Connect with us

Kerala

ദിവ്യ എസ് അയ്യര്‍ വീണ്ടും ഭൂമിദാന വിവാദത്തില്‍

Published

|

Last Updated

തിരുവനന്തപുരം: വര്‍ക്കല ഭൂമിയിടപാടിന് പിന്നാലെ തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യര്‍ വീണ്ടും ഭൂമി ദാന വിവാദത്തില്‍. കാട്ടാക്കട മണ്ണൂര്‍ക്കര വില്ലേജിലെ പഞ്ചായത്ത് ചന്ത ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നല്‍കിയെന്നാണ് പുതിയ ആരോപണം. മണ്ണൂര്‍ക്കര അഫ്‌സല്‍ മന്‍സിലില്‍ എസ് നസീറിനാണ് ഭൂമി പതിച്ചു നല്‍കിയെന്ന വിവാദം ഉയര്‍ന്നത്. അരക്കോടിയിലേറെ വിലവരുന്ന പത്ത് സെന്റ് പുറമ്പോക്ക് ഭൂമിയാണ് ആറ് ലക്ഷം രൂപക്ക് പതിച്ചു നല്‍കിയത്. 1993 മുതല്‍ എട്ട് തവണ നസീര്‍ ഈ ഭൂമിക്കായി സര്‍ക്കാറിനെ സമീപിച്ചിരുന്നു. 2012 വരെ ഇയാളുടെ അപേക്ഷ തള്ളിയിരുന്നു. 2013ല്‍ ഇയാള്‍ ലാന്‍ഡ് റവന്യു കമ്മിഷണര്‍ക്ക് നേരിട്ട് അപ്പീല്‍ നല്‍കി. ഇതില്‍ തീര്‍പ്പ് കല്‍പ്പിക്കാന്‍ കമ്മിഷണര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഇതുപ്രകാരം 17.07.2017ല്‍ ആണ് ഭൂമി പതിച്ചു നല്‍കാന്‍ സബ് കലക്ടറുടെ ഉത്തരവ് വന്നത്. എന്നാല്‍ മുമ്പ് തഹസില്‍ദാറും ജില്ലാ കലക്ടര്‍മാരും ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അപേക്ഷ തള്ളിയ സംഭവം അന്വേഷിക്കാതെ ഏകപക്ഷീയമായാണ് സബ് കലക്ടര്‍ തീരുമാനമെടുത്തതെന്നാണ് ആരോപണം. ഇപ്പോള്‍ അരക്കോടിയിലേറെ വിലവരുന്ന വസ്തുവാണ് മാര്‍ക്കറ്റ് വില താഴ്ത്തിക്കാണിച്ച് 6,75,000 എന്ന തുകക്ക് പതിച്ചു നല്‍കിയിരിക്കുന്നത്. ഗുണഭോക്താവിനെ മാത്രം വിളിച്ച് ഹിയറിംഗ് നടത്തിയെന്ന ആരോപണവും സബ് കലക്ടര്‍ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. വര്‍ക്കല വിവാദത്തിന് സമാനമായാണ് ഈ സംഭവവും ഉയര്‍ന്നു വന്നത്. അതേസമയം, നിയമപ്രകാരമുള്ള ഇടപാടാണ് നടന്നതെന്നും സബ് കലക്ടര്‍ക്ക് പങ്കില്ലെന്നുമുള്ള വിശദീകരണവും പുറത്തുവന്നിട്ടുണ്ട്.