ബി ജെ പി വിരുദ്ധ മുന്നണിയിലേക്ക് ഉണ്ടെങ്കില്‍ എം എന്‍ എസ് നയം വ്യക്തമാക്കണം: കോണ്‍ഗ്രസ്

Posted on: March 22, 2018 6:23 am | Last updated: March 22, 2018 at 12:04 am

മുംബൈ: ബി ജെ പി വിരുദ്ധ മുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എം എന്‍ എസ്) അതിന്റെ നയം വ്യക്തമാക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിക് റാവു താക്കറെ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര മുന്‍ സംസ്ഥാന അധ്യക്ഷനാണ് മണിക് റാവു. 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദി മുക്ത ഭാരതമാണ് സംഘടനയുടെ ലക്ഷ്യമെന്ന് കഴിഞ്ഞ ഞായറാഴ്ച എം എന്‍ എസ് മേധാവി രാജ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തോടുള്ള പ്രതികരണമായാണ് മണിക് റാവു താക്കറെയുടെ ആവശ്യം.
മഹാരാഷ്ട്രയില്‍ മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി നിലവില്‍ വന്ന പ്രസ്ഥാനമാണ് എം എന്‍ എസ്. 12 വര്‍ഷം മുമ്പ് ശിവസേനയുമായി തെറ്റിപ്പിരിഞ്ഞ് രാജ് താക്കറെ പുതിയ സംഘടന രൂപവത്കരിക്കുകയായിരുന്നു. ശിവസേനയില്‍ നിന്ന് വേര്‍പെട്ടെങ്കിലും പ്രാദേശിക വാദമല്ലാതെ തങ്ങളുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ എം എന്‍ എസ് തയ്യാറായിട്ടില്ലെന്ന് മണിക് റാവു താക്കറെ ചൂണ്ടിക്കാട്ടി.

മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തിപ്പിടിച്ച്, തികച്ചും പ്രാദേശിക അജന്‍ഡയുമായി കുടിയേറ്റ വിരുദ്ധ നിലപാട് തുടരുകയാണോ എം എന്‍ എസിന്റെ രാഷ്ട്രീയ പദ്ധതിയെന്ന് വിശദമാക്കാന്‍ രാജ് താക്കറെയോട് കോണ്‍ഗ്രസ് നേതാവ് ആവശ്യപ്പെട്ടു. ശിവസേനയെയും ബി ജെ പിയെയും വിമര്‍ശിക്കുന്നുണ്ടെങ്കിലും അവരില്‍ നിന്ന് ഒട്ടും ഭിന്നമല്ലാത്ത നിലപാടാണ് എം എന്‍ എസിന്റേത്. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ബി ജെ പി വിരുദ്ധ മുന്നണിയുടെ ഭാഗമാകുന്നുവെങ്കില്‍ അവര്‍ നിലപാട് തിരുത്തേണ്ടിവരുമെന്നും മണിക് റാവു താക്കറെ വ്യക്തമാക്കി. എന്‍ സി പി നേതാവ് ശരദ് പവാറും രാജ് താക്കറെയും അടുക്കുന്നുവെന്ന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയപ്പോള്‍ അതിനോട് നേരിട്ട് പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതാവ് തയ്യാറായില്ല.

അതേസമയം, ബി ജെ പി വിരുദ്ധ, കോണ്‍ഗ്രസ് ഇതര മുന്നണി യാഥാര്‍ഥ്യമായാലും അതോടൊപ്പം എം എന്‍ എസ് ഉണ്ടാകുമെന്ന് രാജ് താക്കറെയുമായി അടുപ്പമുള്ള നേതാവ് സൂചിപ്പിച്ചു. ശരദ് പവാര്‍ അല്ലാതെ നരേന്ദ്ര മോദിക്ക് പകരം വെക്കാന്‍ മറ്റൊരു നേതാവിനെ ചൂണ്ടിക്കാട്ടാനില്ലെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്ര മോദിയുടെ സ്ഥാനാര്‍ഥിത്വത്തെ സ്വാഗതം ചെയ്തയാളാണ് രാജ് താക്കറെ. ദേശീയ പാര്‍ട്ടി എന്ന നിലയില്‍ മൂന്നാം മുന്നണിയുടെ ഭാഗമാകാന്‍ കോണ്‍ഗ്രസ് തയ്യാറാകില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്ന ബി ജെ പി ഇതര പാര്‍ട്ടികളുടെ കൂട്ടായ്മയാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും എം എന്‍ എസ് വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു.
അതേസമയം, ശരദ് പവാറുമായുള്ള രാജ് താക്കറെയുടെ കൂടിക്കാഴ്ചക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നും കല്‍പ്പിക്കേണ്ടതില്ലെന്നാണ് എന്‍ സി പി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.