കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി

Posted on: March 21, 2018 7:25 pm | Last updated: March 21, 2018 at 7:25 pm
SHARE

ചെന്നൈ: തമിഴ്‌നാട് കുളച്ചല്‍ തീരത്ത് വിദേശ വനിതയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരത്തു നിന്ന് ഒരാഴ്ച മുന്‍പ് കാണാതായ യുവതിയുടേ മൃതദേഹമാണിതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മൃതദേഹം ഇവരുടേതാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം തിരിച്ചറിയുന്നതിനായി ബന്ധുക്കളും പൊലീസും കുളച്ചലിലേക്ക് തിരിച്ചിട്ടുണ്ട്.

 

വിഷാദ രോഗത്തിന്റെ ചികിത്സക്കായി കഴിഞ്ഞ മാസം 21നാണ് അയര്‍ലന്‍ഡുകാരിയായ ലിഗ സ്‌ക്രോമെനും സഹോദരി ലില്‍സിയും പോത്തന്‍കോട് അരുവിക്കരകോണത്തുള്ള ആശുപത്രിയിലെത്തിയത്. ഫോണും പാസ്‌പോര്‍ട്ടുമെല്ലാം ഉപേക്ഷിച്ച് ഓട്ടോയില്‍ കയറി കോവളത്തുപോയ ലിഗയെ കുറിച്ച് പിന്നീട് ഒരു അറിവുമില്ല.

ലിഗയെ എത്രയും പെട്ടെന്ന് കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും എംബസിക്കും ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. പരാതി കൊണ്ട് ഫലമൊന്നും ഇല്ലാത്തതിനാല്‍ ലിഗയെ കണ്ടെത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരിക്കുകയും ചെയ്തിരുന്നു.