ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് തട്ടിപ്പ്: അന്വേഷണത്തിന് പ്രത്യേക ക്രൈം ബ്രാഞ്ച് സംഘം

Posted on: March 21, 2018 6:13 am | Last updated: March 21, 2018 at 12:20 am
SHARE

തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നതായുള്ള പരാതിയില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് അന്വേഷണം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു. ക്രൈംബ്രാഞ്ച് ഐ ജിയുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചത്. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മുഖേന പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കാണ് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. ഇതിനുള്ള അപേക്ഷ ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളും ഓണ്‍ലൈന്‍ മുഖേനയാണ് നടത്തുന്നത്. എന്നാല്‍, ഈ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതായി മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരാതി നല്‍കുകയായിരുന്നു.

വിദ്യാര്‍ഥികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുന്നതിനും വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിമാര്‍ക്ക് അപേക്ഷ പരിശോധിക്കുന്നതിനും സ്‌കോളര്‍ഷിപ്പ് പ്രൊഫൈല്‍ ലോഗിന്‍ ചെയ്യുന്നതിനും യൂസര്‍ ഐ ഡിയും പാസ് വേര്‍ഡും നല്‍കിയിട്ടുണ്ട്. ഇപ്രകാരം സ്ഥാപന മേധാവികള്‍ നടത്തിയ പരിശോധനയില്‍ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അവിടെ പഠിക്കാത്ത വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ കണ്ടെത്തി. ചില അപേക്ഷകള്‍ സ്ഥാപന മേധാവിയുടെ അറിവോ സമ്മതമോ കൂടാതെ മറ്റേതോ വ്യക്തികള്‍ കൃത്രിമമായ മാര്‍ഗങ്ങളിലൂടെ വെരിഫിക്കേഷന്‍ നടത്തിയിരിക്കുന്നതായി കണ്ടെത്തി. അവര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സ്റ്റേറ്റ് ലെവല്‍ വെരിഫിക്കേഷന്‍ നടത്തുകയും കൂടുതല്‍ സ്ഥാപനങ്ങളില്‍ ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം നടത്തി വരികയാണ്. അപേക്ഷയോടൊപ്പം സമര്‍പ്പിച്ച മൊബൈല്‍ നമ്പറുകള്‍ പശ്ചിമ ബംഗാള്‍ സ്വദേശികളുടേതാണെന്ന് സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ അന്വേഷണം നടത്തി നിജസ്ഥിതി കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കൃത്രിമം കണ്ടെത്തിയ സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്യരുതെന്ന് ന്യൂനപക്ഷ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രാരംഭഘട്ടത്തില്‍ തന്നെ ക്രമക്കേട് കണ്ടെത്താന്‍ കഴിഞ്ഞതിനാല്‍ അനര്‍ഹര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടില്ലെന്നും വി ഡി സതീശന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here