Connect with us

Kerala

തെറ്റുപറ്റി, സുരക്ഷ ഉറപ്പാക്കും; കുറ്റസമ്മതവുമായി സുക്കര്‍ബര്‍ഗ്

Published

|

Last Updated

ലണ്ടന്‍: ഉപയോക്താക്കളുടെ വിവരങ്ങള്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച സംഭവത്തില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ്. വിഷയത്തില്‍ തെറ്റുപറ്റിയെന്ന് സുക്കര്‍ബര്‍ഗ് തുറന്നുസമ്മതിച്ചു. കേംബ്രിജ് അനലിറ്റിക്കയുമായി നടന്ന ഇടപാടില്‍ ഫേസ്ബുക്കിന്റെ വിശ്വാസ്യതയില്‍ വിള്ളലുണ്ടായെന്നും ഇത്തരം പ്രശ്‌നം ആവര്‍ത്തിക്കാതിരിക്കാന്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തുമെന്നും സുക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ആരംഭിച്ച ആളെന്ന നിലയില്‍ എന്ത് സംഭവിച്ചാലും അത് തന്റെ ഉത്തരവാദിത്വമാണ്. ഞങ്ങളുമായി വിവരങ്ങള്‍ പങ്കുവച്ച ആളുകളും ഫേസ്ബുക്കുമായുള്ള വിശ്വാസ്യതയില്‍ ഇടിവു സംഭവിച്ചിരിക്കുന്നു. ഫേസ്ബുക്കില്‍നിന്നു വിവരങ്ങള്‍ ശേഖരിക്കുന്ന ആപ്ലിക്കേഷനുകളെ ഇനിമുതല്‍ കര്‍ശന പരിശോധനക്ക് വിധേയമാക്കുമെന്നും ഇത്തരം ആപ്ലിക്കേഷുകള്‍ സംബന്ധിച്ചു ഫേസ്ബുക്ക് ഉപയോഗിക്കുന്നവരെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്ട്രാറ്റജിക് കമ്യൂണിക്കേഷന്‍സ് ലബോറട്ടറീസ് (എസ്സിഎല്‍) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവും അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്ബുക്കിലൂടെ ചോര്‍ത്തിയ സാഹചര്യത്തിലാണ് സുക്കര്‍ബര്‍ഗിന്റെ പ്രതികരണം. അമേരിക്കയില്‍ ഡോണള്‍ഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങള്‍ ഉപയോഗിച്ചു. ന്യൂയോര്‍ക്ക് ടൈംസും ലണ്ടര്‍ ഒബ്‌സര്‍വറും കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരുന്നു. 2016ലെ യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഡൊണാള്‍ഡ് ട്രംപിനും ബ്രെക്‌സിറ്റ് അനുകൂലികള്‍ക്കും വിദഗ്‌ധോപദേശം നല്‍കിയിരുന്നത് കോംബ്രിജ് അനലിറ്റിക്ക കമ്പനിയായിരുന്നു.

അതിനിടെ, ഫേസ്ബുക്ക് കമ്പനിക്കെതിരെ പരാതികള്‍ ഉയര്‍ന്നതോടെ കമ്പനിയുടെ ഷെയറുകള്‍ ഇന്നലെ കൂപ്പുകുത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലെ വമ്പനായി അറിയപ്പെടുന്ന ഫേസ്ബുക്ക് കമ്പനിക്കെതിരെ അമേരിക്കയിലും പുറത്തും വ്യാപകമായ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംഭവത്തെ കുറിച്ച് ഇരു വിഭാഗവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിന് പുറമെ കോംബ്രിജ് അനലിറ്റിക്കയുടെ അക്കൗണ്ടും കമ്പനി മരവിപ്പിച്ചു.

 

---- facebook comment plugin here -----

Latest