Connect with us

Kerala

സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ തട്ടിപ്പുകാരുടെ നുഴഞ്ഞു കയറ്റം

Published

|

Last Updated

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ ന്യൂനപക്ഷ വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പില്‍ തട്ടിപ്പ് കണ്ടെത്തിയതിന് പിന്നാലെ സംസ്ഥാന സര്‍ക്കാറിന്റെ സ്‌കോളര്‍ഷിപ്പ് പട്ടികയിലും തട്ടിപ്പ്. സംസ്ഥാനത്തെ അധ്യാപകരുടെ മക്കള്‍ക്കുള്ള സ്‌കോളര്‍പ്പിന്റെ പോര്‍ട്ടലിലാണ് അനര്‍ഹര്‍ നുഴഞ്ഞു കയറിയത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പണം കൈമാറുന്നതിന് തൊട്ടുമുമ്പാണ് തട്ടിപ്പ് കണ്ടെത്തിയത്. കോടിക്കണക്കിന് രൂപ സ്‌കോളര്‍ഷിപ്പിനായി മാറ്റിവച്ച ഘട്ടത്തിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്.

കോളജ് വിദ്യാഭ്യാസ ഡയറക്ടറുടെ കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നല്‍കി വരുന്ന നിരവധി സ്‌കോളര്‍ഷിപ്പുകളിലൊന്നിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇത് പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കോളജ് ഡയറക്ടര്‍ 24 പേരുടെ പട്ടികയില്‍ സൈബര്‍ സെല്ലിന് പരാതി നല്‍കിയിട്ടുണ്ട്.

അധ്യാപകരുടെ മക്കള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന സൈറ്റില്‍ ക്രമക്കേട് നടത്ത ഭീമമായ തുക തട്ടാനുള്ള ശ്രമമാണ് പിടികൂടിയത്. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള അധ്യാപകരുടെ മക്കളില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്ന പദ്ധതിയാണിത്.

പതിവ് രീതിയില്‍ വാര്‍ഷിക വരുമാനം നിശ്ചിത പരിധിയില്‍ കുറവുള്ള അധ്യാപകരുടെ മക്കള്‍ക്കാണ് ഈ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരിക്കുന്നത്. 24 പേര്‍ക്ക് അനധികൃതമായി സ്‌കോളര്‍ഷിപ്പ് അനുവദിച്ച കാര്യമാണ് വിദ്യാഭ്യാസ ഡയറക്ടുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇതേതുടര്‍ന്ന് അധികൃതര്‍ പട്ടികയിലുള്ള വിദ്യാര്‍ഥികളുമായി ബന്ധപ്പെടുകയായിരുന്നു. എന്നാല്‍ തങ്ങളാരും സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടില്ലെന്നായിരുന്നു അവരുടെ മറുപടി. ഈ വിദ്യാര്‍ഥികളുടെ മാതാപിതാക്കളാരും അധ്യാപകരുമല്ല.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ കീഴിലുള്ള സൈറ്റില്‍ നുഴഞ്ഞ് കയറി ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

---- facebook comment plugin here -----

Latest