അഞ്ജുവും കര്‍ണം മല്ലേശ്വരിയും ദേശീയ നിരീക്ഷകപദവി ഒഴിയണമെന്ന് കേന്ദ്രം

Posted on: March 21, 2018 3:23 pm | Last updated: March 21, 2018 at 8:02 pm

ന്യൂഡല്‍ഹി: അഞ്ജുബോബി ജോര്‍ജും കര്‍ണം മല്ലേശ്വരിയും ദേശീയ കായികനിരീക്ഷകപദവി ഒഴിയണമെന്ന് കേന്ദ്ര കായികമന്ത്രാലയം. സ്വന്തമായി പരിശീലനകേന്ദ്രങ്ങളും അക്കാദമികളുമുള്ളതിനാല്‍ ഭിന്നതാത്പര്യം ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം.

പി.ടി.ഉഷ, അഭിനവ് ബിന്ദ്ര, ടേബിള്‍ ടെന്നിസ് മുന്‍താരം കമലേഷ് മെഹ്ത എന്നിവര്‍ക്കും കായികമന്ത്രാലയം കത്തയച്ചിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് പേരും ഏതാനും മാസംമുന്‍പുതന്നെ രാജിവെച്ചിരുന്നു. കായികമന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് പദവി ഏറ്റെടുത്തതെന്നും അവര്‍ക്ക് താത്പര്യമില്ലെങ്കില്‍ ഉടന്‍ സ്ഥാനമൊഴിയുമെന്നും അഞ്ജു ബോബി ജോര്‍ജ് പ്രതികരിച്ചു.

മിഷന്‍ ഒളിമ്പിക്‌സിന്റെ ഭാഗമായി 12 പേരെയാണ് ദേശീയ നിരീക്ഷകരായി നിയമിച്ചിരുന്നത്. മാര്‍ച്ച് 2017ലായിരുന്നു നിയമനം. മുകളില്‍ പറഞ്ഞ അഞ്ച് പേരെ കൂടാതെ സഞ്ജീവ് കുമാര്‍ സിംഗ് (ആര്‍ച്ചറി), അപര്‍ണ പൊപാട് (ബാഡ്മിന്റന്‍), മേരി കോം, അഖില്‍ കുമാര്‍ (ബോക്‌സിംഗ്), ജഗ്ബിര്‍ സിംഗ് (ഹോക്കി), സോംദേവ് ദേവ് വര്‍മന്‍( ടെന്നിസ്), സുശില്‍ കുമാര്‍ (ഗുസ്തി), ഐഎം വിജയന്‍ (ഫുട്‌ബോള്‍), കഞ്ജന്‍ സിംഗ് (നീന്തല്‍) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.