സബ്കലക്ടറുടെ ഭൂമിദാനം: സര്‍ക്കാര്‍ ഭൂമിയായി നിലനിര്‍ത്തും

  •  ഫയലുകള്‍ ഏറ്റെടുത്തു
  • ലാന്‍ഡ് കമ്മീഷണര്‍ പരിശോധിക്കുന്നുവെന്ന് മന്ത്രി
Posted on: March 21, 2018 6:25 am | Last updated: March 21, 2018 at 12:39 am

തിരുവനന്തപുരം: വര്‍ക്കല അയിരൂരിലെ ഭൂമി സംബന്ധിച്ച വിവാദത്തില്‍ ഉത്തരവിന് ആധാരമായ ഫയല്‍ വിളിച്ചു വരുത്തി പരിശോധിക്കാനും സര്‍ക്കാര്‍ ഭൂമിയായി സംരക്ഷിക്കാനും ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായി മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയില്‍ അറിയിച്ചു. ലാന്‍ഡ് റവന്യൂ കമീഷണര്‍ ഫയല്‍ ഏറ്റെടുത്ത് പരിശോധന നടത്തി വരുന്നുവെന്നും വി ജോയിയുടെ സബ് മിഷന് മറുപടിയായി മന്ത്രി പറഞ്ഞു. 27 സെന്റ് ഭൂമി ലിജി എന്ന വ്യക്തി അനധികൃതമായി കൈവശം വെച്ചിരുന്നത് തഹസില്‍ദാര്‍ ഒഴിപ്പിച്ച് ഏറ്റെടുക്കുകയും സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ലിജി അധികാരിയായ സബ്കലക്ടര്‍ക്കും ഹൈക്കോടതിയിലും ഹരജി നല്‍കി. വിഷയത്തില്‍ പരിശോധിച്ച് തീരുമാനം എടുക്കാന്‍ കോടതി സബ്കലക്ടറോട് നിര്‍ദേശിച്ചിരുന്നു. ഇത് പ്രകാരം തഹസില്‍ദാര്‍ നല്‍കിയ ഉത്തരവ് റദ്ദാക്കി. റവന്യൂ അധികൃതര്‍ സര്‍ക്കാര്‍ ഭൂമിയാണെന്ന് കണ്ടെത്തിയ ശേഷം ഒരു കോടിയോളം രൂപ വില വരുന്ന 27 സെന്റ്്്് സ്ഥലം ഏറ്റെടുത്ത് ഇറക്കിയ ഉത്തരവ് അപ്പീല്‍ നല്‍കിയവരുടെ ഭാഗം മാത്രം കേട്ട് തീര്‍പ്പാക്കിയതിനെ കുറിച്ച് പത്ര വാര്‍ത്ത വന്നിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് വി ജോയി കത്ത് നല്‍കിയിരുന്നുവെന്ന് മന്ത്രി അറിയിച്ചു. വിവാദ ഭൂമി സംബന്ധിച്ച ഫയലുകള്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഏറ്റെടുത്തു.

കൈയേറ്റം ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് റവന്യൂ വകുപ്പ് തിരിച്ചുപിടിച്ച സര്‍ക്കാര്‍ ഭൂമി കോടതി വിധി മറയാക്കി സ്വകാര്യ വ്യക്തിക്ക് കൈമാറിയ തിരുവനന്തപുരം സബ് കലക്ടറുടെ നടപടി റവന്യൂ വകുപ്പ് താത്കാലികമായി സ്റ്റേ ചെയ്തിരുന്നു. വര്‍ക്കലയിലെ വിവാദ ഭൂമി കൈമാറ്റ ഉത്തരവാണ് സ്റ്റേ ചെയ്തത്. സംഭവത്തെക്കുറിച്ചു വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ലാന്‍ഡ് റവന്യു കമ്മീഷണര്‍ക്ക് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കിയിരുന്നു. അത് പ്രകാരമാണ് കമ്മീഷണര്‍ ഫയലുകള്‍ ഏറ്റെടുത്തത്.

സംഭവത്തിന്റെ സാഹചര്യം വിലയിരുത്തി അഴിമതിയോ വീഴ്ചയോ പറ്റിയിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് തുടര്‍ നടപടികളിലേക്ക് സര്‍ക്കാര്‍ പ്രവേശിക്കും. വര്‍ഷങ്ങളായി സ്വകാര്യവ്യക്തി കൈവശം വച്ചിരുന്ന സര്‍ക്കാര്‍ ഭൂമി കൈയേറിയതാണന്ന് ബോധ്യെപ്പട്ടതിനെ തുടര്‍ന്ന് റവന്യൂവകുപ്പ് തിരച്ചുപിടിച്ചിരുന്നു. പിന്നീട് തിരുവനന്തപുരം സബ് കലക്ടര്‍ ദിവ്യ എസ് അയ്യരാണ് ഇതുസംബന്ധിച്ച കോടതി വിധി മറയാക്കി അവര്‍ക്കുതന്നെ പതിച്ചു നല്‍കാന്‍ ഉത്തരവിട്ടത്. വര്‍ക്കല- പാരിപ്പള്ളി സംസ്ഥാനപാതക്ക് സമീപമായി സ്ഥിതി ചെയ്യുന്ന 27 സെന്റ് വിവാദഭൂമിക്ക് ഒരുകോടി രൂപയിലേറെ മതിപ്പുവിലയുണ്ട്.