Connect with us

Kerala

പേരാമ്പ്രയിലെ ഇരട്ടക്കൊല: പ്രതി കുറ്റക്കാരന്‍, ശിക്ഷാ വിധി ഇന്ന്

Published

|

Last Updated

വടകര: വൃദ്ധ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പേരാമ്പ്ര ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം ഞാണിയത്ത് തെരുവില്‍ വട്ടക്കണ്ടി മീത്തല്‍ ബാലന്‍ (62), ഭാര്യ ശാന്ത (59) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പേരാമ്പ്ര ഞാണിയം തെരുവിലെ കൂനേരി കുന്നുമ്മല്‍ ചന്ദ്രന്‍ (58) കുറ്റക്കാരനാണെന്ന് വടകര അഡീഷനല്‍ ജില്ലാ ആന്‍ഡ് സെഷന്‍സ് കോടതി കണ്ടെത്തി. ഇന്ന് ഇരു വിഭാഗം അഭിഭാഷകരുടെയും വാദംകേട്ട ശേഷം ശിക്ഷ വിധിക്കും.

2015 ജൂലൈ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. കടക്കെണിയില്‍ നിന്ന് രക്ഷപ്പെടാനാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്തത്. കൊല നടക്കുന്നതിനിടയില്‍ ബഹളം കേട്ട് സ്ഥലത്തെത്തിയ അയല്‍വാസിയായ പ്ലസ് ടു വിദ്യാര്‍ഥി കൊല്ലിയില്‍ അജില്‍ സന്തോഷിന് (17) വെട്ടേറ്റിരുന്നു.
വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയിലാണ് ബാലനെ വെട്ടേറ്റ് മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ മുറിയിലേക്കുള്ള ഇടനാഴിയിലാണ് ശാന്ത മരിച്ചു കിടന്നത്. കൊലപാതകത്തിന് ശേഷം ശാന്തയുടെ മൃതദേഹത്തില്‍ നിന്ന് വളകളും സ്വര്‍ണമാലയും അഴിച്ചെടുത്ത് പ്രതി സ്ഥലം വിടുകയായിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയുടെ വീടിന്റെ പിറകുവശത്ത് കൂട്ടിയിട്ട മരക്കഷ്ണങ്ങള്‍ക്കിടയില്‍ നിന്ന് 41 സെന്റീ മീറ്റര്‍ നീളമുള്ള കൊടുവാളും സംഭവസമയത്ത് ധരിച്ച വസ്ത്രങ്ങളും കവര്‍ച്ച നടത്തിയ സ്വര്‍ണാഭരണങ്ങളും കണ്ടെടുത്തിരുന്നു.
നേരിട്ട് തെളിവില്ലാത്ത ഈ കേസില്‍ സാഹചര്യത്തെളിവിന്റെയും ശാസ്ത്രീയ തെളിവിന്റെയും അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

കേസിന്റെ ഭാഗമായി ഡി എന്‍ എ പരിശോധന, മുടി പരിശോധന, രക്ത പരിശോധന എന്നിവയും നടത്തിയിരുന്നു. മരിച്ച ബാലനും പ്രതി ചന്ദ്രനും സംസാരിച്ചതിന്റെ വിവരങ്ങള്‍ ശേഖരിക്കാന്‍ ബി എസ് എന്‍ എല്‍ കേരള സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ അടക്കം 51 സാക്ഷികളെ വിസ്തരിച്ചു.
94 രേഖകളും 28 തൊണ്ടി മുതലുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. കൊല്ലപ്പെട്ട ബാലന്റെ മകന്‍ ആനന്ദിന്റെ ഭാര്യ പ്രജിത ഒന്നാം സാക്ഷിയും ബഹളം കേട്ട് ഓടിയെത്തിയപ്പോള്‍ പ്രതി വെട്ടിപ്പരുക്കേല്‍പ്പിച്ച അജില്‍ സന്തോഷ് രണ്ടാം സാക്ഷിയുമാണ്.

Latest