ഗോരഖ്പൂര്‍: ഗോരഖ്പൂര്‍: ചേര്‍ത്തു വായിക്കേണ്ട പാഠങ്ങള്‍

Posted on: March 22, 2018 6:01 am | Last updated: March 21, 2018 at 9:46 pm
SHARE

545 പാര്‍ലിമെന്റ് അംഗങ്ങളില്‍ തനിച്ചു നിന്നാല്‍ പോലും ബി ജെ പി കേവലഭൂരിപക്ഷത്തിനു മുകളില്‍. എന്‍ ഡി എ സഖ്യമായി നിന്നാല്‍ മുന്നൂറിലെ പേരുടെ പിന്തുണ. എന്നിട്ടും ബി ജെ പി വിരുദ്ധ ചേരിയിലെ രണ്ട് പേരുടെ വിജയം എന്തുകൊണ്ടാണ് ഇന്ത്യയിലെ ബഹു ഭൂരിപക്ഷം ജനങ്ങളെയും ഇത്രയേറെ സന്തോഷിപ്പിക്കുന്നത്?
ജനാധിപത്യത്തിന്റെ സാങ്കേതികതകള്‍ ഉപയോഗപ്പെടുത്തി 31 ശതമാനത്തിന്റെ പിന്തുണയോടെ അധികാരത്തിലേറിയ സംഘ്പരിവാര്‍, രാജ്യത്ത് നിലനിന്നിരുന്ന സാംസ്‌കാരിക വൈവിധ്യങ്ങളെയും സൗഹാര്‍ദ ജീവിതത്തെയും പൂര്‍ണമായും നിഷ്‌കാസനം ചെയ്യാന്‍ പോകുന്നു എന്ന ആശങ്കയില്‍ നിന്നാണ് ഇത്തരം ചെറിയ വിജയങ്ങളില്‍ പോലും വലിയ സന്തോഷങ്ങള്‍ പ്രകടിപ്പിക്കാന്‍ ഹേതുവാകുന്നത്.രാജ്യസ്‌നേഹത്തിന്റെ അതിദേശവാദ മന്ത്രങ്ങള്‍ ഉരുവിടുന്നവര്‍ പലപ്പോഴും മനസ്സിലാക്കാതെ പോകുന്ന ചില വസ്തുതകളുണ്ട്. മാനവികതക്കപ്പുറമുള്ള സങ്കുചിത ദേശീയ ചിന്താഗതിയെ വാദത്തിനു വേണ്ടി പിന്തുണക്കുന്നു വെന്ന് കരുതുക. എങ്കില്‍ ഇന്ത്യയുടെ പ്രധാന ശത്രു എന്ന് വിളിക്കപ്പെടുന്ന പാക്കിസ്ഥാന് വേണ്ടി അവരുടെ ഇംഗിതം നടപ്പിലാക്കുന്ന ജോലിയല്ലേ രാജ്യസ്‌നേഹ തിലകമണിഞ്ഞ സംഘ്പരിവാര്‍ കൂട്ടര്‍ നടപ്പിലാക്കുന്നത്? 1947 ല്‍ ബ്രിട്ടീഷുകാര്‍ സ്വാതന്ത്ര്യം നല്‍കിയത് രണ്ടു രാജ്യങ്ങള്‍ക്കായിരുന്നു. രാഷ്ട്രനിര്‍മിതിയില്‍ അതി ശീഘ്രം മുന്നോട്ടുപോകാന്‍ ഇന്ത്യയെ അപേക്ഷിച്ചു പാക്കിസ്ഥാനായിരുന്നു ഏറെ എളുപ്പം. കാരണം ഒരു മത വിഭാഗത്തിന്റെ പേരില്‍ രൂപവത്കൃതമായ രാഷ്ട്രം. വര്‍ഗീയതയെ പേടിക്കേണ്ട. അയല്‍ രാഷ്ട്രമായ ഇന്ത്യയോട് ആരോഗ്യകരമായ മത്സരം നടത്തി മുന്നിലെത്താന്‍ ജനങ്ങളിലെ വിഭാഗീയത ഒരു വിഘാതമായി ഭവിക്കില്ല. ജനങ്ങളില്‍ ബഹുഭൂരിഭാഗവും ഒരേ വിശ്വാസവും സംസ്‌കാരവും ആചാരങ്ങളും വേഷ ഭൂഷാദികളും പിന്തുടരുന്നവര്‍. ഇന്ത്യയോ? സ്വാതന്ത്ര്യപ്പുലരിയില്‍ തലസ്ഥാനത്ത് ആഘോഷം പൊടിപൊടിക്കുമ്പോള്‍ മറ്റനേകം ഇടങ്ങളില്‍ വര്‍ഗീയ കലാപം കത്തിപ്പടരുകയായിരുന്നു. പഞ്ചാബിലും കൊല്‍ക്കത്തയിലും കശ്മീരിലും രൂക്ഷമായ ഏറ്റുമുട്ടലുകള്‍. ആഘോഷങ്ങളില്‍ നിന്നും വിട്ടുനിന്ന് മഹാത്മാ ഗാന്ധി കൊല്‍ക്കത്തയുടെ തെരുവുകളില്‍ ശാന്തിമന്ത്രം ഉരുവിട്ട് ദിനങ്ങള്‍ കഴിച്ചുകൂട്ടി. വര്‍ഷങ്ങള്‍ വേണ്ടിവന്നു എല്ലാം കലങ്ങിത്തെളിഞ്ഞു, രാജ്യത്തിന് ഒരു സമ്പൂര്‍ണ രാഷ്ട്രമായി ലോകത്തിനു മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍.

ഇന്ത്യയില്‍ അധികാരത്തിലേറിയ മതേതര സര്‍ക്കാറുകളും പ്രതിപക്ഷത്തിരുന്ന മതേതര കക്ഷികളും ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചപ്പോള്‍ കുറവുകള്‍ പലതും ചൂണ്ടികാണിക്കാനുണ്ടെങ്കിലും നൂറു കോടി ജനങ്ങേളയും അവരുടെ ആയിരം മതഭാഷാ സംസ്‌കാരങ്ങളെയും വഹിച്ചുകൊണ്ട് സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക സാങ്കേതിക മേഖലകളില്‍ ബഹുദൂരം മുന്നേറാന്‍ കഴിഞ്ഞു.
പക്ഷേ, വലിയ പ്രതീക്ഷകള്‍ വെച്ചു പുലര്‍ത്തിയ പാക്കിസ്ഥാന്റെ അവസ്ഥയോ? തമ്മില്‍ തല്ലിയും നിരന്തരം സ്‌ഫോടന പരമ്പരകള്‍ നടത്തിയും രാഷ്ട്ര പുരോഗതിക്കു സ്വയം തടസ്സങ്ങള്‍ തീര്‍ത്തു. സ്വപുരോഗതിക്കപ്പുറം ഇന്ത്യന്‍ നാശം മാത്രം സ്വപ്‌നം കണ്ടു നെയ്‌തെടുത്ത തന്ത്രങ്ങള്‍ അതിര്‍ത്തികളില്‍ പലപ്പോഴായി തകര്‍ന്നുതരിപ്പണമായി. ബഹുസ്വരതയിലും ഇന്ത്യക്കാര്‍ പ്രകടിപ്പിച്ച ഐക്യ പ്രഖ്യാപനങ്ങളായിരുന്നു അപ്പോഴെല്ലാം ഇന്ത്യക്ക് കരുത്തായി വര്‍ത്തിച്ചത്.അടക്കി നിറുത്താന്‍ കഴിയാത്ത വിധം വര്‍ഗീയ സംഘര്‍ഷങ്ങളാല്‍ ഇന്ത്യയും പരീക്ഷിക്കപ്പെട്ടിരുന്നെങ്കില്‍ തീര്‍ച്ചയായും ഇന്നീ കാണുന്ന വിധം ലോകത്തിനു മുമ്പില്‍ ഒരിക്കലും രാജ്യത്തിനു തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. ജനങ്ങളെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കുകയും പരസ്പരം കലഹിപ്പിച്ചു അവസരം മുതലെടുക്കുകയും ചെയ്യാം എന്ന തിയറി ഇംഗ്ലീഷുകാരാണ് ആദ്യമായി ഇന്ത്യയില്‍ പരീക്ഷിച്ചു വിജയിച്ചത്.പരമ്പരാഗത ശത്രുക്കള്‍ എന്ന നിലക്ക് പാക്കിസ്ഥാന്‍ ഇപ്പോള്‍ അത് ആഗ്രഹിക്കുന്നുവെങ്കില്‍ സംഘ്പരിവാര്‍ ഭാഗത്തു നിന്ന് വരുന്ന പുതിയ നീക്കങ്ങള്‍ അതിനു അനുഗുണമാണ്.അടുത്ത കാലത്തായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഘ്പരിവാര്‍ ആസൂത്രിത അക്രമങ്ങള്‍ രാജ്യത്തിന്റെ ഭീതിതമായ ഭാവിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഹിന്ദുത്വ സ്ഥാപനത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ ജനജീവിതം അശാന്തമാക്കുമ്പോള്‍ രാജ്യത്തെ ജനങ്ങള്‍ ഇത്തരം വിജയങ്ങളില്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി

ആഹ്ലാദിക്കുക സ്വാഭാവികമാണല്ലോ.
ഹിന്ദുത്വവത്കരണ പദ്ധതികള്‍ക്കു വളരെയേറെ മുന്നോട്ടുപോകാന്‍ കേവലം നാല് വര്‍ഷങ്ങള്‍ കൊണ്ട് സംഘ്പരിവാറിന് കഴിഞ്ഞിട്ടുണ്ട്. വികസന മുദ്രാവാക്യങ്ങള്‍ മൂടുപടമിട്ട് നടത്തിയ ശ്രമങ്ങള്‍ പതിറ്റാണ്ടുകളായി രാജ്യം സംരക്ഷിച്ചുപോരുന്ന എല്ലാ വിധ മതേതരജനാധിപത്യ മൂല്യങ്ങളെയും അപകടപ്പെടുത്തിയിട്ടുണ്ട്. സാംസ്‌കാരിക നായകര്‍ ഇത്രയേറെ ചോദ്യം ചെയ്യപ്പെട്ട കാലം ഇതിനു മുമ്പ് ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. ആവിഷ്‌കാര സ്വാതന്ത്യത്തെ ഇത്തരത്തില്‍ ഹനിക്കുന്നതും സംഹരിക്കുന്നതും സ്വാതന്ത്ര്യ ഇന്ത്യയില്‍ ഇതാദ്യം.

ചരിത്ര സാംസ്‌കാരിക മേഖലകളില്‍ സംഘ്പരിവാര്‍ ആജ്ഞാനുവര്‍ത്തികളെ പ്രതിഷ്ഠിച്ചുകൊണ്ട് രാജ്യത്തിന്റെ ചരിത്രവും സര്‍ഗാത്മകതയും സ്വന്തമാക്കാനുള്ള ശ്രമങ്ങള്‍ ഒരു ഭാഗത്തു പുരോഗമിക്കുന്നു.ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്‌റ്റോറിക്കല്‍ റിസര്‍ച്ചിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പ്രഗത്ഭരായ നിരവധി പ്രതിഭകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ആര്‍ എസ് എസ് സഹയാത്രികനായ വൈ സുദര്‍ശന്‍ റാവുവിനെ ആനയിച്ചുകൊണ്ട് വരുന്നത്. ആന്ധ്രക്കാരനായ അദ്ദേഹത്തിന്റെ പ്രധാനയോഗ്യത ഇന്ത്യാ ചരിത്രത്തെ തിരുത്തിയെഴുതാന്‍ വേണ്ടി ആര്‍ എസ് എസ് രൂപം കൊടുത്ത അഖില ഭാരതീയ ഇതിഹാസ സങ്കലന യോജനയുടെ തലപ്പത്തിരുന്നു എന്നതാണ്. ആര്‍ എസ് എസ് ഓഫീസില്‍ ഇരുന്നു ചെയ്തിരുന്ന ജോലി അദ്ദേഹത്തിനു ഇനി സര്‍ക്കാര്‍ ചെലവില്‍ ഔദ്യോഗിക പരിവേഷത്തോടെ നിര്‍വഹിക്കാം.ഇര്‍ഫാന്‍ ഹബീബിനെയും റോമിലാഥാപ്പറിെനയും പോലെയുള്ള ചരിത്ര ഗവേഷകര്‍ക്കു ഐ സി എച്ച് ആറിന്റെ നടത്തിപ്പുകളില്‍ അര്‍ഹമായ അവകാശം നല്‍കി നീതി നടപ്പിലാക്കുമെന്ന് ചരിത്ര പ്രേമികള്‍ ആശിച്ചതു വ്യാമോഹമായി.പശു സംരക്ഷണത്തിന്റെയും വന്ദേമാതരത്തിന്റെയും പേരില്‍ നടക്കുന്ന ദേശസ്‌നേഹ നാടകങ്ങളെക്കാള്‍ അപകടം പിടിച്ചതാണ് സാഹിത്യസാംസ്‌കാരിക ചരിത്ര വകുപ്പുകളില്‍ ഫാസിസ്റ്റുകള്‍ നടത്തുന്ന കെണികള്‍.

ഭരണനേട്ട വിളംബരങ്ങള്‍ കുറെയൊക്കെ പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി എന്നുകൂടി വേണം മനസ്സിലാക്കാന്‍.ജി എസ് ടിയും നോട്ട് നിരോധനവും വ്യാഖ്യാനിച്ചു വിയര്‍ത്തതും കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന് വാക്ക് നല്‍കി അധികാരം നേടിയവര്‍, വീണ്ടും വീണ്ടും കള്ളന്മാര്‍ രാജ്യത്ത് നിന്നും പണവുമായി മുങ്ങുമ്പോള്‍ നിസ്സഹായത അഭിനയിച്ചതും ജനങ്ങള്‍ മനസ്സിലാക്കി തുടങ്ങിയിട്ടുണ്ട്. അക്രമാസക്തമായി നടപ്പിലാക്കുന്നമതവത്കരണം അല്ല, ശാന്തമായ ജീവിതമാണ് തങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് അവര്‍വിളിച്ചുപറയുന്നു.

രണ്ടു നോമിനേറ്റഡ് അംഗങ്ങള്‍ ഉള്‍പ്പെടെ 545 അംഗങ്ങളുള്ള ലോക്‌സഭയില്‍ കേവല ഭൂരി പക്ഷത്തിനു വേണ്ടത് 273 ആണ്. മതേതര കക്ഷികള്‍ ഭിന്നിച്ചുനിന്ന് മത്സരിച്ചതിന്റെ ഫലമായി നിലവില്‍ 275 അംഗങ്ങളുടെ പിന്തുണ ബി ജെ പി ക്കു തനിച്ചു അവകാശപെടാനുണ്ടെങ്കിലും കീര്‍ത്തി ആസാദിനെയും ശത്രുഘ്‌നന്‍ സിന്‍ഹയെയും പോലുള്ള ചിലര്‍ കടുത്ത വിമത ശല്യമുയര്‍ത്തുകയും 275 ല്‍ ഒരു വോട്ട് സ്പീക്കറുടേതും കൂടെ ആകുമ്പോള്‍ ബി ജെ പിക്കു സംഭവിക്കുന്ന പരാജയങ്ങളെ മതേതര കക്ഷികള്‍ പുതിയ പ്രതീക്ഷയോടെ കാണുന്നുമുണ്ട്. ബി ജെ പിയെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത കൂടിയുണ്ട്. 2017-2018 വര്‍ഷങ്ങളില്‍ നടന്ന രത്‌ലം, ഗുര്‍ദാസ് പൂര്‍, ആള്‍വാര്‍, അജ്മീര്‍, ഫുല്‍പൂര്‍ , ഗോരക്പൂര്‍, ആരറിയ, അമൃത്സര്‍, ശ്രീനഗര്‍, മലപ്പുറം എന്നീ പത്ത്ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ ഒരിടത്തു പോലും അവര്‍ക്കു വിജയിക്കാന്‍ കഴിഞ്ഞില്ല എന്നതു തന്നെ. ഇത് ചെറിയ ഭീതിയൊന്നുമല്ല സംഘ്പരിവാര്‍ സംഘത്തിന് നല്‍കുന്നത്. ബി ജെ പി, എം പി ഹുക്കും സിംഗിന്റെ മരണം മൂലം അനാഥമായ ഉത്തര്‍പ്രദേശിലെ കൈറാന മണ്ഡലത്തെ ആശങ്കയോടെയാണ് ബി ജെ പി ഇപ്പോള്‍ നോക്കിക്കാണുന്നത്. കഴിഞ്ഞ മാസമായിരുന്നു ഹുക്കും സിംഗ് അന്തരിച്ചത്. മഹാരാഷ്ട്രയിലെ രണ്ടു മണ്ഡലങ്ങള്‍ കൂടെ തിരഞ്ഞെടുപ്പിനെ കാത്തിരിക്കുകയാണ്. രണ്ടും ബി ജെ പി വിജയിച്ച മണ്ഡലങ്ങള്‍.

നടക്കാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകള്‍ ബി ജെ പി യെ ആധിപ്പെടുത്തുന്നത് വരും മാസങ്ങളിലാണെങ്കില്‍ തൊട്ടടുത്ത ദിവസങ്ങളില്‍ ലോക്‌സഭയില്‍ അരങ്ങേറാന്‍ പോകുന്ന രാഷ്ട്രീയ നാടകങ്ങള്‍ പാര്‍ട്ടിയെ എത്രത്തോളം ക്ഷീണിപ്പിക്കും എന്ന് കണ്ടറിയേണ്ടതുണ്ട്.ആന്ധ്രയിലെ രാഷ്ട്രീയ ശത്രുക്കള്‍ കേന്ദ്രത്തില്‍ ബി ജെ പിക്കെതിരെ ഒന്നിക്കുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചിട്ടുണ്ട്. തെലുങ്ക് ദേശം പാര്‍ട്ടി എന്‍ ഡി എ സഖ്യത്തിലെ പ്രബല ശക്തിയാണ്. ബി ജെ പി യുമായി അധികാരം പങ്കിടുന്ന വേളയിലാണ് സംസ്ഥാനത്തിന്റെ വിഷയത്തില്‍ ശത്രുവുമായി ഒന്നിക്കാനും ബി ജെ പി മുന്നണിയില്‍ നിന്നും പുറത്തുവരാനും ടി ഡി പി തയ്യാറാകുന്നത്.

എട്ട് എം പി മാര്‍ മാത്രമുള്ള വൈ എസ് ആര്‍ കോണ്‍ഗ്രസ് നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസിന് ടി ഡി പി പിന്തുണ നല്‍കുകയും കോണ്‍ഗ്രസ്, തൃണമൂല്‍ പോലുള്ള മുഖ്യധാരാ കക്ഷികള്‍ പച്ചക്കൊടി കാണിക്കുകയും ചെയ്ത സാഹചര്യത്തില്‍ ബി ജെ പി പരീക്ഷിക്കപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.

യു പി യിലെ വിജയകൂട്ടുകെട്ട് കേവല സഖ്യമല്ലെന്നും സംഘ്പരിവാര്‍ ശക്തികള്‍ക്കെതിരെ യോജിച്ചു പോരാടാന്‍ തങ്ങള്‍ക്കതു പുതിയ ഊര്‍ജം നല്‍കിയെന്നുമുള്ള അഖിലേഷ് യാദവിന്റെ പ്രസ്താവന നല്ല പ്രതീക്ഷകള്‍ നല്‍കുന്നതാണ്. മായാവതിയെ അവരുടെ വീട്ടില്‍ പോയി നേരില്‍ കണ്ടു നന്ദി അറിയിക്കാന്‍ അഖിലേഷ് കാണിച്ച മനസ്സ് പുതിയ പോര്‍മുഖങ്ങളാണ് തുറക്കുന്നത്. അതോടൊപ്പം രാഹുല്‍ ഗാന്ധി എന്‍ സി പി അധ്യക്ഷന്‍ ശരദ്പവാറുമായി നടത്തിയ ചര്‍ച്ചകള്‍ 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ദീര്‍ഘ ദൃഷ്ടിയോടെ കാണാനുള്ള മതേതര സഖ്യങ്ങളുടെ പ്രായോഗിക സമീപനങ്ങളായി വായിക്കാം.

അനുകൂലമായി മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ അവസരങ്ങളെ ഏറ്റവും ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണ് മതേതര കക്ഷികള്‍ക്ക് മുന്നിലുള്ള പ്രധാന ബാധ്യത. 80 ലോക്‌സഭാ സീറ്റുകളുള്ള യു പി യാണ് ഇന്ത്യ ആര് ഭരിക്കണമെന്നു തീരുമാനിക്കാറ്. പശുപ്രേമത്തിന്റെ മറവില്‍ മത വിശ്വാസികളെ ചൂഷണം ചെയ്യാമെന്ന് വ്യാമോഹിച്ച യോഗി ആദിത്യനാഥിന് അനിവാര്യ ഘട്ടത്തില്‍ ജനത നല്‍കിയ തിരിച്ചടി തിരിച്ചറിവായി മനസ്സിരുത്തി വായിക്കേണ്ടത് മുഖ്യധാരാ മതേതര കക്ഷികള്‍ തന്നെ. ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടമായെങ്കിലും കേവല തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനപ്പുറം സാമൂഹിക ഇടപെടലിന്റെ രാഷ്ട്രീയത്തിന് നിര്‍ണായക സ്വാധീനമുണ്ടെന്നു മഹാരാഷ്ട്രയില്‍ അഖിലേന്ത്യാ കിസാന്‍ സഭ നടത്തിയ കാര്‍ഷിക മാര്‍ച്ച് പറഞ്ഞുതരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരിയെങ്കിലും നിയമസഭയില്‍ ബി ജെ പി വിയര്‍ത്തു വിജയിച്ച ഗുജറാത്തിന്റെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ കോണ്‍ഗ്രസിന് ഇനിയും മുന്നേറാന്‍ കഴിയും. സംഘ്പരിവാറിന്റെ പരാജയം മാത്രം ലക്ഷ്യം വെച്ച് മുമ്പ് ബിഹാര്‍ തിരഞ്ഞെടുപ്പില്‍ കെജ്‌രിവാള്‍ നല്‍കിയ നിരുപാധിക രാഷ്ട്രീയ പിന്തുണ മതേതര കക്ഷികള്‍ പാഠമായി എടുക്കേണ്ടതുണ്ട്.

അമിത്ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന രാഷ്ട്രീയ ചാണക്യകുതന്ത്രങ്ങളെ കരുതിയിരിക്കുക എന്നതാണ് പ്രധാനം. അധികാര സംരക്ഷണത്തിന് വേണ്ടി നടത്തുന്ന വില കുറഞ്ഞ രാഷ്ട്രീയ അടവ് നയങ്ങളെ അവസരോചിതമായി മതേതര ശക്തികള്‍ ഒന്നിച്ചുപ്രതിരോധിക്കുക കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നു തിരിച്ചറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here