വയല്‍ക്കിളികളുടെ സമരത്തിന് പൂര്‍ണ പിന്തുണ: ബിജെപി

Posted on: March 21, 2018 3:47 pm | Last updated: March 21, 2018 at 3:47 pm

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ക്കിളികളുടെ സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്‍. ഈ മാസം 25ന് നടക്കുന്ന പ്രതിഷേധസമരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പങ്കെടുക്കുമെന്നും കുമ്മനം പറഞ്ഞു. സമരത്തിന് പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ അടുത്ത മാസം രണ്ടിനു കീഴാറ്റൂരില്‍ നിന്ന് കണ്ണൂരിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. വിഷയം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കുമ്മനം രാജശേഖരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

നേരത്തെ, സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫും സമരത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എ ഐ വൈ എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്.

സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നാണ് അറിയുന്നത്.