റീ സര്‍വേ ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പിടിച്ചെടുത്തു

താലൂക്ക് ഓഫീസ് ജീവനക്കാരന് സസ്‌പെന്‍ഷന്‍
Posted on: March 22, 2018 6:05 am | Last updated: March 21, 2018 at 11:31 pm

തിരുവനന്തപുരം: കിഴക്കേകോട്ടയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് താലൂക്ക് ഓഫീസിലെ റീ സര്‍വേ ഫയലുകള്‍ റവന്യൂ വിജിലന്‍സ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മുണ്ടക്കയം താലൂക്ക് ഓഫീസിലെ സര്‍വേയര്‍ ക്രിസ്തുദാസിനെ സസ്‌പെന്‍ഡ് ചെയ്തു. താലൂക്ക് ഓഫീസില്‍ നിന്ന് റീസര്‍വേയുമായി ബന്ധപ്പെട്ട ഫയലുകള്‍ അപ്രത്യക്ഷമാകുന്നത് സംബന്ധിച്ച് റവന്യൂ വിജിലന്‍സിന് നേരത്തെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയത്. കിഴക്കേകോട്ടയിലുള്ള വില്ലേജ് ഓഫീസിന് സമീപമുള്ള സ്വകാര്യ സ്ഥാപനത്തില്‍ ഈ ഫയലുകള്‍ എത്തുന്നതായും വിജിലന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. സര്‍വീസില്‍ നിന്ന് വിരമിച്ച ചില സര്‍വേ ഉദ്യോഗസ്ഥര്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അഴിമതി ഇടപാടുകള്‍ നടത്തുന്നതിനാണ് ഫയലുകള്‍ സ്വകാര്യ സ്ഥാപനത്തിലെത്തിച്ചത്.

വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയില്‍ നാല്‍പ്പതിലധികം ഫയലുകളാണ് കണ്ടെടുത്തത്. സര്‍വേ വകുപ്പില്‍ നിന്ന് വിരമിച്ച അസിസ്റ്റന്റ് ഡയറക്ടറാണ് ഈ സ്വകാര്യ സ്ഥാപനം നടത്തുന്നത്. ഇടുക്കി ജില്ലയിലെ ഒരു സര്‍വേ ഉദ്യോഗസ്ഥനും അവധിയെടുത്ത് ഇതില്‍ പങ്കാളിയായി പ്രവര്‍ത്തിച്ചുവെന്നും വിജിലന്‍സ് കണ്ടെത്തി. താലൂക്ക് ഓഫീസില്‍ നിന്ന് ഫയലുകള്‍ എങ്ങനെ സ്വകാര്യ സ്ഥാപനത്തിലെത്തിയെന്നത് സംബന്ധിച്ചും അന്വേഷണം നടത്തേണ്ടതുണ്ട്. താലൂക്ക് ഓഫീസില്‍ പഴയ ഫയലുകള്‍ സൂക്ഷിക്കുന്നതിന് സുരക്ഷിതമായ സംവിധാനം ഇപ്പോഴുമില്ല. ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച ഫയലുകള്‍ പരിശോധിച്ചപ്പോഴും ആദ്യം ഭൂമി നല്‍കിയ ഫയലും മറ്റും കണ്ടെത്താനായില്ല. പഴയ റവന്യൂ രേഖകള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതാണ് ഫയലുകള്‍ ചോരുന്നതിന് വഴിയൊരുക്കുന്നത്. പരിശോധന പൂര്‍ത്തിയായെങ്കില്‍ മാത്രമേ പൂര്‍ണ വിവരം ലഭിക്കുകയുള്ളൂവെന്ന് ഉന്നത റവന്യൂ ഉദ്യോഗസ്ഥര്‍ പറഞ്ഞു.