വിന്‍ഡീസ് ലോകകപ്പിന്

  • മഴനിയമം വിന്‍ഡീസിനെ രക്ഷിച്ചു - സ്‌കോട്ടിഷ് ടീം പുറത്തായത് അഞ്ച് റണ്‍സ് തോല്‍വിയില്‍
  • വിന്‍ഡീസ് 198ന് ആള്‍ ഔട്ട്
  • രണ്ട് തവണ ലോകചാമ്പ്യന്‍മാരായ വിന്‍ഡീസ് മുഖം രക്ഷിച്ചു
Posted on: March 22, 2018 6:17 am | Last updated: March 22, 2018 at 12:22 am
SHARE
സ്‌കോട്‌ലാന്‍ഡ് താരം പുറത്തായപ്പോള്‍ വീന്‍ഡീസ് ടീമിന്റെ ആഹ്ലാദം

ഹരാരെ: ഐ സി സി 2019 ലോകകപ്പിന് വെസ്റ്റിന്‍ഡീസ് യോഗ്യത നേടി. സ്‌കോട്‌ലന്‍ഡിനെ മഴ നിയമത്തില്‍ അഞ്ച് റണ്‍സിന് മറികടന്നാണ് വിന്‍ഡീസ് ലോകകപ്പ് യോഗ്യതാ കടമ്പ ചാടിയത്.

രണ്ട് തവണ ലോകചാമ്പ്യന്‍മാരായ വിന്‍ഡീസ് 198ന് ആള്‍ ഔട്ടായി. മറുപടി ബാറ്റിംഗില്‍ സ്‌കോട്‌ലാന്‍ഡ് 14.4 ഓവറില്‍ 125/5 വിക്കറ്റ് എന്ന നിലയില്‍ നില്‍ക്കവേ മഴയെത്തി. ഡിഎല്‍എസ് നിയമപ്രകാരം മത്സരം വിധിയെഴുതിയപ്പോള്‍ ജാസന്‍ ഹോള്‍ഡറുടെ വിന്‍ഡീസ് അട്ടിമറി ഒഴിവാക്കി; നാണക്കേടും.
സഫയാന്‍ ഷരീഫും ബ്രാഡ് വീലും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തിയത് വിന്‍ഡീസിന്റെ റണ്‍വേട്ട 198 ല്‍ ഒതുക്കി.
രണ്ട് റണ്‍സ് എടുക്കുമ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എവിന്‍ ലൂയിസ് (66), മര്‍ലോണ്‍ സാമുവല്‍സ് (51) എന്നിവര്‍ 121 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതാണ് വിന്‍ഡീസിനെ കരകയറ്റിയത്.

എക്കൗണ്ട് തുറക്കും മുമ്പെ ക്രിസ് ഗെയ്ല്‍ പുറത്തായത് ഞെട്ടലായി. ഷരീഫിനായിരുന്നു വിക്കറ്റ്. സ്ലിപ്പില്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ ഗെയില്‍ ഒതുങ്ങി. രണ്ടാം ഓവറിലും ഷരീഫ് അപകടം വിതച്ചു. ഷായ് ഹോപ്‌സിനെ പുറത്താക്കിക്കൊണ്ട്. 27 റണ്‍സിന് മൂന്ന് വിക്കറ്റാണ് ഷരീഫ് സ്വന്തമാക്കിയത്.
ഓഫ് സ്പിന്നര്‍ മൈക്കല്‍ ലീസ്‌ക് സാമുവല്‍സിനെയും ഷിംറോണ്‍ ഹെമിയറിനെയും പുറത്താക്കിയത് വിന്‍ഡീസിനെ 135/5 എന്ന നിലയിലേക്ക് തള്ളിയിട്ടു. എന്നാല്‍, കാര്‍ലോസ് ബ്രാതൈ്വറ്റിന്റെ 24 റണ്‍സ് വെടിക്കെട്ട് വിക്കറ്റ് വീഴ്ച്ചക്കിടയിലും വിന്‍ഡീസ് സ്‌കോര്‍ ഇരുനൂറിനടുത്തെത്തിച്ചു.
അഫ്ഗാന്‍ പ്രതീക്ഷ നിലനിര്‍ത്തി

പുറത്താവലിന്റെ വക്കിലായിരുന്ന അഫ്ഗാനിസ്താന്‍ അവസാന മല്‍സരങ്ങളിലെ മികച്ച പ്രകടനത്തോടെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് യോഗ്യത പ്രതീക്ഷ നിലനിര്‍ത്തി.

കഴിഞ്ഞ മല്‍സരത്തില്‍ യുഎഇയെ അഞ്ചു വിക്കറ്റിനാണ് അഫ്ഗാന്‍ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 43 ഓവറില്‍ 177 റണ്‍സിന് അഫ്ഗാന്‍ എറിഞ്ഞുവീഴ്ത്തി. അഞ്ചു വിക്കറ്റെടുത്ത സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാനാണ് അഫ്ഗാന്‍ ബൗളിങില്‍ മികച്ചു നിന്നത്.

മറുപടി ബാറ്റിങില്‍ 34.3 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാനിസ്താന്‍ ലക്ഷ്യത്തിലെത്തി. ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 54 റണ്‍സെന്ന നിലയിലേക്ക് കൂപ്പുകുത്തിയ അഫ്ഗാനെ ഗുലാബ്ദിന്‍ (74*), നജീബുള്ള (63*) എന്നിവരുടെ ഇന്നിങ്‌സുകളാണ് കരകയറ്റിയത്.

ഒമ്പത് ഓവറില്‍ 41 റണ്‍സ് വഴങ്ങിയാണ് റാഷിദ് അഞ്ചു പേരെ പുറത്താക്കിയത്. ഇതോടെ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 100 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറായി താരം മാറി. യോഗ്യതാറൗണ്ടില്‍ ഇനി ഒരു മല്‍സരം മാത്രമാണ് അഫ്ഗാന് ശേഷിക്കുന്നത്.

അടുത്ത കളിയില്‍ യുഎഇ സിംബാബ്‌വെയ്‌ക്കെതിരേ അട്ടിമറി ജയം നേടുന്നതിനൊപ്പം അയര്‍ലന്‍ഡിനെ അഫ്ഗാന്‍ തോല്‍പ്പിക്കുകയും ചെയ്താല്‍ അഫ്ഗാന്‍ ലോകകപ്പിനു യോഗ്യത നേടും.

അയര്‍ലന്‍ഡിനെതിരേ മികച്ച മാര്‍ജിനില്‍ ജയിക്കുകയെന്ന വെല്ലുവിളി കൂടി അഫ്ഗാനുണ്ട്. നിലവില്‍ സൂപ്പര്‍ സിക്‌സ് പോയിന്റ് പട്ടികയില്‍ അഞ്ചാംസ്ഥാനത്താണ് അഫ്ഗാന്‍. നാലു കളികളില്‍ രണ്ടെണ്ണത്തില്‍ ജയിച്ച അഫ്ഗാന്‍ രണ്ടെണ്ണത്തില്‍ പരാജയപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here