അധ്യയന വര്‍ഷം തീരുന്നു; നിയമനാംഗീകാരമില്ലാതെ ആയിരക്കണക്കിന് അധ്യാപകര്‍

Posted on: March 22, 2018 6:27 am | Last updated: March 22, 2018 at 12:31 am

കോഴിക്കോട്: അധ്യയന വര്‍ഷം തീരാറായിട്ടും എയ്ഡഡ് സ്‌കൂള്‍ അധ്യാപക നിയമനക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമില്ല. 2016ലും 2017ലും ജോലിയില്‍ പ്രവേശിച്ച ആയിരക്കണക്കിന് അധ്യാപകരാണ് സര്‍ക്കാര്‍ ഉത്തരവ് കാത്ത് കഴിയുന്നത്. വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തെ തുടര്‍ന്ന് എയ്ഡഡ് സ്‌കൂളുകളില്‍ കുട്ടികള്‍ വന്‍തോതില്‍ വര്‍ധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഇവിടെ നിരവധി അധിക അധ്യാപക തസ്തികകളുമുണ്ടായി.

ഒരു ഭാഗത്ത് വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ശക്തിപ്പെടുത്തുന്ന സര്‍ക്കാര്‍ മറുഭാഗത്ത് ഇത്തരത്തില്‍ കൂടുതല്‍ കുട്ടികളെത്തുമ്പോഴുണ്ടാകുന്ന അധിക തസ്തികകളില്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് നിയമനം നല്‍കാന്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം. കെ ഇ ആര്‍ ഭേദഗതി ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നിയമനം തടഞ്ഞുവെച്ചിരിക്കുന്നത്.

ഭേദഗതി പ്രകാരം 1979 മെയ് 22ന് മുമ്പുള്ള സ്‌കൂളുകളില്‍ അധിക തസ്തിക 1:1 (ഒരു സംരക്ഷിത അധ്യാപകനെ നിയമിച്ചാല്‍ ഒരു അധ്യാപകനെ മാനേജര്‍ക്ക് നിയമിക്കാം) എന്ന അനുപാതത്തിലും റിട്ടയര്‍മെന്റ്, രാജി, മരണം, പ്രമോഷന്‍ എന്നീ തസ്തികകള്‍ക്ക് അംഗീകാരം എന്നതുമാണ് കെ ഇ ആര്‍ ഭേദഗതിയില്‍ പറയുന്നത്. അതേസമയം 1979 മെയ് 22ന് ശേഷം നിലവില്‍ വന്നതോ അപ്‌ഗ്രേഡ് ചെയ്തതോ ആയ സ്‌കൂളുകളിലെ പ്രമോഷന്‍ ഒഴികെയുള്ള എല്ലാ ഒഴിവുകളിലും സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നാണ് ഭേദഗതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ 2016 ഡിസംബര്‍ മൂന്നിന് ഭേദഗതി ഉത്തരവിറക്കിയത് 2016 ജനുവരി 29 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ്. ഇതിനെ തുടര്‍ന്നാണ് 2016-17, 2017-18 അധ്യയന വര്‍ഷം ജോലിയില്‍ പ്രവേശിച്ച അധ്യാപരുടെ നിയമനം സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നത്.

കെ ഇ ആര്‍ ഭേദഗതി ശരിവെച്ച് കൊണ്ട് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കതിരെ മാനേജ്‌മെന്റുകള്‍ ഡിവിഷന്‍ ബെഞ്ചില്‍ നിന്ന് സ്റ്റേ സമ്പാദിക്കുകയും സ്റ്റാറ്റസ്‌കോ നിലനിര്‍ത്താന്‍ കോടതി ഉത്തരവിടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്ന് മാത്രമല്ല നിയമനകാര്യത്തില്‍ അധ്യാപകര്‍ക്ക് അനുകൂല ഉത്തരവിറക്കാന്‍ മടിക്കുകയും ചെയ്തു. സംരക്ഷിത അധ്യാപകരെ നിയമിക്കണമെന്നത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ആയിരക്കണക്കിന് അധ്യാപകരുടെ നിയമനാംഗീകാരം വൈകിക്കുന്നത്.

എന്നാല്‍ നാലായിരത്തോളം സംരക്ഷിത അധ്യാപകരില്‍ രണ്ടായിരത്തി ഇരുനൂറോളം പേര്‍ മാതൃസ്‌കൂളിലേക്കും മറ്റ് എയ്ഡഡ് സ്‌കൂളുകളിലേക്കുമായി പുനര്‍വിന്യസിക്കപ്പെട്ടവരാണെന്നാണ് നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ പുനര്‍വിന്യസിക്കപ്പെട്ടവരില്‍ ബാക്കിയുള്ള ആയിരത്തെണ്ണൂറോളം സംരക്ഷിത അധ്യാപകരെ ഏറ്റെടുക്കാന്‍ മാനേജ്‌മെന്റുകള്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന.
എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് മാനേജ്‌മെന്റുകളുമായി സര്‍ക്കാര്‍ ഇതുവരെയും ചര്‍ച്ചക്ക് സന്നദ്ധത പ്രകടിപ്പിച്ചിട്ടില്ല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ചര്‍ച്ച നടത്തിയാല്‍ എയ്ഡഡ് അധ്യാപക നിയമനാംഗീകാരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിന് വിരാമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.