Connect with us

National

രാജ് ബബ്ബാര്‍ യു പി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു

Published

|

Last Updated

ലക്‌നോ: ഉത്തര്‍ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ രാജ് ബബ്ബാര്‍ തത്സ്ഥാനം രാജി വെച്ചു. അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹം തന്നെയാണ് രാജിക്കാര്യം വാര്‍ത്താ ഏജന്‍സിയുമായി പങ്കുവെച്ചത്. കോണ്‍ഗ്രസില്‍ പുനഃക്രമീകരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും പുതുതായി പാര്‍ട്ടി എന്ത് പദവി ഏല്‍പ്പിച്ചാലും ഏറ്റെടുക്കുമെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുമെന്നും ബബ്ബാര്‍ പ്രതികരിച്ചു.

ഉത്തര്‍ പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണോ രാജി എന്ന ചോദ്യത്തോട് ബബ്ബാറിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു: “എനിക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പാര്‍ട്ടി പ്രസിഡന്റിനെ അറിയിക്കും. കോണ്‍ഗ്രസന് തോല്‍വി സംഭവിച്ചു കൊണ്ടിരിക്കുകയാണ്.” അടുത്തിടെ, ഉത്തര്‍ പ്രദേശിലെ ഗോരഖ്പൂര്‍, ഫൂല്‍പൂര്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ദയനീയ പരാജയം ഏറ്റുവാങ്ങിയ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും നഷ്ടമായിരുന്നു. ഇത് പാര്‍ട്ടിക്കുള്ളില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തുകയും ചെയ്തു.

കഴിഞ്ഞ ഞായറാഴ്ച അവസാനിച്ച കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ശേഷം സംസ്ഥാന അധ്യക്ഷ പദം രാജിവെക്കുന്ന രണ്ടാമത്തെ നേതാവാണ് രാജ് ബബ്ബാര്‍. പാര്‍ട്ടിയെ നയിക്കാന്‍ കൂടുതല്‍ യുവാക്കള്‍ മുന്നോട്ടുവരണമെന്ന് സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ഈ പ്രഖ്യാപനത്തിന് പിന്നാലെ ഗോവ കോണ്‍ഗ്രസ് അധ്യക്ഷന്‍ ശാന്താറാം നായിക്കാണ് ആദ്യം രാജി വെച്ചത്. പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ പ്രസംഗത്തിന്റെ സത്ത ഉള്‍ക്കൊണ്ടാണ് തന്റെ രാജിയെന്ന് ചൊവ്വാഴ്ച നായിക്ക് വ്യക്തമാക്കിയിരുന്നു.

രാജ് ബബ്ബാര്‍ രാജി പ്രഖ്യാപിച്ചെങ്കിലും ലക്‌നോവിലെ പാര്‍ട്ടി ആസ്ഥാനത്ത് വരാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഏഴ് എം എല്‍ എമാരുള്ള കോണ്‍ഗ്രസ്, തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയായ ബി എസ് പിയിലെ ബി ആര്‍ അംബേദ്കറെ പിന്തുണക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

 

Latest