അധ്യാപക നിയമനത്തിന് കെ ടെറ്റ് മാനദണ്ഡമാക്കിയതില്‍ ഇളവ്

Posted on: March 21, 2018 6:20 am | Last updated: March 21, 2018 at 12:23 am

മലപ്പുറം: സര്‍ക്കാര്‍ മേഖലയില്‍ സ്‌കൂള്‍ അധ്യാപകരാകാന്‍ കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ് (കെ ടെറ്റ്) മാനദണ്ഡമാക്കിയതില്‍ ഇളവ്. ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് സഹായകമാകുന്നതാണ് പുതിയ ഉത്തരവ്. കെ ടെറ്റ് കാറ്റഗറി ഒന്ന്, രണ്ട് എന്നിവയില്‍ ഏതെങ്കിലും ഒന്ന് വിജയിച്ചവരെ എല്‍ പി, യു പി അധ്യാപക നിയമനങ്ങള്‍ക്ക് ഇനി മുതല്‍ പരിഗണിക്കാം. സി ടെറ്റ് പ്രൈമറി സ്റ്റേജ് പാസായവരെ കെ ടെറ്റ് കാറ്റഗറി ഒന്നില്‍ നിന്നും സി ടെറ്റ് എലമന്ററി സ്റ്റേജ് പാസായവരെ കെ ടെറ്റ് കാറ്റഗറി രണ്ടില്‍ നിന്നും ഒഴിവാക്കും. കെ ടെറ്റ് കാറ്റഗറി മൂന്ന് വിജയിച്ചവര്‍ കാറ്റഗറി രണ്ട് നേടണമെന്ന നിബന്ധനയും വേണ്ടെന്ന് വെച്ചു.

നെറ്റ്, സെറ്റ്, എം ഫില്‍, പി എച്ച് ഡി, എം എഡ് എന്നീ യോഗ്യതകള്‍ നേടിയവര്‍ കെ ടെറ്റ് നേടേണ്ടതില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കി. 2012 മാര്‍ച്ച് 31ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രമോഷന്‍ ലഭിക്കുമ്പോള്‍ കെ ടെറ്റ് പാസ്സാകണമെന്ന നിബന്ധനയും ഒഴിവാക്കി. 2017-2018 അക്കാദമിക് വര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ മുപ്പത് ദിവസത്തില്‍ അധികമുള്ളതും ഒരു വര്‍ഷത്തില്‍ കുറവുള്ളതുമായ അവധി ഒഴിവുകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നടത്തുന്ന നിയമനങ്ങള്‍ക്ക് കെ ടെറ്റ് യോഗ്യതയുള്ളവരെ ലഭിച്ചില്ലെങ്കില്‍ കെ ടെറ്റ് ഇല്ലാത്തവരെയും പരിഗണിക്കണം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ഭാഗമായാണ് എല്‍ പി, യു പി, ഹൈസ്‌കൂള്‍, ഭാഷാ സ്‌പെഷ്യലിസ്റ്റ് വിഭാഗം അധ്യാപകരാകണമെങ്കില്‍ മറ്റ് യോഗ്യതകള്‍ക്കൊപ്പം കെ ടെറ്റും നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്.