Connect with us

Kerala

കീഴാറ്റൂര്‍ ബൈപാസ് അലൈന്‍മെന്റ് മാറ്റില്ല

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂര്‍ തളിപ്പറമ്പിലെ കീഴാറ്റൂര്‍ വഴി നിര്‍മിക്കുന്ന ദേശീയപാത ബൈപാസിന്റെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. മൂന്നെണ്ണം പരിശോധിച്ചതില്‍ ഏറ്റവും അനുയോജ്യമായ അലൈന്‍മെന്റാണ് ദേശീയപാത അതോറിറ്റി അംഗീകരിച്ചിരിക്കുന്നതെന്നും സമരം ചെയ്യുന്നവര്‍ക്ക് ബദല്‍ മാര്‍ഗം നിര്‍ദേശിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. സമരം ചെയ്യുന്നവര്‍ വയല്‍കിളികളല്ലെന്നും വയലിന് മുകളില്‍ പാറിപ്പറക്കുന്ന കഴുകന്മാരാണെന്നും ഇവര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടോയെന്ന് അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെയുള്ള വയല്‍ക്കിളി സമരത്തെ പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തിരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. പ്രതിപക്ഷത്തു നിന്നും വി ഡി സതീശനാണ്് അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടിയത്. വികസനപരമായോ കാര്‍ഷികപരമായോ പ്രതിപക്ഷം ഉന്നയിച്ച വിഷയത്തിന് യാതൊരു അടിയന്തിര സ്വഭാവവുമില്ലെന്നും മന്ത്രി പറഞ്ഞു.

കീഴാറ്റൂരിലെ സമരം ജനാധിപത്യ വിരുദ്ധമാണ്. കൃഷിക്ക് വേണ്ടി ഒരുതുള്ളി വിയര്‍പ്പൊഴുക്കാത്തവരാണ് സമരത്തിന് പിന്നില്‍. ആത്മഹത്യാഭീഷണി ഉയര്‍ത്തുന്ന ഇത്തരത്തില്‍ നിയമവിരുദ്ധമായ സമരം നടത്തുന്നവര്‍ക്ക് വേണ്ടി ഒരു വാക്കുപോലും പ്രതിപക്ഷം പറയരുത്. മാലാഖമാര്‍ കടക്കാന്‍ മടിക്കുന്നിടത്ത് ചെകുത്താന്‍മാര്‍ വരും. ഈ സമരത്തിന് പിന്നില്‍ ദേശവിരുദ്ധ താത്പര്യമുണ്ടോയെന്ന് പരിശോധിക്കണം. വെറും 750 മീറ്റര്‍ സ്ഥലത്തിനെചൊല്ലിയാണ് തര്‍ക്കം. അവിടെയുള്ള നീര്‍ച്ചാലുകളും വെള്ളകെട്ടുകളും സംരക്ഷിച്ചുകൊണ്ടുള്ള നിര്‍മാണം ആലോചിക്കാവുന്നതാണ്. ശാസ്ത്രീയമായി ഇനി അതിന്റെ ഘടനമാറ്റാനാവില്ല. എന്‍ എച്ച് ബൈപ്പാസിന്റെ അലൈന്‍മെന്റ് മാറ്റാന്‍ തയ്യാറാണെന്ന ബി ജെ പി നേതാവും നിയുക്ത എം പിയുമായ വി മുരളീധരന്റെ പ്രസ്താവന കളവാണ്. അങ്ങനെയൊരു നിര്‍ദ്ദേശവും ഹൈവേ അതോറിറ്റി മുന്നോട്ടു വെച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര ട്രസ്റ്റിന്റെ സ്ഥലത്ത് അനധികൃതമായാണ് സമരപ്പന്തല്‍ കെട്ടിയതെന്നും അത് പൊളിച്ചുതരാന്‍ ആ ക്ഷേത്ര ഭാരവാഹികള്‍ തന്നെ പോലീസിന് പരാതി നല്‍കിയിരുന്നെന്നും സ്ഥലം എം എല്‍ എകൂടിയായ ജെയിംസ് മാത്യു ചൂണ്ടിക്കാട്ടി.
ലാത്തി ഉപയോഗിച്ച് സമരത്തെ അടിച്ചമര്‍ത്താനും വയല്‍ മണ്ണിട്ട് നികത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് വി ഡി സതീശന്‍ ആരോപിച്ചു. മുമ്പ് ബൈപ്പാസുമായി ബന്ധപ്പെട്ട അലൈന്‍മെന്റ് തയാറാക്കാനും ഇതുസംബന്ധിച്ച സര്‍വേക്കുമായി വന്ന ഉദ്യോഗസ്ഥരെ തടഞ്ഞത് സി പി എം പ്രവര്‍ത്തകരായിരുന്നു. അവരെ പോലും കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സി പി എമ്മിനോ ഈ സര്‍ക്കാറിനോ സാധിക്കുന്നില്ല. വികസനാവശ്യങ്ങള്‍ക്ക് വേണ്ടി ഭൂമിയേറ്റെടുക്കുമ്പോള്‍ പാലിക്കേണ്ട നിയമത്തിലെ വകുപ്പുകളൊന്നും ഇവിടെ പാലിക്കപ്പെട്ടിട്ടില്ല.
വയല്‍ നികത്തിയുള്ള ബൈപ്പാസ് നിര്‍മാണത്തില്‍ എതിര്‍പ്പുയര്‍ന്നപ്പോള്‍ പൊതുമരാമത്ത് മന്ത്രി സമരക്കാരുമായി ചര്‍ച്ച നടത്തിയ ശേഷം ഇതേപ്പറ്റി പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയച്ചു. തുടര്‍ന്ന് കലക്ടറുടെ സാന്നിധ്യത്തില്‍ നടന്ന യോഗവും പ്രഹസനമായി. തുടര്‍ പ്രതിഷേധം നടത്തിയ വയല്‍ക്കാവല്‍ക്കാരുടെ സമരപ്പന്തല്‍ സി പി എമ്മുകാര്‍ കത്തിച്ചു. മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. ഇതെല്ലാം നടക്കുമ്പോള്‍ പോലീസ് കാഴ്ച്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. നന്ദി ഗ്രാമില്‍ സി പി എം നടത്തിയ അഴിഞ്ഞാട്ടം കേരളത്തില്‍ അനുവദിക്കില്ലെന്നും സതീശന്‍ പറഞ്ഞു.

വികസനത്തിന്റെ കാര്യത്തില്‍ എതിര്‍പ്പില്ലെന്നും സമരക്കാരെ നേരിടുന്ന സമീപനമാണ് പ്രശ്‌നമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. കൃഷിക്കാരെ വിളിച്ച് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് കെ എം മാണിയും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് മന്ത്രിയുടെയും വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കെ എം മാണി വിഭാഗവും ഒ രാജഗോപാലും സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി.

Latest