സ്വകാര്യവിവരങ്ങള്‍ ചോര്‍ത്തല്‍:ഫേസ്ബുക്കിനെതിരെ അന്വേഷണം

Posted on: March 21, 2018 10:18 am | Last updated: March 21, 2018 at 12:13 pm

വാഷിങ്ടണ്‍: ദശലക്ഷക്കണക്കിന് ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ രാഷ്ട്രീയ ഉപദേശങ്ങള്‍ നല്‍കുന്ന കമ്പനി ദുരുപയോഗം ചെയ്തുവെന്ന ആരോപണത്തില്‍ ഫേസ്്ബുക്കിനെതിരെ യു എസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ അന്വേഷണം നടത്തും.

2016ലെ അമേരിക്കന്‍ പൊതുതിരഞ്ഞെടുപ്പില്‍ ട്രംപിന്റെ പ്രചാരണ വിഭാഗത്തിനായി പ്രവര്‍ത്തിച്ച കേംബ്രിഡ്ജ് അനലിറ്റിക(സി എ) എന്ന കമ്പനി 50 ദശലക്ഷത്തോളം ഫേസ്ബുക്ക് ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ അവരറിയാതെ ശേഖരിച്ചുവെന്നാണ് ആരോപണം. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സി എ യുടെ തലവന്‍ അലക്‌സാണ്ടര്‍ നിക്‌സിനെ കമ്പനി ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

അമേരിക്കന്‍ തിരഞ്ഞെടുപ്പ് നിയമങ്ങള്‍ കമ്പനി ലംഘിച്ചു എന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടികള്‍. എന്നാല്‍ തങ്ങല്‍ തെറ്റായിട്ടൊന്നും ചെയ്തിട്ടില്ലെന്നാണ് ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ നിലപാട്. പുതിയ ആരോപണങ്ങള്‍ ഫേസ്ബുക്കിന്റെ സ്റ്റോക്ക് എക്‌സചേഞ്ച് ഷെയര്‍ മൂല്യങ്ങളില്‍ ഇടിച്ചിലിന് കാരണമായിട്ടുണ്ട്. എന്നാല്‍ പ്രതിസന്ധിയെത്തുടര്‍ന്ന് കാലിഫോര്‍ണിയയിലെ ഫേസ്ബുക്ക് ആസ്ഥാനത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ സി ഇ ഒ മാര്‍ക് സുക്കര്‍ബെര്‍ഗ് പങ്കെടുത്തിട്ടില്ല.