Connect with us

Kerala

ജനപ്രതിനിധികളുടെ ശമ്പളം: ബില്‍ സബ്ജക്ട് കമ്മിറ്റിക്ക്

Published

|

Last Updated

തിരുവനന്തപുരം: മന്ത്രിമാരുടെയും എം എല്‍ എമാരുടെയും ശമ്പള വര്‍ധന നിര്‍ദേശിക്കുന്ന 2018ലെ ശമ്പളവും ബത്തകളും നല്‍കല്‍ (ഭേദഗതി) ബില്ലും മുന്‍ എം എല്‍ എമാരുടെ പെന്‍ഷന്‍ വര്‍ധിപ്പിക്കുന്നതിനുള്ള 2018ലെ കേരള നിയമസഭാംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കല്‍ (ഭേദഗതി) ബില്ലും നിയമസഭയില്‍ അവതരിപ്പിച്ച് സബ്ജക്ട് കമ്മറ്റിക്ക് വിട്ടു.

മന്ത്രിമാരുടെ ശമ്പളം 55,012ല്‍ നിന്ന് 90,300 രൂപയായും എം എല്‍ എമാരുടേത് 39,500ല്‍ നിന്ന് 70,000 രൂപയായും ഉയരും. നിയമസഭാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിന് എം എല്‍ എമാര്‍ക്ക് വിമാന യാത്രാക്കൂലി ഇനത്തില്‍ പ്രതിവര്‍ഷം പരമാവധി 50,000 രൂപ വരെ അനുവദിക്കും. സാമാജികരുടെ അപകട ഇന്‍ഷുറന്‍സ് തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയരും.

ജനപ്രതിനിധികളുടെ ശമ്പളം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമപ്രചരണങ്ങള്‍ നിരാശാജനകമെന്ന് ബില്ല് അവതരിപ്പിച്ച മന്ത്രി എ കെ ബാലന്‍ പറഞ്ഞു. ഭരണഘടന ഉറപ്പ് നല്‍കുന്ന ആനുകൂല്യമാണിത്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ജയിംസ് കമ്മിറ്റി ശിപാര്‍ശ ചെയ്തതില്‍ നിന്ന് 15 ശതമാനത്തോളം കുറച്ചാണ് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നിശ്ചയിച്ചിരിക്കുന്നത്. മുന്‍കാല പ്രാബല്യം വേണ്ടെന്നുവെച്ചു. 2018 ഏപ്രില്‍ ഒന്നുമുതല്‍ വര്‍ധന പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

കാലാനുസൃതമായ പരിഷ്‌കരണം ന്യായമാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ജനപ്രതിനിധികളെ ദുസ്വാധീനങ്ങളിലേക്കും വ്യതിയാനങ്ങളിലേക്കും നയിക്കാതിരിക്കാന്‍ ഇത് സഹായകമാകും. ഇക്കാര്യം മാധ്യമങ്ങളും പൊതുസമൂഹവും മനസിലാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു.

മന്ത്രിമാര്‍, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, ചീഫ് വിപ്പ്, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്ക് തിരുവനന്തപുരം നഗരത്തിലും അതിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവിലും നടത്തുന്ന യാത്രകള്‍ക്കുള്ള ആനുകൂല്യം പ്രതിമാസം 10,500 രൂപയില്‍ നിന്ന് 17,000 രൂപയായി ഉയരും. ഇവര്‍ക്ക് പത്ത് ലക്ഷം രൂപ വരെ പലിശരഹിത വാഹന വായ്പയും 20 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ ഭവനിര്‍മാണ വായ്പയും ലഭിക്കും. സംസ്ഥാനത്തിനകത്തുള്ള യാത്രാബത്ത കിലോമീറ്ററിന് പത്ത് രൂപയില്‍ നിന്ന് 15 ആയി ഉയരും. ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 50 പൈസയില്‍ നിന്ന് രണ്ട് രൂപയായും ദിനബത്ത 750 രൂപയില്‍ നിന്ന് 1000 രൂപയായും വര്‍ധിക്കും.

സംസ്ഥാനത്തിനകത്ത് വാഹനത്തില്‍ യാത്ര ചെയ്യുന്നതിന് എം എല്‍ എമാര്‍ക്ക് കിലോമീറ്ററിന് നല്‍കുന്ന ബത്ത ഏഴ് രൂപയില്‍ നിന്ന് പത്ത് രൂപയാകും. ദിനബത്ത 750 രൂപയില്‍ നിന്ന് 1,000 രൂപയാകും. സ്ഥിരബത്തകള്‍ പ്രതിമാസം 1,000 രൂപയില്‍ നിന്ന് 2,000 രൂപയാകും. നിയോജകമണ്ഡലം ബത്ത പ്രതിമാസം 12,000 രൂപയില്‍ നിന്ന് 25,000 രൂപയാകും. ഏറ്റവും കുറഞ്ഞ യാത്രാബത്ത പ്രതിമാസം 15,000 രൂപയില്‍ നിന്ന് 20,000 രൂപയാകും. സംസ്ഥാനത്തിനകത്തും പുറത്തും ട്രെയിന്‍ യാത്രക്കുള്ള ബത്ത കിലോമീറ്ററിന് 50 പൈസയുള്ളത് ഒരു രൂപയാകും.

സംസ്ഥാനത്തിന് പുറത്തുള്ള ട്രെയിന്‍ യാത്രകള്‍ക്കുള്ള ആകസ്മിക ചെലവുകള്‍ കിലോമീറ്ററിന് 25 പൈസയില്‍ നിന്ന് ഒരു രൂപയാകും. സംസ്ഥാനത്തിന് പുറത്തുള്ള റോഡ് യാത്രക്കുള്ള ബത്ത കിലോമീറ്ററിന് ആറു രൂപയുള്ളത് പത്ത് രൂപയാകും. ടെലിഫോണ്‍ ബത്ത പ്രതിമാസം 7,500 രൂപയില്‍ നിന്ന് 11,000 രൂപയാകും.

Latest