2007ല്‍ സിറിയന്‍ ആണവ റിയാക്ടര്‍ ബോംബിട്ട് തകര്‍ത്തതായി ഇസ്‌റാഈല്‍ വെളിപ്പെടുത്തല്‍

Posted on: March 22, 2018 6:12 am | Last updated: March 22, 2018 at 12:16 am
SHARE

ജറൂസലം: സിറിയന്‍ ആണവ റിയാക്ടറിന് നേരെ 2007ല്‍ വ്യോമാക്രമണം നടത്തിയതായി ഒടുവില്‍ ഇസ്‌റാഈലിന്റെ കുറ്റസമ്മതം. ദമസ്‌കസ് നഗരത്തിന്റെ 450 കിലോമീറ്റര്‍ വടക്കുള്ള ദേര്‍ അന്നൂറിലെ ആണവ റിയാക്ടറിന് നേരെ എഫ്-16, എഫ് 15 വിമാനങ്ങള്‍ ബോംബിട്ടെന്ന് ഇസ്‌റാഈല്‍ സൈന്യം പത്ത് വര്‍ഷത്തിന് ശേഷമാണ് വെളിപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇതു സംബന്ധിച്ച ചില സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും ആണവ റിയാക്ടറിന് നേരെ നടന്ന ആക്രമണത്തെ കുറിച്ച് വിശദവിവരങ്ങള്‍ പുറത്തുവിടരുതെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശമുണ്ടായിരുന്നു. 2007ല്‍ സിറിയയുടെ ആണവ റിയാക്ടറിന് നേരെ ഉണ്ടായ ആക്രമണം കൃത്യമായ സന്ദേശം നല്‍കുന്നുണ്ടെന്നും ഇസ്‌റാഈലിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്ന ഒരു സംവിധാനവും നിലനില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഇസ്‌റാഈല്‍ സൈനിക സ്റ്റാഫ് മേധാവി ഗാദി എയ്‌സന്‍കോട്ട് പറഞ്ഞു.

2007ലെ ആക്രമണം തങ്ങള്‍ നല്‍കിയ സന്ദേശമായിരുന്നു. ആ സന്ദേശം ഇന്നും നിലനില്‍ക്കുന്നുണ്ട്. അടുത്ത ഭാവിയിലും ഈ സന്ദേശത്തിന് പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആണവ റിയാക്ടറിന് നേരെയായിരുന്നു ആക്രമണമെന്നതിനാലാണ് സൈന്യം ഇപ്പോള്‍ അക്കാര്യം വെളിപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here