Connect with us

International

കാബൂളില്‍ ഇസില്‍ ഭീകരാക്രമണം; 29 മരണം

Published

|

Last Updated

പരുക്കേറ്റവരുമായി ആശുപത്രിയിലേക്ക് കുതിക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഇസില്‍ ഭീകരവാദികള്‍ നടത്തിയ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 52 പേര്‍ക്ക് പരുക്കേറ്റെന്നും ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ഇന്നലെ ഉച്ചക്കായിരുന്നു ആക്രമണം. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുത്തിട്ടുണ്ട്. കാബൂള്‍ യൂനിവേഴ്‌സിറ്റിയുടെയും അലി അബാദ് ആശുപത്രിയുടെയും സമീപത്തുവെച്ചായിരുന്നു ബോംബ് സ്‌ഫോടനം. ചാവേറാണ് ആക്രമണം നടത്തിയതെന്ന് അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വസന്തകാല തുടക്കത്തിന്റെ ഭാഗമായ നവ്‌റോസ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു ആക്രമണം. ആഘോഷങ്ങളുടെ മുന്നോടിയായി വേണ്ടത്ര സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം അഫ്ഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങളെയെല്ലാം വെല്ലുവിളിച്ചാണ് തീവ്രവാദികള്‍ ആക്രമണം ആസൂത്രണം ചെയ്തത്.

ഇത് തങ്ങളുടെ ദേശീയ ആഘോഷമാണെന്നും നഗരത്തില്‍ ഇതിന്റെ ഭാഗമായി നിരവധി പേര്‍ ഒത്തുകൂടിയിരുന്നതായും ദേശീയ സുരക്ഷാ നിരീക്ഷണ ഉദ്യോഗസ്ഥന്‍ ഹബീബ് വര്‍ദാക് പറഞ്ഞു.

ഈ വര്‍ഷം തുടക്കം മുതല്‍ അഫ്ഗാനില്‍ ഇസില്‍ തീവ്രവാദികളും താലിബാന്‍ തീവ്രവാദികളും നിരവധി ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. കാബൂളില്‍ മാത്രം വിവിധ ആക്രമണങ്ങളിലായി ഇരുനൂറിലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. കാബൂളില്‍ കഴിഞ്ഞ ദിവസം താലിബാന്‍ നടത്തിയ ആക്രമണത്തില്‍ മൂന്ന് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു.

അടുത്തിടെ അഫ്ഗാനിലെ സുപ്രധാന നഗരത്തിന്റെ നിയന്ത്രണം താലിബാന്‍ പിടിച്ചടക്കിയെങ്കിലും വൈകാതെ സൈന്യം നഗരം തിരിച്ചുപിടിച്ചിരുന്നു.