മൊസൂളിലെ കൂട്ടക്കുരുതി

Posted on: March 22, 2018 6:02 am | Last updated: March 21, 2018 at 9:48 pm

ഞെട്ടലോടെയാണ് ഐ എസിന്റെ പിടിയിലായ ഇന്ത്യന്‍ തൊഴിലാളികള്‍ കൊല്ലപ്പെട്ടതാണെന്ന വിവരം രാജ്യം ശ്രവിച്ചത്. ഇറാഖില്‍ ഐ എസ് ആക്രമണം രൂക്ഷമായ ഘട്ടത്തില്‍ 2014 ജൂണ്‍ 11 ന് രാത്രിയാണ് മൊസൂളിലെ ഒരു തുര്‍ക്കി നിര്‍മാണ കമ്പനിയിലെ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരായ 39 തൊഴിലാളികളെ ഐ എസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. പിന്നീട് ഇവരെക്കുറിച്ച് ഔദ്യോഗികമായി ഒരു വിവരവുമില്ലായിരുന്നു. മാസങ്ങള്‍ക്ക് ശേഷം ബാദുഷിലെ ഒരു കൂട്ടക്കുഴിമാടത്തില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ ഇന്ത്യന്‍ തൊഴിലാളികളുടേതാണെന്ന് ഡി എന്‍ എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ചൊവ്വാഴ്ചയാണ് പാര്‍ലിമെന്റില്‍ അറിയിച്ചത്. ഇവരില്‍ 27 പേര്‍ പഞ്ചാബികളും ആറ് പേര്‍ ബിഹാര്‍ സ്വദേശികളും നാല്‌പേര്‍ ഹിമാചല്‍ പ്രദേശില്‍നിന്നും രണ്ട്‌പേര്‍ പശ്ചിമ ബംഗാളില്‍നിന്നുമുള്ളവരാണ്.

തൊഴിലാളികളെ തട്ടിക്കൊണ്ടു പോയതും 46 ഇന്ത്യന്‍ നഴ്‌സുമാരെ ഐ എസ് ഭീകരര്‍ തിക്രിത്തില്‍ തടഞ്ഞുവെച്ചതും ഏതാണ്ട് ഒരേ ഘട്ടത്തിലായിരുന്നു. കേരളീയരായിരുന്നു നഴ്‌സുമാരില്‍ 41പേരും. സംസ്ഥാനത്തെ അന്നത്തെ യു ഡി എഫ് സര്‍ക്കാര്‍ പ്രത്യേക താത്പര്യമെടുത്ത് കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തി ഇവരെ സുരക്ഷിതമായി തിരിച്ചെത്തിച്ചു. കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെയും ഇറാഖിലെ ഇന്ത്യന്‍ എംബസിയിലെ മലയാളികളായ ഉന്നത ഉദ്യോഗസ്ഥരടക്കമുള്ളവരുടെയും തന്ത്രപരമായ ഇടപെടലിലൂടെയും ചടുല നീക്കങ്ങളിലൂടെയുമാണ് ഇവരെ സാഹസികമായി നാട്ടിലെത്തിച്ചത്. ക്രിസ്ത്യാനികളായ ഈ നഴ്‌സുമാരെ രക്ഷിച്ച് കേരളത്തിലേക്ക് മടക്കി കൊണ്ടുവന്നത് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറാണെന്നും ഇത് തങ്ങളുടെ നയതന്ത്രപരമായ വിജയമാണെന്നും മേഘാലയയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ ബെല്‍റ്റുകളില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി നരന്ദ്രമോദി അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ തടവിലായ ഉത്തരേന്ത്യന്‍ തൊഴിലാളികളെ മോചിപ്പിക്കാന്‍ എന്തേ സര്‍ക്കാറിനായില്ല? സംഭവം നടക്കുന്ന കാലത്ത് മൊസൂള്‍ പൂര്‍ണമായും ഐ എസിന്റെ പിടിയിലായിരുന്നതിനാല്‍ നയതന്ത്രനീക്കങ്ങളൊന്നും കാര്യമായി നടക്കാത്തതാണ് അന്ന് തൊഴിലാളികളെ മോചിപ്പിക്കുന്നതിന് തടസ്സമായി സര്‍ക്കാര്‍ പറഞ്ഞിരുന്നത്.തടവിലാക്കിയ തൊഴിലാളികളെ തീവ്രവാദികള്‍ എവിടെയാണ് പാര്‍പ്പിച്ചതെന്ന് കൃത്യമായ വിവരമുണ്ടായിരുന്നില്ലെന്നും അധികൃതര്‍ വിശദീകരിക്കുന്നു. യഥാര്‍ഥത്തില്‍ രാജ്യാന്തര ബന്ധങ്ങളിലെയും വിവര ശേഖരണത്തിനുള്ള സംവിധാനങ്ങളുടെയും അപര്യാപ്തതയിലുള്ള ഭരണ നേതൃത്വത്തിന്റെ ഒരു കുറ്റസമ്മതമാണിത്.

അതിനിടെ തടവിലാക്കപ്പെട്ട തൊഴിലാളികളെ ഭീകരര്‍ വെടിവെച്ചു കൊന്നതായും അതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ഐ എസ് തടവില്‍നിന്നു രക്ഷപ്പെട്ടെത്തിയ പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശി ഹര്‍ജിത് മസിഹ് വെളിപ്പെടുത്തിയിരുന്നു. എല്ലാവരേയും ഒരു റെയില്‍വേ ട്രാക്കിന് സമീപം മുട്ടു കുത്തിയിരുത്തി വെടിവെച്ചു കൊല്ലുകയായിരുന്നുവത്രെ. 2015 ലായിരുന്നു ഭീകരരുടെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് മസിഹ് ഇന്ത്യയില്‍ എത്തിയത്. എന്നാല്‍ അധികൃതര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വിശ്വാസത്തിലെടുത്തില്ല. മാത്രമല്ല, ഹര്‍ജിത് മസിഹ് നുണ വിളിച്ചു പറഞ്ഞു ജനങ്ങളില്‍ ആശങ്ക സൃഷ്ടിക്കുകയാണെന്നാരോപിച്ചു അദ്ദേഹത്തെ അറസ്റ്റ് ചെയ്തു ജയിലിിടക്കുകയും ചെയ്തു. മസിഹിന്റെ വെളിപ്പെടുത്തലിന് ശേഷവും അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന മട്ടിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ സംസാരിച്ചത്. തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു രാജ്യത്തലവനും മറ്റൊരു രാജ്യത്തെ വിദേശകാര്യ മന്ത്രിയും നല്‍കിയ വിവരങ്ങളനുസരിച്ച് അവരെ രക്ഷിക്കുന്ന കാര്യത്തില്‍ സര്‍ക്കാറിന് ആത്മവിശ്വാസം ഉണ്ടെന്നും കഴിഞ്ഞ ജൂലൈ 27ന് സുഷമാ സ്വരാജ് പാര്‍ലിമെന്റില്‍ പറഞ്ഞിരുന്നു.

മസിഹ് പറഞ്ഞത് ശരിയായിരുന്നുവെന്ന് ഇപ്പോള്‍ ബോധ്യപ്പെട്ടിരിക്കെ, സര്‍ക്കാറിന്റെ കഴിഞ്ഞ കാല നടപടികളിലും നിലപാടുകളിലും ദുരൂഹതയുണ്ട്. നഴ്‌സുമാരുടെ കാര്യത്തില്‍ കാണിച്ച നയതന്ത്ര മികവ് ഇവരുടെ കാര്യത്തില്‍ കാണിച്ചില്ല. തടവിലായ തൊഴിലാളികളെ കുറിച്ചറിയാന്‍ സിറിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി വിദേശകാര്യ മന്ത്രാലയം നിരന്തര സമ്പര്‍ക്കം നടത്തിയിരുന്നെങ്കിലും 39 തൊഴിലാളികളുടെ കാര്യത്തില്‍ അതുണ്ടായില്ല. തന്റെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ കൊല്ലപ്പെട്ട കാര്യം ആരോടും പറയരുതെന്നും തനിക്കവരെ അറിയില്ലെന്നു മാത്രമേ പറയാകൂ എന്നും അധികൃതര്‍ നിര്‍ദേശിച്ചിരുന്നതായും മസിഹ് വെളിപ്പെടുത്തി. എങ്കില്‍ ഈ മൂന്നര വര്‍ഷക്കാലം സര്‍ക്കാര്‍ തൊഴിലാളികളുടെ ബന്ധുക്കളെയും രാജ്യത്തെയും കബളിപ്പിക്കുകയും നാടകം കളിക്കുകയുമായിരുന്നുവോ?

അതിക്രൂരവും പൈശാചികവുമാണ് ഐ എസിന്റെ മൊസൂള്‍ കൂട്ടക്കുരുതി. മാനുഷികതയുടെയും സഹിഷ്ണുതയുടെയും ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതത്തിന്റെ പേരിലാണ് ഈ അതിക്രമങ്ങളെന്നത് അപലപനീയമാണ്. വൈവിധ്യങ്ങളും അന്തരങ്ങളും മാനിച്ചു, സംവാദത്തിന്റെയും സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പാതയില്‍ മുന്നേറാനാണ് മതം ഉത്‌ബോധിപ്പിക്കുന്നത്. നാസി ഭീകരതയെയും ഹിന്ദുത്വ ഫാസിസം കാണിക്കുന്ന പൈശാചികതയെയും സലഫിസ്റ്റുകള്‍ സഊദിയില്‍ നടത്തിയ കൂട്ടക്കൊലകളെയും ഓര്‍മിപ്പിക്കുന്നതാണ് ഐ എസിന്റെ ചെയ്തികള്‍. മതത്തിന്റെ പേരിലുള്ള ഇത്തരം ക്രൂരതകള്‍ക്കെതിരെ ആഗോള തലത്തില്‍ തന്നെ ഭരണാധികാരികളും മതനേതാക്കളും സമാധാന സ്‌നേഹികളും ഒറ്റക്കെട്ടായി രംഗത്തു വരണം.