‍ സമ്മതം നല്‍കുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഫിസിയോ തെറാപ്പിസ്റ്റാണ് കൊല്ലപ്പെട്ട ആതിര. വിവാഹ തിരക്കിനിടെ വാക് തര്‍ക്കത്തിനിടയില്‍ മകളെ കുത്തുകയും സമീപ വീട്ടിലേക്ക് ഓടിക്കയറുന്നതിനിടെ വീണ്ടും കുത്തുകയുമായിരുന്നു. ഇന്നലെ വൈകീട്ട് നാലോടെയാണ് സംഭവം.

രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: സുനിത. സഹോദരങ്ങള്‍: അശിന്‍ രാജ്, അതുല്‍ രാജ്.