Connect with us

Kerala

ഫാറൂഖ് കോളജ് സംഘര്‍ഷം : അധ്യാപകനും ലാബ് അസിസ്റ്റന്‍ഡും അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട് : ഹോളി ആഘോഷിച്ചതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഫാറൂഖ് കോളജിലെ ഒരു അധ്യാപകനേയും ലാബ് അസിസ്റ്റന്‍ഡിനേയും അറസ്റ്റ് ചെയ്തു. അതേസമയം സംഭവങ്ങളന്വേഷിക്കാനുള്ള കമ്മീഷന്റെ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. അധ്യാപകനായ മുഹമ്മദ് നിഷാദ്, ലാബ് അസിസ്റ്റന്‍ഡ് എ പി ഇബ്‌റാഹിം എന്നിവരെയാണ് ഫറോക്ക് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
അതേസമയം അധ്യാപകരായ യൂനുസ്, സാജിര്‍ എന്നിവരെ പിടികൂടിയിട്ടില്ല. മൂന്ന് അധ്യാപകര്‍ക്കെതിരേയും ലാബ് അസിസ്റ്റന്‍ഡിനെതിരേയും നേരത്തെ കേസെടുത്തിരുന്നു. ഗൂഢാലോചന, ആയുധംകൊണ്ടു പരുക്കേല്‍പ്പിക്കല്‍, ശാരീരികമായി മര്‍ദിക്കല്‍ തുടങ്ങി ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഏഴോളം വകുപ്പുകള്‍ ചുമത്തിയായിരുന്നു കേസെടുത്തത്. കൂടാതെ കണ്ടാലറിയാവുന്ന മറ്റ് അധ്യാപകര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. എസ് ഐ. എ രമേശ് കുമാറിന്റെ നേതൃത്വത്തിലാണ് കേസന്വേഷിക്കുന്നത്.

വ്യാഴാഴ്ച ഉച്ചയോടെയാണ് ഹോളി ആഘോഷവുമായി ബന്ധപ്പെട്ടുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും മര്‍ദനത്തില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റത്. കോമേഴ്‌സ് വിഭാഗം വിദ്യാര്‍ഥികളായ ഷഹീന്‍, ഷബാബ്, ബി ബി എ വിദ്യാര്‍ഥി ഫഹ്മിന്‍, ഇക്കണോമിക്‌സ് വിദ്യാര്‍ഥി അനീഷ്, സ്റ്റാറ്റിസ്റ്റിക്‌സ് വിദ്യാര്‍ഥി അജ്ഹദ് എന്നിവര്‍ക്കായിരുന്നു പരുക്കേറ്റത്. വിദ്യാര്‍ഥികളുടെ കാറിടിച്ച് പരുക്കേറ്റ ലാബ് അസിസ്റ്റന്‍ഡ് എ പി ഇബ്‌റാഹിം കുട്ടിക്കും പരുക്കേറ്റിരുന്നു. അതേസമയം സംഭവങ്ങളെ കുറിച്ചന്വേഷിക്കുന്ന കമ്മീഷന്‍ ഇന്നും നാളെയുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കി നാളെത്തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ്.

മലയാള വിഭാഗം തലവന്‍ കെ എ നസീര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ ഇദ്ദേഹത്തെ കൂടാതെ അഞ്ച് അധ്യാപകരും പി ടി എ പ്രതിനിധിയായി കമാല്‍ വരദൂരും അനധ്യാപക പ്രതിനിധിയായി പി അബ്ദുല്‍ മജീദും വിദ്യാര്‍ഥി പ്രതിനിധിയായി യൂനിയന്‍ ചെയര്‍പേഴ്‌സന്‍ മിനാ പര്‍സാനയുമാണുള്ളത്. അതിനിടെ ഫാറൂഖ് ട്രെയിനിംഗ് കോളജ് അധ്യാപകന്റെ വിവാദ പ്രസംഗത്തിലെ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് ഡി വൈ എഫ് ഐയുടെ നേതൃത്വത്തില്‍ കോളജ് ക്യാമ്പസിന് മുന്നില്‍ ഇന്നലെ പ്രതിഷേധം സംഘടിപ്പിച്ചു. പ്രസംഗത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ അധ്യാപകനെതിരെ മാനേജ്‌മെന്റ് നടപടിയെടുക്കില്ലെന്നാണ് സൂചന. അധ്യാപകന്‍ നടത്തിയ പ്രസംഗം ദിവസങ്ങള്‍ക്ക് മുമ്പുള്ളതാണെന്നും കോളജുമായി അതിന് യാതൊരു ബന്ധവുമില്ലാത്തത് കൊണ്ട് ഇക്കാര്യത്തില്‍ ഇടപെടേണ്ടതില്ലെന്നുമാണ് മാനേജ്‌മെന്റ് നിലപാട്. നരിക്കുനി മണ്ഡലം ഐ എസ് എം സമ്മേളനത്തിലാണ് ട്രെയിനിംഗ് കോളജ് അധ്യാപകന്‍ വിവാദ പരാമര്‍ശം നടത്തിയത്.

അതിനിടെ അധ്യാപകനെ വിമര്‍ശിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായി. പോസ്റ്റിനെതിരെ മുസ്‌ലിം ലീഗിലുള്ളവരുള്‍പ്പെടെ രംഗത്തെത്തിയതോടെ അദ്ദേഹം ഇന്നലെ വീണ്ടും പോസ്റ്റിട്ടു. ഫാറൂഖ് ട്രെയിനിംഗ് കോളജിലെ ഒരധ്യാപകന്‍ പ്രസംഗത്തിനിടയില്‍ നടത്തിയ പരാമര്‍ശങ്ങള്‍ അങ്ങേയറ്റം അശ്ലീലവും അധ്യാപക പദവിയെ കളങ്കപ്പെടുത്തുന്നതും സഭ്യതക്ക് നിരക്കാത്തതുമാണെന്ന് സമ്മതിച്ചു കൊണ്ട് തന്നെ ചില കാര്യങ്ങള്‍ പറയേണ്ടതുണ്ടെന്ന് എന്ന് തുടങ്ങിയാണ് അദ്ദേഹം കഴിഞ്ഞ ദിവസം പോസ്റ്റിട്ടത്. ഒരധ്യാപകന്റെ തെറ്റിന്റെ പേരില്‍ മഹത്തായ ഒരു സ്ഥാപനത്തെ കരിവാരിത്തേക്കുകയും ഇകഴ്ത്തുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ അത്ര നിഷ്‌കളങ്കമാണെന്ന് കരുതാന്‍ വയ്യെന്നും അദ്ദേഹം പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഇന്നലെ അദ്ദേഹം മറ്റൊരു പോസ്റ്റിടുകയായിരുന്നു.

ഫാറൂഖ് കോളജുമായി ബന്ധപ്പെട്ട് നിരന്തരമായി വിവാദങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നവരുടെ രാഷ്ട്രീയവും ഹിഡന്‍ അജന്‍ഡകളും ഉയര്‍ത്തിക്കൊണ്ടുള്ള തന്റെ മുന്‍ പോസ്റ്റ് ആ അര്‍ഥത്തില്‍ ചര്‍ച്ച ചെയ്യുന്നതിന് പകരം അധ്യാപകന്റെ പ്രസംഗത്തെ സംബന്ധിച്ച പരാമര്‍ശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെട്ടത് കൊണ്ടാണ് വീണ്ടുമൊരു പോസ്റ്റിടുന്നതെന്നായിരുന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

---- facebook comment plugin here -----

Latest