Connect with us

National

അറസ്റ്റിന് മുന്‍കൂര്‍ അനുമതി തേടണം

Published

|

Last Updated

ന്യൂഡല്‍ഹി: 1989ലെ പട്ടികജാതി, വര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയുന്നതിന് സുപ്രീം കോടതി മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എസ് സി/എസ് ടി നിയമപ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളില്‍ പെട്ടെന്നുള്ള അറസ്റ്റ് ഒഴിവാക്കണമെന്നും മുന്‍കൂര്‍ അനുമതി തേടാതെ അറസ്റ്റ് ചെയ്യരുതെന്നും ജസ്റ്റിസുമാരായ എ കെ ഗോയല്‍, യു യു ലളിത് എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു. ഈ നിയമപ്രകാരമുള്ള കേസുകളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യണമെങ്കില്‍ നിയമന അതോറിറ്റിയുടെ രേഖാമൂലമുള്ള അനുമതി വേണമെന്നും കോടതി നിര്‍ദേശിച്ചു.

അറസ്റ്റിന് മുമ്പ് ഡെപ്യൂട്ടി സൂപ്രണ്ട് റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ പ്രാഥമിക അന്വേഷണം നടത്തണം. പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാവുന്നതാണ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവരുടെ കാര്യത്തില്‍ ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

ഇത്തരം അനുമതിപത്രം അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തിക്കും കോടതിയിലും നല്‍കേണ്ടതാണ്. വ്യക്തിയെ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമ്പോള്‍ രേഖപ്പെടുത്തിയ കാരണങ്ങള്‍ മജിസ്‌ട്രേറ്റ് സൂക്ഷ്മ പരിശോധന നടത്തണം. അതിന് ശേഷമേ തുടര്‍ന്ന് തടവില്‍വെക്കാന്‍ അനുമതി നല്‍കാവൂവെന്നും കോടതി വ്യക്തമാക്കി.

Latest