അതിര്‍ത്തിയിലെ കള്ളക്കടത്ത് കേസ്: ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന്

Posted on: March 21, 2018 6:04 am | Last updated: March 21, 2018 at 12:48 am
SHARE

തിരുവനന്തപുരം: അതിര്‍ത്തിയിലെ കള്ളക്കടത്ത് കേസില്‍ കൂടുതല്‍ ബി എസ് എഫ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് സി ബി ഐ. സൈന്യത്തില്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ വഹിക്കുന്നവരാണ് ഇവരെന്നും കേസില്‍ രഹസ്യ സ്വഭാവം നിലനിര്‍ത്താന്‍ ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാകില്ലെന്നും സി ബി ഐ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ബി എസ് എഫ് ഉദ്യോഗസ്ഥന്‍ പണം കടത്തിയ കേസിലെ രണ്ടാം പ്രതി മുഹമ്മദ് ഇമാമുല്‍ ഹഖ് എന്ന ബിഷു ശൈഖിന്റെ ജാമ്യാപേക്ഷയില്‍ വാദം പരിഗണിക്കവെയാണ് സി ബി ഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.

മുന്‍ സോളിസിറ്റര്‍ ജനറല്‍ ഒഫ് ഇന്ത്യ ഫാറൂഖ് എം റസാഖാണ് ബിഷു ശൈഖിന് വേണ്ടി ഇന്നലെ കോടതിയില്‍ ഹാജരായത്. സി ബി ഐ പിടികൂടിയത് അന്താരാഷ്ട്ര കള്ളക്കടത്തുകാരനായ ബിഷു ശൈഖ് അല്ലെന്ന് ജാമ്യ അപേക്ഷയില്‍ അഭിഭാഷകന്‍ വാദിച്ചു. ഇയാളുടെ പേര് മുഹമ്മദ് ഇമാമുല്‍ ഹഖ് എന്നാണെന്നും കൊല്‍ക്കത്തയിലെ ബിസിനസുകാരനാണെന്നും കോടതിയെ അറിയിച്ചു. ഇയാള്‍ക്ക് കൊല്‍ക്കത്തയില്‍ രണ്ട് കമ്പനികള്‍ ഉണ്ട്.

വര്‍ഷം തോറും 90 ലക്ഷം രൂപ നികുതി അടക്കുന്ന വ്യക്തിയാണെന്നും അതുകൊണ്ട് തന്നെ ഇയാള്‍ക്ക് ജാമ്യം നല്‍കണമെന്നും മുന്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വാദിച്ചു. ബിഷു ശൈഖിന്റെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം പ്രത്യേക സി ബി ഐ കോടതി ജഡ്ജി നാസറാണ് ജാമ്യാപേക്ഷയില്‍ വിധി പറയുക. കഴിഞ്ഞ മാസം നാലിനാണ് ബി എസ് എഫ് കമാന്‍ഡര്‍ ജിബു ഡി മാത്യുവിന് കൈക്കൂലി നല്‍കിയിരുന്ന അന്താരാഷ്ട്ര കള്ളക്കടത്ത്കാരനും കേസിലെ രണ്ടാം പ്രതിയുമായ മുഹമ്മദ് ഇമാമുള്‍ ഹഖ് എന്ന ബിഷു ശൈഖിനെ സി ബി ഐ കൊല്‍ക്കത്തയില്‍ നിന്ന് പിടികൂടിയത്.

ഇന്ത്യ – ബംഗ്ലാദേശ് അതിര്‍ത്തിയില്‍ എത്തുന്ന കള്ളക്കടത്തുകാര്‍ക്ക് ബി എസ് എഫ് കമാന്‍ഡര്‍ വഴിവിട്ട സഹായങ്ങള്‍ ചെയ്തിരുന്നത് ബിഷു ശൈഖിന്റെ നിര്‍ദേശ പ്രകാരമാണെന്നാണ് സി ബി ഐ കണ്ടെത്തിയിരുന്നത്. അരക്കോടി രൂപയുമായി യാത്ര ചെയ്യവേ ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് ബി എസ് എഫ് കമാന്‍ഡര്‍ ജിബു ഡി മാത്യുവിനെ സി ബി ഐ പിടികൂടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here