Connect with us

National

ജയലളിതയുടെ ആശുപത്രി വാസം: വെളിപ്പെടുത്തലുമായി ശശികല

Published

|

Last Updated

ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ (ഫയല്‍)

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബെംഗളൂരു വിചാരണാ കോടതി കുറ്റക്കാരിയായി കണ്ടെത്തിയതിന് ശേഷം 2014 സെപ്തംബറിനും 2016 സെപ്തംബറിനുമിടയില്‍ അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത 20 ഡോക്ടര്‍മാരില്‍ നിന്ന് ചികിത്സ തേടിയിരുന്നതായി തോഴി വി കെ ശശികല. ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഈ വെളിപ്പെടുത്തല്‍. ശശികല കഴിഞ്ഞ ആഴ്ച സത്യവാങ്മൂലം സമര്‍പ്പിച്ച കാര്യം അവരുടെ അഭിഭാഷകന്‍ രാജ സെന്തൂര്‍ പാണ്ഡ്യന്‍ സ്ഥിരീകരിച്ചു. 55 താളുകളും 90 പാരഗ്രാഫും വരുന്ന സത്യവാങ്മൂലമാണ് സമര്‍പ്പിച്ചിരിക്കുന്നത്.

2016 സെപ്തംബര്‍ 22ന് രാത്രി ഒമ്പതിന് ജയലളിത കുളിമുറിയില്‍ ബോധരഹിതയായി വീണെന്നും താന്‍ അവരെ എടുത്ത് ആദ്യം കിടക്കയില്‍ കിടത്തിയെന്നും പിന്നീട് ചെന്നൈ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയെന്നും സത്യവാങ്മൂലത്തില്‍ ശശികല പറയുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട് പിറ്റേന്ന് മാത്രമാണ് ജയലളിതക്ക് ബോധം തിരിച്ചുകിട്ടിയത്. ആരോഗ്യം മെച്ചപ്പെട്ടതിന് പിന്നാലെ അവരെ സെപ്തംബര്‍ 26ന് എമര്‍ജന്‍സി റൂമില്‍ നിന്ന് അതീവ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ബോധമുണ്ടായിരുന്നെങ്കില്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സമ്മതിക്കില്ലായിരുന്നുവെന്ന് അവിടെ വെച്ച് ജയലളിത പറഞ്ഞിരുന്നുവെന്നും ശശികല അവകാശപ്പെടുന്നു.

അപ്പോളോ ആശുപത്രിയിലെത്തി ജയലളിതയെ സന്ദര്‍ശിച്ച തമിഴ്‌നാട് മന്ത്രിമാരുടെയും എ ഐ എ ഡി എം കെ നേതാക്കളുടെയും പട്ടികയും ശശികല സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. തൊഴില്‍ മന്ത്രി നിലോഫര്‍ കഫീല്‍, ലോക്‌സഭാ ഉപാധ്യക്ഷന്‍ എം തമ്പിദുരൈ എന്നിവരുടെ പേരുകള്‍ പട്ടികയിലുണ്ട്. അന്നത്തെ സംസ്ഥാന ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവു രണ്ട് തവണയാണ് ജയലളിതയെ കാണാന്‍ ആശുപത്രിയിലെത്തിയത്. ചില്ല് കൂട്ടിനുള്ളില്‍ നിന്ന് ജയലളിത കൈവീശി ഗവര്‍ണറെ അഭിവാദ്യം ചെയ്തിരുന്നെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
സെപ്തംബര്‍ 27ന് ചീഫ് സെക്രട്ടറി രാമമോഹന്‍ റാവു, ഷീലാ ബാലകൃഷ്ണന്‍ എന്നിവരുമായി താന്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. അതിന് തൊട്ടടുത്ത ദിവസമാണ് ജയലളിതയുടെ ആരോഗ്യം വഷളായത്. പിന്നാലെ എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരെത്തി അവരെ പരിശോധിച്ചു. പത്ത് ദിവസം കൊണ്ട് ആരോഗ്യം മെച്ചപ്പെട്ടപ്പോള്‍ ശരീരത്തില്‍ ഉണ്ടായിരുന്ന ട്യൂബുകള്‍ അവര്‍ സ്വയം നീക്കം ചെയ്യുകയായിരുന്നു.

പിന്നീട് ചെറിയ വ്യായാമങ്ങള്‍ ചെയ്യാന്‍ ആരംഭിച്ച ജയലളിത ലഘു ഭക്ഷണം കഴിച്ചുതുടങ്ങിയിരുന്നു. ആയിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ സത്യവാങ്മൂലത്തില്‍ എ ഐ എ ഡി എം കെ മേധാവി എന്ന നിലയില്‍ ജയലളിത വിരലടയാളം പതിച്ചത് പൂര്‍ണ ബോധത്തില്‍ തന്നെയായിരുന്നു. പാര്‍ലിമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ പാര്‍ട്ടി അംഗങ്ങള്‍ സ്വീകരിക്കേണ്ട നിലപാട് സംബന്ധിച്ച നിര്‍ദേശങ്ങളടങ്ങിയ കുറിപ്പ് അവര്‍ നല്‍കിയിരുന്നു. അതിന്റെ പകര്‍പ്പ് ജയലളിതയുടെ വസതിയായിരുന്ന പോയസ് ഗാര്‍ഡനില്‍ ഉണ്ടായിരുന്നുവെന്നും ശശികല പറയുന്നു.

തന്റെ അനുവാദമില്ലാതെ ആരെയും ആശുപത്രി മുറിയിലേക്ക് കടത്തിവിടരുതെന്ന് ജയലളിതക്ക് നിര്‍ബന്ധമുണ്ടായിരുന്നു. താന്‍ പൂര്‍ണ ആരോഗ്യത്തോടെ വീട്ടില്‍ തിരിച്ചെത്തിയ ശേഷം സന്ദര്‍ശകരെ അനുവദിച്ചാല്‍ മതിയെന്നും ജയലളിത പറഞ്ഞിരുന്നതായി ശശികലയുടെ സത്യവാങ്മൂലത്തില്‍ അവകാശപ്പെടുന്നു.