കൊച്ചിയില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കും: ജിസിഡിഎ

Posted on: March 21, 2018 12:27 pm | Last updated: March 21, 2018 at 1:24 pm

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റും ഫുട്‌ബോളും നടത്താന്‍ കഴിയുമോയെന്ന് പരിശോധിക്കുമെന്ന് വിശാല കൊച്ചി വികസന അതോറിറ്റി (ജിസിഡിഎ). വിദഗ്ധരുടെ അഭിപ്രായം തേടിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ജിസിഡിഎ അറിയിച്ചു. രണ്ടും നടത്താമെങ്കില്‍ നടത്തണമെന്നാണ് നിലപാടെന്ന് ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു.

കേരള ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റുമായി നടന്ന ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചിയിലേത് ഫുട്‌ബോളിനായുള്ള അന്താരാഷ്ട്ര നിലവാരമുള്ള ടര്‍ഫാണ്. ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശേഷം ഈ ടര്‍ഫ് പുനസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍ രണ്ട് മത്സരങ്ങളും കൊച്ചിയില്‍ നടക്കണമെന്നാണ് ജിസിഡിഎയുടെ നിലപാട്.

കൊച്ചിയില്‍ ഫുട്‌ബോളും തിരുവനന്തപുരത്ത് ക്രിക്കറ്റും മാത്രമെന്ന് പറയാന്‍ കഴിയില്ല. രണ്ട് സ്‌റ്റേഡിയങ്ങളിലും ക്രിക്കറ്റും ഫുട്‌ബോളും നടക്കണം. കൊച്ചിയില്‍ ഫുട്‌ബോള്‍ മാത്രം മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അങ്ങനെയാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.