Connect with us

Sports

ക്രിക്കറ്റോ, ഫുട്‌ബോളോ; തീരുമാനമായില്ല

Published

|

Last Updated

കൊച്ചി: ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരത്തിന്റെ വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്തം തുടരുന്നു.കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റിനായി വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ ജി സി ഡി എ ചെയര്‍മാന്റെ നേതൃത്തില്‍ നടത്തിയ ചര്‍ച്ചയിലും തീരുമാനമായില്ല.ക്രിക്കറ്റിന് വിട്ടുകൊടുത്താല്‍ സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുഡ്‌ബോള്‍ ടര്‍ഫിന് കേടുപാടുണ്ടാകുമെന്ന വിവാദമുയര്‍ന്ന പശ്ചാത്തലത്തിലാണ് ജി സി ഡി എ യോഗം വിളിച്ചത്.
ക്രിക്കറ്റ് പിച്ചൊരുക്കിയാല്‍ ടര്‍ഫിന് കേടുപാടുണ്ടാകുമോ എന്നറിയാന്‍ വിദഗ്ദാഭിപ്രായം തോടനാണ് ജി സി ഡി എ വിളിച്ച യോഗത്തില്‍ തീരുമാനമുണ്ടായത്. വിദഗ്ദ സമതിയുടെ അഭിപ്രായമറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനമുണ്ടാകുക എന്ന് ജി സി ഡി എ ചെയര്‍മാന്‍ സി എന്‍ മോഹനന്‍ പറഞ്ഞു.

വിദഗ്ധ സമിതി പരിശോധന രണ്ടുമൂന്നു ദിവസത്തിനകം ഉണ്ടാകും. കൊച്ചിയില്‍ ക്രിക്കറ്റും ഫുട്ബാളും നടത്തുന്നതിനോട് ആര്‍ക്കും വിയോജിപ്പില്ലന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടന്നും സി എന്‍ മോഹനന്‍ പറഞ്ഞു. കെ സി എ, കെ എഫ് എ, ബ്ലാസ്റ്റേഴ്‌സ് പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്നാല്‍ ബ്ലാസ്റ്റേഴ്‌സ അധികൃതരും കെ എഫ് എ പ്രതിനിധികളും ക്രിക്കറ്റ് നടത്തുന്നതിനെ എതിര്‍ത്തിട്ടല്ലന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, അന്താരാഷ്ട്ര നിലവാരത്തിലുള്ള ടര്‍ഫിന് അതേപോലെ വീണ്ടും പാകപ്പെടുത്താന്‍ സാധിക്കില്ലെങ്കില്‍ മാത്രമേ തീരുമാനം പുനപരിശോധിക്കേണ്ടതുള്ളൂ.

അതേസമയം, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് തീരുമാനമെടുത്താലും അത് പാലിക്കാനും ബാധ്യസ്ഥരാണ്. ക്രിക്കറ്റ് തിരുവനന്തപുരത്തും ഫുട്ബാള്‍ കൊച്ചിയിലും എന്ന വാദത്തോടും യോജിപ്പില്ല. രണ്ടു സ്റ്റേഡിയത്തിലും ക്രിക്കറ്റിനും ഫുട്ബാളിനും സാധ്യതയുണ്ടെങ്കില്‍ നടത്തണമെന്നാണ് അഭിപ്രായം. സ്റ്റേഡിയത്തിന് ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ മാര്‍ച്ച് 31ന് അവസാനിക്കും. ഐ എസ് എല്‍ മത്സരം എന്ന് തുടങ്ങുമെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. സെപ്റ്റംബറില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്നതായാണ് ടീം പ്രതിനിധികള്‍ നല്‍കുന്ന സൂചനയെന്നും സി എന്‍ മോഹനന്‍ പറഞ്ഞു. പിച്ചൊരുക്കുന്നതിനായി പുല്ലുവെട്ടിക്കളയേണ്ടിവരുക മാത്രമേ ഉള്ളൂ എന്നും ഗ്രൗണ്ട് കുത്തിപ്പൊളിക്കേണ്ടിവരുകയില്ലന്നും അദ്ദേഹം പറഞ്ഞു.

സ്റ്റേഡിയം സംബന്ധിച്ചുള്ളത് കൂട്ടായ തീരൂമാനമാണെന്ന് കെ സി എ സെക്രട്ടറി ജയേഷ് ജോര്‍ജ് പറഞ്ഞു. ഗ്രൗണ്ട് ഒരുക്കാന്‍ നവംബര്‍ വരെ സമയമുണ്ട്.

കേരളത്തിന് അനുവദിച്ച മത്സരത്തിന്റെ വേദി തീരുമാനിക്കാനുള്ള അവകാശം കെ സി എക്കാണ്. രണ്ടു സ്റ്റേഡിയവും ബി സി സി ഐ അംഗീകരിച്ചതാണ്. കെ സി എയുടെ തീരുമാനം ബി സി സി ഐയെ അറിയിച്ചാല്‍ മാത്രം മതിയെന്നും ജയേഷ് പറഞ്ഞു.

ക്രിക്കറ്റും ഫു്ടബോളും നടക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്ന നിലപാടാണ് കെ എഫ് എയും യോഗത്തില്‍ എടുത്തത്. യോഗത്തില്‍ ശക്തമായ എതിര്‍പ്പറിയിക്കുമെന്ന് കരുതിയ ബ്ലാസ്റ്റേഴ്‌സ് അധികൃതര്‍ ചര്‍ച്ചയെ തന്നെ ഗൗരവമായിട്ടെടുത്തിരുന്നില്ല.

വിവാദമുണ്ടായാല്‍ മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റാനായിരുന്നു കെ സി എ യുടെ തീരുമാനം. എന്നാല്‍ യോഗത്തില്‍ എതിര്‍പ്പുകളുയാരാതിരുന്നതിനാല്‍ കെ സി എക്ക് തീരുമാനം കെ സി എ ക്ക് അനുകൂലമായി മാറുകയായിരുന്നു.
നവംബര്‍ ഒന്നിനാണ് ഇന്ത്യ വെസ്റ്റഇന്‍ഡിസ് ഏകദിന മല്‍സരം.

അതേസമയം, ഏകദിനം നടത്താനുള്ള നീക്കത്തെ എതിര്‍ത്തില്ലെന്ന വാദം തെറ്റാണെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. സെപ്റ്റംബറില്‍ മത്സരം ആരംഭിക്കാന്‍ സാധ്യതയുണ്ട്. ക്രിക്കറ്റ് മത്സരം വന്നാല്‍ ഹോം മത്സരങ്ങള്‍ വൈകിയേക്കുമെന്ന ആശങ്കയുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

ഗാംഗുലി ഫുട്‌ബോളിനൊപ്പം

ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസവും കേരള ബ്ലാസ്‌റ്റേഴ്‌സ് ഉടമയുമായ സച്ചിന്‍ ടെണ്ടുല്‍ക്കറും മത്‌സരം തിരുവനന്തപുരത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ മറ്റൊര മുന്‍ ഇതിഹാസ താരവും ഐഎസ്എല്ലില്‍ എടിക്കെയുടെ ഉടമകളിലൊരാളായ സൗരവ് ഗാംഗുലിയും സച്ചിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുന്നു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഗാംഗുലി സച്ചിന് പിന്തുണ അറിയിച്ചത്. ഞാന്‍ താങ്കള്‍ക്കൊപ്പാമാണ് സച്ചിന്‍. ബിസിസിഐ ദയവായി ഈ വിഷയത്തില്‍ ഇടപെടൂ. കെസിഎയ്ക്ക് മികച്ച ക്രിക്കറ്റ് ഗ്രൗണ്ടുകളുണ്ട് എന്നായിരുന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായ ഗാംഗുലിയുടെ ട്വീറ്റ്. നവംബര്‍ ഒന്നിനാണ് കൊച്ചിയില്‍ ഇന്ത്യ വിന്‍ഡീഡ് മല്‍സരം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
എന്നാല്‍ കഴിഞ്ഞ വര്‍ഷം അണ്ടര്‍ 17 ഫിഫ ലോകകപ്പിനായി തയ്യാറാക്കിയ ഫുട്‌ബോള്‍ ടര്‍ഫ് പൊളിക്കുന്നതിനെതിരേ പ്രതിഷേധം വ്യാപിക്കുകയായിരുന്നു. ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം.
ഫിഫയുടെ അംഗീകാരമുള്ള ഇന്ത്യയിലെ ആറു സ്‌റ്റേഡിയങ്ങളില്‍ ഒന്നു കൂടിയാണിത്. പ്രതിഷേധം രൂക്ഷമായതോടെ സംസ്ഥാന സര്‍ക്കാരും മല്‍സരം തിരുവനന്തപുരത്തേക്ക് മാറ്റുന്നതാണ് ഉചിതമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

---- facebook comment plugin here -----

Latest