Connect with us

National

പാര്‍ലിമെന്റ് സ്തംഭിച്ചു; തുടര്‍ച്ചയായ പതിമൂന്നാം ദിനം

Published

|

Last Updated

ന്യൂഡല്‍ഹി: പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പാര്‍ലിമെന്റിന്റെ ഇരുസഭകളും ഇന്നത്തേക്ക് പിരിഞ്ഞു. തുടര്‍ച്ചയായ 13ാം ദിനമാണ് പാര്‍ലിമെന്റ് സ്തംഭിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെ കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിനെച്ചൊല്ലിയായിരുന്നു ലോക്‌സഭയില്‍ പ്രതിപക്ഷ ബഹളം. ടിഡിപി, വൈഎസ്ആര്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ബഹളം വെച്ചു. തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തിവെച്ചു. ഇതിനേ ശേഷവും ബഹളം തുടര്‍ന്നതോടെ നടപടികള്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുന്നില്ലെന്ന് കാണിച്ച് സഭ ഇന്നത്തേക്ക് പിരിയുന്നതായി സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിക്കുകയായിരുന്നു.

ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ടിഡിപി അംഗങ്ങള്‍ രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ബഹളം രൂക്ഷമാതോടെ രാജ്യസഭാ അധ്യക്ഷന്‍ സഭ പതിനൊന്ന് മണിവരെ നിര്‍ത്തിവെച്ചു. തുടര്‍ന്ന് സഭ വീണ്ടും ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നു. ഇതോടെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്നാവശ്യപ്പെട്ട് അണ്ണാം ഡിഎംകെയും സംവരണ പ്രശ്‌നമുന്നയിച്ച് ടിആര്‍എസും പ്രതിഷേധിച്ചു. ഇറാഖില്‍ ഇസില്‍ ബന്ദികളാക്കിയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട സംഭവം ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് രാജ്യസഭയില്‍ ആവശ്യപ്പെട്ടു.