സഭാ ഭൂമി ഇടപാട്: അന്വേഷണം സ്‌റ്റേ ചെയ്ത വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി

Posted on: March 22, 2018 10:03 am | Last updated: March 22, 2018 at 1:09 pm

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി ഒന്നാം പ്രതിയായ അങ്കമാലി രൂപതയിലെ ഭൂമിയിടപാട് കേസില്‍ പോലീസ് അന്വേഷണം സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ ഹരജി. കര്‍ദിനാളിനെതിരായ അന്വേഷണം തടഞ്ഞ ഹൈക്കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സഭാവിശ്വാസിയായ മാര്‍ട്ടിന്‍ പയ്യപ്പള്ളില്‍ എന്നയാളാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഭൂമിഇടപാടില്‍ നടന്ന ക്രമക്കേടുകള്‍ പ്രാഥമിക അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ദിനാള്‍ അടക്കമുള്ള സഭാനേതൃത്വത്തെ പ്രതിയാക്കി പോലീസ് എഫ്.ഐ.ആര്‍ ഇട്ടതെന്ന് ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഈ എഫ്.ഐ.ആര്‍ സ്‌റ്റേ ചെയ്തിരിക്കുകയാണ്. സ്‌റ്റേ ഒഴിവാക്കി അന്വേഷണ നടപടികള്‍ തുടരാന്‍ അവസരമൊരുക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഹൈക്കോടതിയില്‍ ആന്റണി ഡൊമനിക്ക് അധ്യക്ഷനായ ബഞ്ചാണ് കേസ് കേള്‍ക്കുന്നത്. കേസില്‍ നിഷ്പക്ഷമായ വിചാരണ ഉറപ്പാക്കാന്‍ ക്രിസ്ത്യന്‍ സമുദായാംഗം അല്ലാത്ത ന്യായാധിപന്‍ വിചാരണ നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം, കേസില്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് കര്‍ദിനാളും സുപ്രീം കോടതിയില്‍ തടസ ഹരജി നല്‍കി.