Connect with us

Kerala

ബൈപാസിന് ബദലുണ്ട്, നെല്‍വയലിന് ബദലില്ലെന്ന് എ ഐ വൈ എഫ്

Published

|

Last Updated

എ ഐ വൈ എഫ് സംഘം സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തില്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിക്കുന്നു

തളിപ്പറമ്പ് (കണ്ണൂര്‍): ബൈപാസിന് ബദലുണ്ട്, പക്ഷേ നെല്‍വയലിന് ബദലില്ലെന്ന് എ ഐ വൈ എഫ്. നെല്‍വയല്‍ നികത്തി വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാന്‍ പിടിവാശി ഉപേക്ഷിച്ച് സര്‍ക്കാര്‍ ചര്‍ച്ച നടത്തണമെന്ന് എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരകേന്ദ്രത്തിലെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപാത വികസിപ്പിക്കണമെന്ന കാര്യത്തില്‍ എ ഐ വൈ എഫ് ഒരിക്കലും എതിരല്ല. എന്നാല്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാണിച്ചതുപോലെ ബദല്‍ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. കീഴാറ്റൂരീലെ സമരം ഒരു പ്രാദേശിക സമരമായല്ല എ ഐ വൈ എഫ് കാണുന്നത്. കേരളത്തിലാകമാനം നെല്‍വയല്‍ നീര്‍ത്തട സംരക്ഷണത്തിന് വേണ്ടി നടക്കുന്ന ചെറുതും വലുതുമായ സമരങ്ങളുടെ തുടര്‍ച്ചയായാണ്. കീഴാറ്റൂരിലെ ജനത നടത്തുന്ന ഈ സമരം വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. സമരത്തിന്റെ ആദ്യഘട്ടം മുതല്‍ എ ഐ വൈ എഫ് വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു.

ചിറവക്ക് മുതല്‍ ഏഴാംമൈല്‍ വരെ ഫ്‌ളൈഓവര്‍ എന്ന ബദല്‍ നിര്‍ദ്ദേശമാണ് പ്രായോഗികം. അത് വിശദമായ തുടര്‍പഠനങ്ങള്‍ക്ക് ശേഷം നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. 2008ല്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ എല്ലാവരും അതിനെ സ്വാഗതം ചെയ്തത് അതിവിദൂരമല്ലാത്ത കുടിവെള്ള ക്ഷാമത്തിന്റെ കാലത്തെക്കുറിച്ചുള്ള ഭീതിയുടെ അടിസ്ഥാനത്തിലായിരുന്നു. ആ നിലപാടില്‍ തന്നെ ഉറച്ചുനിന്നുകൊണ്ട് എല്‍ ഡി എഫ് സര്‍ക്കാര്‍ കീഴാറ്റൂരിലെ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ബദല്‍ നിര്‍ദേശം നടപ്പാക്കാണമെന്ന് മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെയാണ് എ ഐ വൈ എഫ് നേതാക്കള്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചത്. സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയുമുള്‍പ്പെടെ വയല്‍ക്കിളി നേതാക്കള്‍ ഇവരെ സ്വീകരിച്ചു. എ ഐ വൈ എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ. എം എസ് നിഷാദ്, ജില്ലാ പ്രസിഡന്റ് അഡ്വ. എം സി സജീഷ്, ജില്ല സെക്രട്ടറി കെ വി രജീഷ്, നേതാക്കളായ അഡ്വ. കെ പി സജീഷ്, കെ വി സാഗര്‍, ശ്രീജിത്ത് കുഞ്ഞിമംഗലം, കെ ആര്‍ ചന്ദ്രകാന്ത്, എം രഘുനാഥ്, ഇ ലിജേഷ് സംഘത്തിലുണ്ടായിരുന്നു.