ഏഴു മാസം ദുബൈയില്‍ അത്യാഹിത വിഭാഗത്തില്‍; നജാത്ത് എത്യോപ്യയില്‍ സുഖം പ്രാപിക്കുന്നു

Posted on: March 21, 2018 11:11 pm | Last updated: March 21, 2018 at 11:11 pm
SHARE
നജാത്ത് ദുബൈയില്‍ ചികിത്സക്കിടെ

ദുബൈ: ദുബൈയില്‍ ജോലി തേടി വിമാനമിറങ്ങിയ ഉടന്‍ അസുഖം മൂലം അര്‍ദ്ധ ബോധാവസ്ഥയിലാവുകയും ശരീരം നന്നേ ശോഷിച്ചു പോവുകയും ചെയ്ത എത്യോപ്യന്‍ വീട്ടുവേലക്കാരിയെ ഏഴു മാസത്തെ ചികിത്സക്ക് ശേഷം വിദഗ്ധ ശ്രമത്തിലൂടെ സ്വന്തം നാട്ടിലെത്തിച്ചതായി ഇന്റര്‍നാഷണല്‍ മോഡേണ്‍ ഹോസ്പിറ്റല്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

നജാത്തിനെ പരിചരിച്ച മലയാളി നഴ്‌സ്

2017 ജുലൈ 21നാണ് നജാത്ത് മുഹമ്മദ് അല്‍ നൂരി യു എ ഇയിലെത്തുന്നത്. വിഷബാധയേറ്റതുപോലെ വായില്‍നിന്ന് നുരയും പതയും ഒഴുകുകയായിരുന്നു. അവരെ മോഡേണ്‍ ആശുപത്രിയില്‍ ആരോ എത്തിച്ചു. സ്‌പോണ്‍സറെയും കണ്ടെത്താനായില്ല. ഏഴു മാസം ചികിത്സിച്ച ശേഷം ബന്ധുമിത്രാദികളുടെ സാമീപ്യം അനിവാര്യമായപ്പോള്‍ എത്യോപ്യയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവരുടെ ചികിത്സക്ക് വേണ്ടി വന്ന 20 ലക്ഷത്തിലധികം ദിര്‍ഹം എഴുതി തള്ളി. നജാത് എന്ന യുവതി എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയിലെ വലിയ ആശുപത്രിയില്‍ ചികിത്സ തുടരുകയാണ്. 27 വയസ്സുള്ള നജാത്തിന്റെ എത്യോപ്യന്‍ മടക്കം മോഡേണ്‍ ഹോസ്പിറ്റലിലെ ഡോക്ടര്‍മാരുടെയും നെസ്സുമാരുടെയും സഹായത്തോടെ ആയിരുന്നുവെന്നു സി ഇ ഓ ഡോ. കിഷന്‍ പാക്കല്‍ അറിയിച്ചു. പോലീസ്, എത്യോപ്യന്‍ എംബസി, വിമാനക്കമ്പനി എന്നീ വിഭാഗങ്ങളുടെ സഹകരണം വിലമതിക്കേണ്ടതാണ്. യുവതിയെ അനുഗമിച്ച സംഘത്തില്‍ മലയാളി നഴ്‌സ് വെഞ്ഞാറമൂട് ശ്രീനിഷ ഉള്‍പെടുമെന്നും ഡോ.കിഷന്‍ വ്യക്തമാക്കി. ഏഴു മാസം മുമ്പാണ് ശ്രീനിഷ ആശുപത്രിയില്‍ ജോലിക്കെത്തിയത്. നജാത്തിനെ ഇത്രയും കാലം പരിചരിച്ചതും ശ്രീനിഷയാണ്. രോഗിക്ക് ഇന്‍ഷ്വറന്‍സ് ഉണ്ടോ ഇല്ലയോ എന്ന് അത്യാഹിത വിഭാഗം കണക്കിലെടുക്കാറില്ലെന്നും ഡോക്ടര്‍ പറഞ്ഞു.