Connect with us

National

കൂട്ടപുഴയില്‍ കര്‍ണാടകയുടെ രഹസ്യ സര്‍വേ

Published

|

Last Updated

കൂട്ടുപുഴ പാലം നിര്‍മാണ മേഖലയില്‍ കര്‍ണാടക വനംവകുപ്പും റവന്യു വകുപ്പും
നടത്തിയ സര്‍വേക്കെത്തിയവര്‍

ഇരിട്ടി: കേരളവും കര്‍ണാടകയും അതിര്‍ത്തി തര്‍ക്കമുള്ള കൂട്ടപുഴയില്‍ പുതിയ പാലത്തിന്റെ നിര്‍മാണം കര്‍ണാടക വനം വകുപ്പ് തടഞ്ഞതിനെത്തുടര്‍ന്നുള്ള വിവാദം തുടരവെ കര്‍ണാടക വനം വകുപ്പിന്റെയും റവന്യു വകുപ്പിന്റെയും നേതൃത്വത്തില്‍ സര്‍വെ. ഇന്നലെ രാവിലെ 10ഓടെയാണ് കര്‍ണാടക വനം- റവന്യു വകുപ്പുകളുടെ ഉന്നത തല സംഘം കൂട്ടപുഴയില്‍ പാലം നിര്‍മാണ മേഖലയില്‍ സര്‍വെക്കായി എത്തിയത്. നിരവധി ഫയലുകളും സ്ഥലത്തിന്റെ വലിയ സ്‌കെച്ചുമായി എത്തിയ പത്തോളം വരുന്ന സംഘം കേരളത്തിന്റെ ഭാഗത്ത് നടക്കുന്ന പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ എടുത്തു. ഈസമയം അവിടെയെത്തിയ മാധ്യമപ്രവര്‍ത്തകരെ കണ്ട സംഘം ഫോട്ടോ എടുക്കരുതെന്ന് വിലക്കുകയും ഉടന്‍ തന്നെ സംഘത്തലവന്‍ വാഹനത്തില്‍ കയറുകയും ചെയ്തു. കൂട്ടുപുഴ പഴയ പാലത്തിന് സമീപം കുറച്ച് സമയം ചിലവഴിച്ച ശേഷം സംഘം മടങ്ങുകയായിരുന്നു. സര്‍വെക്കെത്തിയതാണെന്ന് പറഞ്ഞ സംഘത്തലവന്‍ മാധ്യമപ്രവര്‍ത്തകരുടെ മറ്റ്് ചോദ്യങ്ങളോട് പ്രതികരിച്ചില്ല.

പാലം നിര്‍മാണത്തിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ ചീഫ് സെക്രട്ടറി തലത്തിലും റവന്യു സെക്രട്ടറി തലത്തിലും കഴിഞ്ഞ ദിവസം ഇടപെടലുകള്‍ നടത്തിയിരുന്നു. കൂട്ടപുഴ വരെയുള്ള ഭാഗം പൂര്‍ണമായും തങ്ങളുടെതാണെന്നാണ് കര്‍ണാടക വനം വകുപ്പ് അവകാശപ്പെടുന്നത്. എന്നാല്‍ പാലത്തിന്റെ മാക്കുട്ടം റോഡ് വരെയുള്ള ഭാഗം കേരളത്തിന്റെ റവന്യു ഭൂമിയാണെന്നാണ് കേരളത്തിന്റെ വാദം. ഇതിനുള്ള രേഖകളും കൈയിലുണ്ടെന്നാണ് റവന്യു സംഘം പറയുന്നത്. എന്നാല്‍ കൂട്ടുപുഴ പുഴവരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് ആവകാശപ്പെടുമ്പോഴും ഇതിനുള്ള രേഖകള്‍ കണിക്കാന്‍ കര്‍ണ്ണാടക സംഘത്തിന് സാധിക്കുന്നില്ല. സംസ്ഥാന പുനഃസംഘടനാ സമയത്ത് ഇരു സംസ്ഥാനങ്ങളും സംയുക്തമായി നിര്‍ണയിച്ച അതിര്‍ത്തി രേഖയാണ് റവന്യു സംഘത്തിന്റെ പക്കലുള്ളത്. എന്നാല്‍, ബ്രിട്ടീഷ് ഭരണകാലത്ത് ബ്രഹ്മഗിരി വന്യജീവി സങ്കേതം പ്രഖ്യാപിച്ചപ്പോള്‍ അതിര്‍ത്തിയായി കണക്കാക്കിയത് കൂട്ടുപുഴ പുഴ വരെയുള്ള ഭാഗമായിരുന്നു. ഇതാണ് അധികാരിക രേഖയായി കര്‍ണ്ണാടക വനം വകുപ്പ് ഉയര്‍ത്തിക്കാണിക്കുന്നത്. ഇതിന് നിയമ സാധുത ഇല്ലെന്നിരിക്കെ കര്‍ണ്ണാടക നടത്തിയ പുതിയ സര്‍വെയില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.

കൂട്ടപുഴ പുതിയ പാലത്തിന്റെ കേരളത്തിന്റെ ഭാഗത്തിന്റെ നിര്‍മാണം അടുത്തയാഴ്ച്ചയോടെ പൂര്‍ത്തിയാകും. പ്രതിസന്ധി പരിഹരിക്കുന്നതിന് നടപടിയുണ്ടായില്ലെങ്കില്‍ കാലവര്‍ഷത്തിന് മുമ്പ് ബാക്കി ഭാഗത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയില്ല.

Latest