Connect with us

Articles

ജലത്തിനായ് പ്രകൃതി

Published

|

Last Updated

2017ല്‍ 29 ശതമാനം കുറവ് മഴയാണ് കേരളത്തിന് ലഭിച്ചത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ശ്രീലങ്കക്കടുത്ത് രൂപം കൊണ്ട ന്യൂനമര്‍ദം കേരളത്തെ മഴ കൊണ്ട് മൂടുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ഒറ്റപ്പെട്ട മഴയോടെ അത് തീര്‍ന്നു. സംസ്ഥാനം വീണ്ടും ചുട്ടുപഴുക്കാന്‍ തുടങ്ങി. ഈ വര്‍ഷത്തെ അന്താരാഷ്ട്ര ജലദിനമായ മാര്‍ച്ച് 22 എന്തായാലും കേരളമാകെ ചുട്ടുപൊള്ളുന്ന ദിനമായി ആചരിക്കേണ്ടിവരുമെന്നാണ് തോന്നുന്നത്.
സംസ്ഥാനത്തെ 44 നദികളും ലക്ഷക്കണക്കിന് കുളങ്ങളും കിണറുകളും തോടുകളും ഇടത്തോടുകളും പാടശേഖരങ്ങളും തടാകങ്ങളും ജലദൗര്‍ലഭ്യത്തിലേക്ക് കൂപ്പുകുത്തുകയാണ്. പകല്‍ വെയിലിന്റെ ചൂടും രാത്രിയായാല്‍ റോഡുകളില്‍ നിന്നും കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ നിന്നും ഉണ്ടാകുന്ന താപതരംഗങ്ങളും സംസ്ഥാനത്തെ ജനജീവിതം ദുസ്സഹമാക്കിയിരിക്കുന്നു. വികസനത്തിന്റെ പേരില്‍ നടക്കുന്ന ഹൈവേ നിര്‍മാണങ്ങള്‍ക്കായും കെട്ടിട സമുച്ചയ നിര്‍മാണങ്ങള്‍ക്കായും കേരളത്തിലെ ജലകുടങ്ങളായ കുന്നുകളും മലകളും ഇടിച്ചുനിരത്തി ഭൂമി നികത്താനുള്ള മണ്ണ് കണ്ടെത്തുകയാണ്. പശ്ചിമ മലമടക്കുകളുടെ പാറ പൊട്ടിച്ച് ഉയരം കുറക്കുകയാണ്. സംസ്ഥാനത്തെ വനങ്ങളില്‍ പടര്‍ന്നുപിടിക്കുന്ന കാട്ടുതീയും വാഹനങ്ങളില്‍ നിന്നുള്ള കാര്‍ബണ്‍ ഡയോക്‌സൈഡും ചീഞ്ഞു നാറുന്ന മാലിന്യ കൂമ്പാരങ്ങളില്‍ നിന്നുയരുന്ന മീഥേന്‍ വാതകവും ഹരിത വാതകപ്രഭാവം മൂലം അന്തരീക്ഷ ഊഷ്മാവ് ഉയര്‍ത്തുകയാണ്.

കിട്ടുന്ന മഴയിലെ വെള്ളം ജലമാനേജ്‌മെന്റിന്റെ അഭാവം മൂലം ഭൂഗര്‍ഭ ജലത്തിലേക്കോ കിണറുകളിലേക്കോ മറ്റു ശുദ്ധജല സ്രോതസ്സുകളിലേക്കോ എത്താതെ കടലിലും കായലിലും എത്തിച്ചേര്‍ന്ന് ഉപ്പുമയമായി മാറുന്നു. പുഴകളില്‍ നിന്നും മണല്‍ വാരി വിറ്റ് പഞ്ചായത്തുകള്‍ കുടിവെള്ള വിതരണത്തിനായി ഭീമമായ തുക ബജറ്റില്‍ മാറ്റിവെച്ചിരിക്കുകയാണ്. സംസ്ഥാനത്ത് ശേഷിക്കുന്ന ശുദ്ധജല സ്രോതസ്സുകള്‍ മലിനീകരണത്തിന്റെ വന്‍ ഭീഷണിയിലുമാണ്.

റോഡുകള്‍ വീതി കൂട്ടുന്നതിന്റെ പേരില്‍ വഴിയോര തണല്‍ മരങ്ങള്‍ നിരന്തരം വെട്ടിമാറ്റി. റോഡ് യാത്ര തീക്കനലിലൂടെയുള്ള സഞ്ചാരമായി. ദിനം പ്രതി താപനില ഉയരുകയാണ്. 21ാം നൂറ്റാണ്ടിലെ ജലലഭ്യതയെന്നത് വികസന അജന്‍ഡയില്‍ സ്ഥാനമില്ലാത്തതിനാല്‍, കുടിവെള്ളം കിട്ടാക്കനിയാകുകയാണ്. കുടിവെള്ളമില്ലാത്ത കേരളത്തില്‍ കൃഷിക്ക് വെള്ളം കിട്ടുമെന്ന് കരുതാനാകാത്ത അവസ്ഥയാണ്. കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി നടക്കുന്ന അതിരൂക്ഷമായ വനനശീകരണമാണ് സംസ്ഥാനത്തെ കൊടിയ ചൂടിന് കാരണമായി ശാസ്ത്രകാരന്മാര്‍ വിലയിരുത്തുന്നത്.
നദികളിലെ വേനല്‍ക്കാല നീരൊഴുക്കിന് ഗണ്യമായ കുറവുണ്ടാക്കിയത് സംസ്ഥാനത്തെ വനശോഷണമാണ്. ഇത് സംസ്ഥാനത്തെ തോടുകളും ഇടതോടുകളും ചേര്‍ന്നുണ്ടാകുന്ന “ജലവല” സംവിധാനം ഇല്ലാതാക്കി. ഇന്ന് ഡാമുകളില്‍ സംഭരിക്കുന്ന ജലം ജലസേചനത്തിനായി തുറന്നുവിടുമ്പോഴാണ് വേനല്‍ക്കാലങ്ങളില്‍ കിണറുകളില്‍ വെള്ളമെത്തുന്നത്. പെരിയാര്‍ വാലി ജലസേചന പദ്ധതിയും മൂവാറ്റുപുഴ വാലി ജലസേചന പദ്ധതിയുമാണ് കോതമംഗലം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളിലെ കിണറുകള്‍ റീ ചാര്‍ജ് ചെയ്യുന്നതെന്നു സാരം.
2017ല്‍ 2039.7 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത് 1352 .3 മില്ലി മീറ്റര്‍ മഴയാണ് കേരളത്തിന് ലഭിച്ചത്. കഴിഞ്ഞ ഒക്‌ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് മഴ പെയ്തില്ലെന്നതാണ് വാസ്തവം. വടക്കു കിഴക്കന്‍ കാലവര്‍ഷം ചതിച്ചെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വിലയിരുത്തിയത്. പണ്ടൊക്കെ പുനലൂരും പാലക്കാടുമാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരുന്ന സ്ഥലങ്ങളെങ്കില്‍ ഇന്ന് കേരളത്തിലെ ഹൈറേഞ്ചുകളൊഴികെയുള്ള പ്രദേശങ്ങളില്‍ പകല്‍ ചൂട് 40ഡിഗ്രി സെല്‍ഷ്യസിനോടടുക്കുകയാണ്. അടുത്ത മൂന്ന് മാസക്കാലം മഴ പ്രതീക്ഷകള്‍ വളരെ കുറവാണ്. അതുകൊണ്ട് തന്നെ സംസ്ഥാനം ചുട്ടുപഴുക്കാന്‍ പോകുന്നു എന്നു തന്നെ കരുതണം. ദിനം പ്രതി സൂര്യാഘാതമേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്നു.

മാര്‍ച്ച് മുതല്‍ മെയ് വരെ കേരളത്തില്‍ താപതരംഗത്തിന് സാധ്യതയുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ വര്‍ഷം പാലക്കാട് മലമ്പുഴയിലെ താപനില 41. 9 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതാണ്. അത് മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു.
ജലദിനത്തിന്റെ അപ്തവാക്യം “ജലത്തിനായ് പ്രകൃതി” എന്നതാണ്. കേരളത്തിന്റെ മൊത്തം പ്രകൃതി ജലത്തിനായി കേഴുകയാണ്. അപ്പോള്‍ പിന്നെ മനുഷ്യരടക്കമുള്ള ജീവജാലങ്ങളുടെ കാര്യം പറയണോ? വേനല്‍ക്കാല രോഗങ്ങളെ നാം കരുതിയിരിക്കേണ്ടതുണ്ട്. ശുദ്ധജലം കുടിക്കുക മാത്രമാണിതിന് പരിഹാരം. വീടിനകത്തെ ചൂടകറ്റാന്‍ പകല്‍ ജനലും വാതിലും അടച്ചിടുകയും വൈകുന്നേരങ്ങളില്‍ തുറന്നിടുകയും വേണം. കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ക്ക് മുകളില്‍ വെള്ളം കെട്ടിനിര്‍ത്തുന്നതും തുറസ്സായ സ്ഥലങ്ങളില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് ഒഴിവാക്കുന്നതും രാത്രിയില്‍ ചൂട് കുറക്കാന്‍ അത്യന്താപേക്ഷിതമാണ്. വീടുകളില്‍ പകല്‍സമയം അടുപ്പ് ഉപയോഗിക്കുന്നത് കുറക്കണം. ഈ വേനല്‍ നമുക്കൊരു പാഠമാകണം.

അടുത്ത മഴക്കാലം ജലമാനേജ്‌മെന്റിനും മഴവെള്ളക്കൊയ്ത്തിനും ഭൂഗര്‍ഭ റീചാര്‍ജിംഗിനും സമയം കണ്ടെത്തണം. നമ്മുടെ തരിശ്ശിട്ടിരിക്കുന്ന പാടശേഖരങ്ങള്‍ കൃഷിക്ക് ഉപയുക്തമാക്കണം. നഷ്ടപ്പെട്ടുപോയ നമ്മുടെ കാര്‍ഷിക സംസ്‌കാരം വീണ്ടെടുക്കണം. വേനല്‍ക്കാലങ്ങളില്‍ പുഴകളിലൂടെ ഉപ്പ് വെള്ളം കയറുന്നത് തടയാനുള്ള ജാഗ്രത വേണം. കുടിവെള്ള ലഭ്യത കുറഞ്ഞ ഈ കാലയളവില്‍ ജലമലിനീകരണം തീര്‍ത്തും ഒഴിവാക്കണം.

ലോകമെങ്ങും ജലദിനം ആചരിക്കുമ്പോള്‍ പ്രകൃതിയുടെ നിലനില്‍പ്പിന് ജലം അത്യന്താപേക്ഷിതമാണെന്ന കാര്യം നമുക്ക് ഓര്‍മ വേണം. പ്രകൃതി നിലനിന്നാല്‍ മാത്രമേ ജീവികള്‍ക്കും നിലനില്‍പ്പുള്ളൂ. മനുഷ്യന് ജീവിക്കാന്‍ പ്രകൃതിയും പ്രകൃതി വിഭവങ്ങളും അത്യന്താപേക്ഷിതമാണെന്ന തിരിച്ചറിവാകട്ടെ ഈ ജലദിനത്തില്‍ നാം ഉള്‍ക്കൊള്ളേണ്ട പ്രധാന സന്ദേശം. ഏത് വികസനം ആസൂത്രണം ചെയ്യുമ്പോഴും പ്രകൃതിക്ക് ഏറ്റവും കുറവ് നാശമേ ഉണ്ടാക്കാവൂ. വികസനത്തിന്റെ പേരില്‍ പച്ചപ്പിനും മലകള്‍ക്കും കുന്നുകള്‍ക്കും കാവിനും കാടിനും പുഴകള്‍ക്കും ചതുപ്പിനും കോള്‍പാടങ്ങള്‍ക്കും കണ്ടല്‍ കാടുകള്‍ക്കും പാടശേഖരങ്ങള്‍ക്കും ഉണ്ടായ അതിഭീകരമായ രൂപമാറ്റത്തെ കുറിച്ച് നാം ചിന്തിക്കണം. നമ്മെ ഇത്രയേറെ കഠിനമായ വേനലിലേക്ക് തള്ളിവിട്ടതിന് കാരണവും മറ്റൊന്നല്ല. ജലം അമൂല്യമാണ്. അത് പാഴാക്കരുത്.

---- facebook comment plugin here -----

Latest