ആര്‍ എസ് എസ്- പോപ്പുലര്‍ ഫ്രണ്ട് ആയുധ പരിശീലനത്തിനെതിരെ നടപടി: മുഖ്യമന്ത്രി

Posted on: March 22, 2018 6:21 am | Last updated: March 22, 2018 at 12:34 am

തിരുവനന്തപുരം: സംസ്ഥാനത്ത് ആര്‍ എസ് എസ്, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ മാസ്ഡ്രില്‍ നടത്തുന്നതായുള്ള വിവരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരം അനധികൃതമായ പരിശീലനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.

ആരാധാനാലയങ്ങളില്‍ ഉള്‍പ്പടെയുള്ള ആയുധ പരിശീലനം തടയുന്നതിന് ആവശ്യമെങ്കില്‍ നിയമ നിര്‍മാണം നടത്തും. ഒപ്പം പോലീസ് ആക്ടിലെ വകുപ്പുകള്‍ക്കനുസൃതമായി ആവശ്യമായ ചട്ടങ്ങള്‍ രൂപവത്കരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ജില്ലാ മജിസ്‌ട്രേറ്റിന് മാസ്ഡ്രില്‍ നിരോധിക്കുന്നതിനുള്ള അധികാരം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ ചില ആരാധനാലയങ്ങളുടെ പരിസരങ്ങള്‍, ചില സ്‌കൂള്‍ വളപ്പുകള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലം, ആളൊഴിഞ്ഞ സ്ഥലങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ആര്‍ എസ് എസ് നടത്തുന്ന ശാഖകളില്‍ ദണ്ഡ് ഉപയോഗിച്ച് പരിശീലനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളാ പോലീസ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം അധികാരപ്പെട്ടയാളുടെ അനുമതിയില്ലാതെ സ്വയം രക്ഷ സംബന്ധിച്ചോ അഭ്യാസ രീതികള്‍ ഉള്‍ക്കൊള്ളുന്ന കായിക പരിശീലനം സംഘടിപ്പിക്കാനോ പങ്കെടുക്കാനോ പാടില്ല.
ഇതിനായി സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടമോ പരിസരമോ പെര്‍മിറ്റില്ലാതെ ആര്‍ക്കും നല്‍കാനും നിയമം അനുവദിക്കുന്നില്ല. ആരാധനാലയങ്ങളാണെന്നിരിക്കെ ഇതിനു വിഘാതമായ പ്രശ്‌നങ്ങള്‍ ചില ഇടങ്ങളില്‍ ഉണ്ടാകുന്നുണ്ട്. അത്തരം നടപടികളെ കര്‍ശനമായി നിയന്ത്രിച്ച് ആരാധനാലയങ്ങളുടെ പവിത്രത സംരക്ഷിക്കും.

എയ്ഡഡ് സ്‌കൂളുകളില്‍ ഇത്തരം സംഘടനകള്‍ ആയുധപരിശീലനം നടത്തുന്നത് വിദ്യാഭ്യാസ ചട്ടങ്ങള്‍ക്ക് വിരുദ്ധവും കുറ്റകരവുമാണ്. ഇതിനെതിരെ സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തും. മതനിരപേക്ഷത ഉറപ്പുവരുത്തിയുള്ള പ്രവര്‍ത്തനങ്ങളാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. ഇതിനെതിരായ നിലപാടുകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ കര്‍ശന നടപടിയുണ്ടാകും.

അനുമതിയില്ലാതെ സ്വകാര്യവ്യക്തികളുടെ സ്ഥലം കൈയേറിയുള്ള ആയുധ പരിശീലനം സ്വകാര്യ വസ്തു കൈയേറ്റമായാണ് പരിഗണിക്കുന്നത്. പരാതി ലഭിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകും. ആയുധ പരിശീലനം പോലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിലവിലുള്ള നിയമവ്യവസ്ഥയെ അട്ടിമറിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ജീവനക്കാര്‍, ആയുധ പരിശീലനത്തില്‍ പങ്കെടുക്കുന്നതായി പരാതി ലഭിച്ചാല്‍ നിയമപ്രകാരം പരിശോധിച്ച് നടപടിയെടുക്കും. പാലക്കാട് വിദ്യാലയത്തില്‍ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയതുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊതുസ്ഥലങ്ങളില്‍ മതസംഘടനകളുടേതുള്‍പ്പെടെയുള്ള ചിഹ്നങ്ങള്‍ സ്ഥാപിക്കുന്ന രീതിയുണ്ട്. ഇത്തരം വിഷയങ്ങളില്‍ ഏകീകൃത നിലപാടാണ് വേണ്ടെതെന്നും സാമാജികരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.