സ്‌കൂളുകള്‍ തിടുക്കപ്പെട്ട് പൂട്ടില്ല

Posted on: March 22, 2018 6:06 am | Last updated: March 21, 2018 at 11:33 pm

തിരുവനന്തപുരം: അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ ഒറ്റയടിക്ക് അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ സര്‍ക്കാറിന് പുനരാലോചന. പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെടുത്താനാണെന്ന വാദം ആവര്‍ത്തിക്കുമ്പോഴും അടച്ചുപൂട്ടല്‍ വന്‍ പ്രത്യാഘാതത്തിന് വഴിവെക്കുമെന്ന് കണ്ടതോടെയാണ് വിദ്യാഭ്യാസ വകുപ്പ് നിലപാട് മയപ്പെടുത്തിയത്. അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഇക്കാര്യത്തില്‍ തിടുക്കത്തില്‍ തീരുമാനമെടുക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിയമസഭയില്‍ വ്യക്തമാക്കി.

അംഗീകാരമില്ലാത്ത 1,585 അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കിയത്. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടിപറയവെയാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ 1,066 എണ്ണത്തിനാണ് സര്‍ക്കാറിന്റെ അംഗീകാരമുള്ളത്. അംഗീകാരത്തിനായി 1,194 സ്‌കൂളുകള്‍ അപേക്ഷ നല്‍കിയതില്‍ 359 സ്‌കൂളുകള്‍ക്ക് 2013ല്‍ അംഗീകാരം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിരവധി പരാതികളും വിശദീകരണങ്ങളും സര്‍ക്കാറിന് ലഭിച്ചിട്ടുണ്ട്. അംഗീകാരം ലഭിക്കാന്‍ യോഗ്യതയുള്ളവര്‍ക്ക് അത് ലഭിച്ചില്ലെന്ന പരാതിയുണ്ട്. ചിലര്‍ കോടതിയെ സമീപിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചും കോടതി വിധി പരിഗണിച്ചും അന്തിമ തീരുമാനമെടുക്കും.

ചില അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും തുച്ഛമായ ശമ്പളവും വിദ്യാര്‍ഥികളില്‍ നിന്ന് വന്‍ തുക ഫീസും വാങ്ങുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊതുവിദ്യാഭ്യാസ രംഗത്ത് ക്രിസ്ത്യന്‍ മിഷനറിമാരും മറ്റു സാമുദായിക സംഘടനകളും ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ സംഭാവനകള്‍ വലുതാണെന്ന് മന്ത്രി പറഞ്ഞു.

2016 മാര്‍ച്ച് 16ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ സംബന്ധിച്ച് ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്. അതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്ക് നോട്ടീസ് നല്‍കിയത്. സ്‌കൂളുകള്‍ക്ക് പശ്ചാത്തല സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് രണ്ട് വര്‍ഷത്തെ സാവകാശം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.