Connect with us

Kerala

എസ് ബി ടി ചെക്കുകള്‍ 31ന് ശേഷം ഉപയോഗിക്കാനാകില്ല

Published

|

Last Updated

തിരുവനന്തപുരം: എസ് ബി ഐ- എസ് ബി ടി ലയനം പൂര്‍ത്തിയായതിന് ശേഷം നീട്ടിനല്‍കിയ ചെക്ക് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഈ മാസം 31ന് അവസാനിക്കും. അടുത്തമാസം ഒന്ന് മുതല്‍ എസ് ബി ടി ഉള്‍പ്പെടെ എസ് ബി ഐയില്‍ ലയിച്ച അസോസിയേറ്റ് ബേങ്കുകളുടെ പേരിലുള്ള ചെക്കുകള്‍ ഉപയോഗിക്കാനാകില്ല. എസ് ബി ഐയില്‍ ലയിച്ച ഭാരതീയ മഹിളാ ബേങ്കിന്റെ ചെക്കുകളും മാര്‍ച്ച് 31ന് ശേഷം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. എസ് ബി ഐ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം ഉപഭോക്താക്കളെ അറിയിച്ചത്.

നേരത്തെ 2017 ഡിസംബര്‍ 31 വരെയായിരുന്നു പഴയ ചെക്കുകളുടെ കാലാവധി നിശ്ചയിച്ചിരുന്നത്. പിന്നീട് ഈ മാസം 31 വരെ നീട്ടി നല്‍കുകയായിരുന്നു. പഴയ ചെക്കുകള്‍ കൈവശമുള്ളവര്‍ ഉടന്‍ തന്നെ അപേക്ഷ നല്‍കി പുതിയ ചെക്ക്ബുക്ക് കൈപ്പറ്റണമെന്ന് എസ് ബി ഐ അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് ബേങ്കിംഗ്, മൊബൈല്‍ ബേങ്കിംഗ്, എ ടി എം എന്നിവ വഴി പുതിയ ചെക്ക്ബുക്കിന് അപേക്ഷിക്കാനാകും.

അതേസമയം, ചെക്ക്ബുക്ക് ഉപയോഗിക്കുന്നതിനുള്ള സമയപരിധി ഇനി നീട്ടുകയില്ലെന്ന് ബേങ്ക് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. അസോസിയേറ്റ് ബേങ്കുകളുടെ ലയനത്തെ തുടര്‍ന്ന് എസ് ബി ഐ 1300ല്‍ പരം ശാഖകളുടെ ഐ എഫ് എസ് സി കോഡ് മാറ്റിയിയിരുന്നു. ഇതുകൊണ്ടാണ് പഴയ ചെക്കുകള്‍ ഉപയോഗിക്കാന്‍ കഴിയാത വരുന്നത്. എസ് ബി ടിക്ക് പുറമെ സ്റ്റേറ്റ് ബേങ്ക് ഓഫ് ബിക്കാനീര്‍, സ്റ്റേറ്റ് ബേങ്ക് ഓഫ് പട്യാല, സ്റ്റേറ്റ് ബേങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബേങ്ക് ഓഫ് റായ്പൂര്‍ എന്നീ ബേുകളാണ് എസ് ബി ഐയില്‍ ലയിച്ചത്.