ഐ പി എല്‍ ഉദ്ഘാടനത്തിന് ക്യാപ്റ്റന്‍മാരില്ല

Posted on: March 22, 2018 6:20 am | Last updated: March 22, 2018 at 12:24 am

ന്യൂഡല്‍ഹി: ഐ പി എല്‍ ഉദ്ഘാടന ചടങ്ങില്‍ ആറ് ക്യാപ്റ്റന്‍മാരും മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളും പങ്കെടുക്കില്ല. ഏപ്രില്‍ ഏഴിനാണ് ഉദ്ഘാടനം. തലേദിവസം എട്ട് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ പ്രത്യേക വീഡിയോ ഷൂട്ടിന് ഒരുമിക്കും.

കഴിഞ്ഞ സീസണ്‍ വരെ ഉദ്ഘാടന ചടങ്ങ് ആദ്യ മത്സരത്തിന്റെ തലേ ദിവസം നടത്തിയിരുന്നു. എട്ട് ഫ്രാഞ്ചൈസികളുടെയും ക്യാപ്റ്റന്‍മാര്‍ സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പ്രതിജ്ഞയെടുക്കുന്ന പതിവുണ്ടായിരുന്നു. ഇത്തവണ അതുണ്ടാകില്ല. പകരം വീഡിയോയിലൂടെ ക്യാപ്റ്റന്‍മാര്‍ പ്രതിജ്ഞാ സന്ദേശം കൈമാറും.മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമുകളുടെ മത്സരത്തോടെയാണ് ടൂര്‍ണമെന്റിന് തുടക്കമാകുന്നത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം മത്സരം ആരംഭിക്കും. അതുകൊണ്ടു തന്നെ രണ്ട് ടീമുകള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിക്കില്ല.

ഏപ്രില്‍ എട്ടിന് രണ്ട് മത്സരങ്ങളുണ്ട്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സും കിംഗ്‌സ് ഇലവന്‍ പഞ്ചാബും വൈകീട്ട് നാലിന് ഏറ്റുമുട്ടും.

രാത്രി എട്ടിന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലും. നാല് ടീമുകളുടെയും ക്യാപ്റ്റന്‍മാര്‍ക്ക് തലേദിവസം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്താല്‍ യാത്രാക്ഷീണം തിരിച്ചടിയാകും.