ഇറാഖിലെ ഇന്ത്യാക്കാരുടെ കൂട്ടക്കൊല മറച്ചുവെച്ച കേന്ദ്ര നടപടി മനുഷ്യത്വരഹിതം: മുഖ്യമന്ത്രി

Posted on: March 21, 2018 1:50 pm | Last updated: March 21, 2018 at 3:56 pm

തിരുവനന്തപുരം: ഇറാഖില്‍ ഇസില്‍ ഭീകരര്‍ 39 ഇന്ത്യാക്കാരെ കൊലപ്പെടുത്തിയ സംഭവത്തെ നിയമസഭ ഒന്നടങ്കം അപലപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് നിയമസഭയുടെ അനുശോചനം അറിയിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ആ വിവരം അറിയിക്കാതെ പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തിയത് മനുഷ്യത്വരഹിതമായ നടപടിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

]2014 ജൂണില്‍ ഇറാഖിലെ മൊസോളില്‍ ഭീകരര്‍ ബന്ദികളാക്കിയ നിര്‍മാണ തൊഴിലാളികളെയാണ് ഇത്തരത്തില്‍ കൂട്ടക്കൊല ചെയ്തിട്ടുള്ളത്. പഞ്ചാബില്‍ നിന്നുള്ള 27 പേരും ബീഹാറില്‍ നിന്നുള്ള ആറ് പേരും ഹിമാചല്‍പ്രദേശില്‍ നിന്നുള്ള നാല് പേരും ബംഗാളില്‍ നിന്നുള്ള രണ്ട് പേരുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത് എന്ന വിവരം പാര്‍ലിമെന്റില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ്. ഇത്തരം ദാരുണമായ സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ആദ്യമായി ബന്ധുക്കളെ അറിയിക്കുകയാണ് ചെയ്യേണ്ടത്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായി പാര്‍ലിമെന്റില്‍ നേരിട്ട് അറിയിക്കുന്ന രീതിയാണ് ഉണ്ടായിട്ടുള്ളത്. ബന്ദികളാക്കപ്പെട്ടവര്‍ കൊല്ലപ്പെട്ടുവെന്ന്, രക്ഷപ്പെട്ട് ഇന്ത്യയില്‍ മടങ്ങിയെത്തിയ ദൃക്‌സാക്ഷി ഹര്‍ജിത്ത് മാസിയുടെ വെളിപ്പെടുത്തല്‍ കേന്ദ്രസര്‍ക്കാര്‍ ഇത്രകാലവും അവഗണിക്കുകയായിരുന്നു. മാത്രമല്ല, മാസി നുണ പറയുകയാണെന്ന് ആരോപിച്ചും കള്ളക്കേസ് ചാര്‍ജ്ജ് ചെയ്തും അദ്ദേഹത്തെ ജയിലിലടക്കുകയും ചെയ്തു ഈ പ്രശ്‌നം സംബന്ധിച്ച് പാര്‍ലിമെന്റില്‍ പ്രസ്താവന നടത്തേണ്ടിവന്ന സന്ദര്‍ഭങ്ങളിലെല്ലാം വസ്തുത സഭയില്‍ നിന്ന് മറച്ചുവെയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചത്. ഇത് അങ്ങേയറ്റം ഖേദകരമാണ്. മനുഷ്യത്വരഹിതമായ നടപടിയായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.