കാക്കി അണിയാന്‍ ആദിവാസി യുവതീ- യുവാക്കള്‍

  • ചരിത്ര നിയമനവുമായി പി എസ് സി
  • മൂന്ന് ജില്ലകളിലായി പത്ത് റാങ്ക് ലിസ്റ്റ് പുറത്തിറക്കി
Posted on: March 22, 2018 6:29 am | Last updated: March 22, 2018 at 12:33 am

തിരുവനന്തപുരം: ആദിവാസി യുവതീ-യുവാക്കള്‍ക്ക് പോലീസിലും എക്‌സൈസിലും ചരിത്ര നിയമനമൊരുക്കി പി എസ് സി. പാലക്കാട,് മലപ്പുറം, വയനാട് ജില്ലകളിലെ വനാന്തരങ്ങളിലും വനാതിര്‍ത്തിയിലും വസിക്കുന്ന ആദിവാസികളെ പോലീസ്, എക്‌സൈസ് സിവില്‍ ഓഫീസര്‍മാരായി നിയമിക്കാനുള്ള റാങ്ക് ലിസ്റ്റ് പുറത്തിറക്കിയതായി പി എസ് സി ചെയര്‍മാന്‍ അഡ്വ. എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

പത്ത് റാങ്ക് ലിസ്റ്റില്‍ നിന്ന് നൂറു പേര്‍ക്കാണ് നിയമനം നടത്തുക. അടുത്ത മാസം അഞ്ചിനകം ഉദ്യോഗാര്‍ഥികള്‍ക്ക് അഡൈ്വസ് മെമ്മോ അയക്കും. ആദിവാസികള്‍ക്കായി നിയമനം നടത്തുന്നതിന് പി എസ് സി ചട്ടത്തില്‍ ഭേദഗതി വരുത്തിയിരുന്നു. മൂന്ന് പട്ടികയിലായി തിരിച്ചാണ് ഇവരെ പോലീസിലേക്കും എക്‌സൈസിലേക്കും നിയമിക്കുക. പത്താം ക്ലാസിനു മുകളില്‍ വിദ്യാഭ്യാസം ഉള്ളവര്‍, പത്താംക്ലാസ് തോറ്റവര്‍, എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ എന്നിങ്ങനെ തിരിച്ചാണ് മുന്‍ഗണനാക്രമത്തില്‍ നിയമനം നല്‍കുക. എഴുത്തു പരീക്ഷ ഒഴിവാക്കി സമഗ്രമായ ഇന്റര്‍വ്യൂ നടത്തിയുള്ള പത്ത് റാങ്ക് ലിസ്റ്റുകളാണ് പി എസ് സി തയാറാക്കിയിരിക്കുന്നത്. റാങ്ക് ലിസ്റ്റില്‍ പെട്ടവരെ അതത് ജില്ലാ പി എസ് സി ഓഫീസുകളില്‍ വിളിച്ചുവരുത്തി അഡൈ്വസ് മെമ്മോ കൈമാറും. 10 റാങ്ക് ലിസ്റ്റുകളില്‍ നിന്നുമായി 100 പേരെയാണ് പ്രത്യേക നടപടിക്രമത്തിലൂടെ പോലീസുകാരായും എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായും നിയമിക്കാന്‍ പോകുന്നത്. ഈ മൂന്ന് ജില്ലകളിലേയും അതത് പ്രദേശങ്ങള്‍ക്ക് മാത്രം പ്രാതിനിധ്യം നല്‍കിയുള്ളതാണ് നിയമനം. ആദിവാസി, വനം വകുപ്പുകളുടേയും പോലീസിന്റെയും പ്രത്യേക സഹായത്തോടെ ഉദ്യോഗാര്‍ഥികളെ അതത് സ്ഥലങ്ങളില്‍പോയി കണ്ടെത്തും. അവരില്‍നിന്നും ഫോം പൂരിപ്പിച്ചു വാങ്ങി പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുപ്പിച്ച് ഒരു ന്യൂനതയും ഇല്ലാതെയാണ് റാങ്ക്‌ലിസ്റ്റ് തയാറാക്കിയതെന്ന് പി എസ് സി ചെയര്‍മാന്‍ പറഞ്ഞു. എക്‌സൈസിന്റെയും പോലീസിന്റെയും ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഏത് വേണമെന്ന് തിരഞ്ഞെടുക്കാന്‍ അവസരം നല്‍കും. അടുത്ത മാസം അഞ്ചിന് മുമ്പ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അഡൈ്വസ് മെമ്മോ നേരിട്ട് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരു തസ്തികകളിലും എഴുത്തുപരീക്ഷയില്ലാതെ 100 മാര്‍ക്കിന്റെ ഇന്റര്‍വ്യൂ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്. മലപ്പുറം ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ നാലും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ നാലൊഴിവുകളുമാണുള്ളത്. യഥാക്രമം 116, 49 പേരാണ് ഈ റാങ്ക് ലിസ്റ്റിലുള്ളത്. മൂന്ന് ഒഴിവുകളുള്ള സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് 37 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. പാലക്കാട് ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ 10 ഒഴിവും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ അഞ്ചൊഴിവുമാണുള്ളത്. യഥാക്രമം 294, 99 പേരാണ് അന്തിമ റാങ്ക് ലിസ്റ്റിലുള്ളത്.

അഞ്ച് ഒഴിവുകളുള്ള സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് 21 പേരുടെ റാങ്ക് ലിസ്റ്റാണ് തയ്യാറാക്കിയിട്ടുള്ളത്. വയനാട് ജില്ലയില്‍ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ 40 ഒഴിവുകളും വനിതാ സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയില്‍ 12 ഒഴിവുകളുമാണുള്ളത്. യഥാക്രമം 408, 145 പേരാണ് ഈ റാങ്ക് ലിസ്റ്റിലുള്ളത്. 15 ഒഴിവുകളുള്ള സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് 37 പേരുടെ റാങ്ക് ലിസ്റ്റും രണ്ട് ഒഴിവുകളുള്ള വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയിലേക്ക് 79 പേരുടെ അന്തിമ റാങ്ക് ലിസ്റ്റുമാണ് തയ്യാറാക്കിയിട്ടുള്ളത്.