വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പരാമര്‍ശം: അധ്യാപകന്‍ അവധിയില്‍ പ്രവേശിച്ചു

Posted on: March 22, 2018 2:37 pm | Last updated: March 22, 2018 at 8:13 pm
SHARE

കോഴിക്കോട്: വിദ്യാര്‍ഥിനികളുടെ വസ്ത്രധാരണ രീതിയെക്കുറിച്ച് വിവാദ പ്രസ്താവന നടത്തിയ ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍ ജവഹര്‍ മുനവര്‍ അവധിയില്‍ പ്രവേശിച്ചു. ഈ മാസം 28 വരെയാണ് അവധി. വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് അവധിയെടുത്തതെന്ന് അധ്യാപകന്റെ കുടുംബം അറിയിച്ചു.

പെണ്‍കുട്ടികള്‍ക്കെതിരെ അദ്ദേഹം നടത്തിയ പ്രസംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഫാമിലി കൗണ്‍സിലിംഗിനിടെയാണ് അധ്യാപകന്‍ വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയത്. ഭൂരിപക്ഷവും മുസ്‌ലിം പെണ്‍കുട്ടികള്‍ പഠിക്കുന്ന കോളജില്‍ അവരുടെ വസ്ത്ര ധാരണം മത ശാസനകള്‍ക്ക് വിരുദ്ധമാണെന്നും അധ്യാപകന്‍ പ്രസംഗത്തില്‍ പറയുന്നു.

പര്‍ദ പൊക്കിപ്പിടിച്ചും ലഗിന്‍സ് കാണിച്ചുമാണ് പെണ്‍കുട്ടികള്‍ ക്യാമ്പസില്‍ നടക്കുന്നത്. ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ലെന്നും രക്ഷിതാക്കള്‍ ബോധവത്ക്കരിക്കണമെന്നുമാണ് അധ്യാപകന്റെ ഉപദേശം. ഫാറൂഖ് കോളജില്‍ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച അധ്യാപകര്‍ക്കെതിരെയുള്ള പ്രതിഷേധം കെട്ടടങ്ങും മുമ്പാണ് ട്രെയിനിംഗ് കോളേജിലെ വിദ്യാര്‍ഥിനികളെ അപമാനിക്കുന്ന അധ്യാപകന്റെ പ്രസംഗം വിവാദമായത്.