Connect with us

Kerala

ഓക്‌സിജന്‍ തീര്‍ന്ന് രോഗിയുടെ മരണം: വീഴ്ചയില്ലെന്ന് സൂപ്രണ്ട്

Published

|

Last Updated

തൃശൂര്‍: ഓക്‌സിജന്‍ തീര്‍ന്നതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ രോഗി മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന് തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. രോഗിയെ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയ ആംബുലന്‍സില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ഉണ്ടായിരുന്നുവെന്ന റിപ്പോര്‍ട്ട് സൂപ്രണ്ട് ഡി എം ഒക്ക് കൈമാറി. വിഷയവുമായി ബന്ധപ്പെട്ട് ഡി എം ഒയും കോര്‍പറേഷന്‍ മേയറും വിശദീകരണം ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണിത്.

കിഴക്കുംപാട്ടുകര സ്വദേശി പരേതനായ കരേരക്കാട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ കെ കെ സെബാസ്റ്റ്യന്‍ (64) ആണ് ഇന്നലെ മരിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിനിടെയാണ് മരണം. ആശുപത്രി അധികൃതര്‍ സിലിന്‍ഡര്‍ നല്‍കാതിരുന്നതാണ് മരണത്തിനിടയാക്കിയതെന്ന് ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.

ശ്വാസംമുട്ട് ബാധിച്ച് ഏറെനാളായി അമല മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന സെബാസ്റ്റ്യനെ മൂന്ന് ദിവസം മുമ്പാണ് തൃശൂര്‍ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തു. രാവിലെ 11.30ഓടെ ജില്ലാ ആശുപത്രിയുടെ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. ഓക്‌സിജന്‍ മാസ്‌ക് ധരിച്ചിരുന്നെങ്കിലും നേരത്തെ ഘടിപ്പിച്ചിരുന്ന ഓക്‌സിജന്‍ സിലിന്‍ഡര്‍ ഐ സി യുവിലേതായതിനാല്‍ നീക്കം ചെയ്തു. ആംബുലന്‍സില്‍ ഓക്‌സിജന്‍ സിലിന്‍ഡര്‍ ഉണ്ടെന്നായിരുന്നു അധികൃതരുടെ വിശദീകരണം. യാത്ര തുടങ്ങി രണ്ട് കിലോമീറ്റര്‍ പിന്നിടുമ്പോഴേക്കും ആംബുലന്‍സിലെ ഓക്‌സിജന്‍ തീരുകയായിരുന്നു. പരിചരണത്തിന് നഴ്‌സിനെ അയച്ചില്ലെന്നും ഒരു അറ്റന്‍ഡര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും സെബാസ്റ്റ്യന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് യൂത്ത് കോ ണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജില്ലാ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി.

 

Latest