Connect with us

National

തൊഴില്‍ നിയമത്തില്‍ ഭേദഗതി: നിശ്ചിത കാലത്തേക്ക് കരാര്‍ തൊഴിലാളികളെ നിയമിക്കാം

Published

|

Last Updated

ന്യൂഡല്‍ഹി: തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തി എല്ലാ മേഖലകളിലും നിശ്ചിത കാലത്തേക്ക് കരാര്‍ തൊഴിലാളികളെ നിയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. രാജ്യത്തെ വ്യവസായ മേഖലയില്‍ ഉള്‍പ്പെടെ കരാര്‍ അല്ലെങ്കില്‍ നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ നിശ്ചയിക്കുന്നതിന് കമ്പനികള്‍ക്ക് അധികാരം നല്‍കുന്ന രൂപത്തിലാണ് തൊഴില്‍ നിയമത്തില്‍ ഭേദഗതി വരുത്തിയത്. ഈ മാസം പതിനാറിന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തിലുള്ള നീക്കം നടത്തിയത്. 1946ലെ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയ്‌മെന്റ് ആക്ടിലാണ് ഭേദഗതി വരുത്തിയിട്ടുള്ളത്. കരാര്‍ തൊഴിലിന് പുറമെയാണ് നിശ്ചിത കാലത്തേക്ക് തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി. രണ്ടാഴ്ച മുമ്പ് നോട്ടീസ് നല്‍കി തൊഴിലാളികളെ പിരിച്ചുവിടാനുള്ള വ്യവസ്ഥയും നിയമ ഭേദഗതിയിലുണ്ട്. ഭേദഗതി രാജ്യത്തെ വ്യവസായ സ്ഥാപനങ്ങള്‍ക്ക് തൊഴിലാളികളുടെ മേല്‍ അനാവശ്യമായ അധികാരം നല്‍കുന്നതാണ്.

രാജ്യത്ത് വ്യവസായ അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സര്‍ക്കാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ തൊഴിലില്ലായ്മ വര്‍ധിച്ച് വരുന്നത് കുറക്കുന്നതിനും വേണ്ടിയാണ് നീക്കമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിക്കുന്നത്. 2016ല്‍ വസ്ത്രവ്യാപര രംഗത്ത് നടപ്പാക്കിയ നിയമം ഇപ്പോള്‍ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കുകയാണ്. ഇതോടെ വ്യവസായ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളില്‍ നിശ്ചിത ശമ്പളം മാത്രം നിശ്ചയിച്ച് പ്രത്യേക കാലത്തേക്ക് കമ്പനികള്‍ക്ക് തൊഴിലാളികളെ എടുക്കാന്‍ സാധിക്കും. നിശ്ചിത കാലത്തേക്ക് ആഴ്ചകള്‍, മാസം അല്ലെങ്കില്‍ പ്രത്യേത പദ്ധതികള്‍ക്ക് വേണ്ടി തൊഴിലാളികളെ കമ്പനികള്‍ക്ക് തിരഞ്ഞെടുക്കാം. കാലാവധി കഴിഞ്ഞ് പിരിച്ചുവിടുന്നതിന് പ്രത്യേക നോട്ടീസ് നല്‍കേണ്ട ആവശ്യമില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു.

കരാര്‍ കാലാവധി സമയത്ത് ശമ്പളം, കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള ആനുകൂല്യങ്ങള്‍ എന്നിവ നിയമം ഉറപ്പു വരുത്തുമെന്നും വ്യക്തമാക്കുന്നുണ്ട്. അതേസമയം, നിലവില്‍ സ്ഥിര നിയമനമുള്ളവരെ സംരക്ഷിക്കും. കൂടാതെ സ്ഥിര നിയമനത്തിലുള്ളവരെ കരാറിലേക്ക് മാറ്റാന്‍ കഴിയില്ലെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്.

നിയമം കമ്പനികളെയും വ്യവസായ സ്ഥാപനങ്ങളെയും കരാര്‍ ജീവനക്കാരെ എടുക്കുന്നതിന് പ്രോത്സാഹിപ്പിക്കുന്നതാണെന്നും തൊഴില്‍ സുരക്ഷ അപകടത്തിലാക്കുന്നതാണെന്നും വിമര്‍ശം ഉയര്‍ന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഭരണ അനുകൂല തൊഴിലാളി സംഘടനയായ ബി എം എസ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നിയമ ഭേദഗതി ഉടന്‍ പിന്‍വലിക്കണമെന്ന് ബി എം എസ് ദേശീയ അധ്യക്ഷന്‍ സജി നാരായണന്‍ ആവശ്യപ്പെട്ടു.

 

Latest