Connect with us

National

വീണ്ടും ബേങ്ക് വായ്പാ തട്ടിപ്പ്: ഇത്തവണ 824 കോടി

Published

|

Last Updated

ചെന്നൈ: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബേങ്കായ സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയിലും വന്‍ തട്ടിപ്പ്. ചെന്നൈയിലെ കനിഷ്‌ക് ഗോള്‍ഡ് കമ്പനി വന്‍ തുക വായ്പയെടുത്തു മുങ്ങിയെന്നാണ് പുതിയ തട്ടിപ്പിനെ കുറിച്ചുള്ള റിപ്പോര്‍ട്ട്. 824.15 കോടി രൂപയാണ് കനിഷ്‌ക് ഗോള്‍ഡ് കമ്പനിക്ക് വായ്പയായി നല്‍കിയിരുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരി 25ന് നടന്ന തട്ടിപ്പില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് എസ് ബി ഐ. സി ബി ഐക്ക് പരാതി നല്‍കിയിട്ടുണ്ട്.

ഭൂപേഷ് കുമാര്‍ ജെയിന്‍, ഭാര്യ നീത ജെയിന്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കനിഷ്‌ക് ജ്വല്ലറിക്ക് എസി ബി ഐയുടെ 14 പൊതുമേഖലാ, സ്വകാര്യബേങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് വായ്പയായി നല്‍കിയത്. പലിശയുള്‍പ്പടെ ആയിരം കോടിയിലധികം തിരിച്ചടക്കാനുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് കമ്പനി തിരിച്ചടവ് മുടക്കിയത്. ആദ്യം എട്ട് ബേറങ്കുകളുടെ തിരിച്ചടവ് നിര്‍ത്തിയ കമ്പനി പിന്നീട് മുഴുവന്‍ ബേങ്കുകളുടേയും തിരിച്ചടവ് നിര്‍ത്തുകയായിരുന്നു.

എസ് ബി ഐക്ക് പുറമെ, പഞ്ചാബ് നാഷനല്‍ ബേങ്ക്, യൂനിയന്‍ ബേങ്ക് ഓഫ് ഇന്ത്യ, സിന്‍ഡിക്കേറ്റ് ബേങ്ക്, ബേങ്ക് ഓഫ് ഇന്ത്യ, ഐ ഡി ബി ഐ ബേങ്ക്, യുകോ ബേങ്ക്, തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബേങ്ക്, ആന്ധ്ര ബേങ്ക്, ബേങ്ക് ഓഫ് ബറോഡ, എച്ച് ഡി എഫ് സി ബേങ്ക്, ഐ സി ഐ സി ഐ ബേങ്ക്്, സെന്‍ട്രല്‍ ബേങ്ക് ഓഫ് ഇന്ത്യ, കോര്‍പ്പറേഷന്‍ ബേങ്ക് എന്നിവരാണ് തട്ടപ്പിനിരയായത്.
ജ്വല്ലറി ഉടമകള്‍ മൗറീഷ്യസിലേക്ക് കടന്നെന്നാണ് കരുതുന്നത്. സി ബി ഐ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.