വയല്‍ക്കിളികള്‍ക്ക് സി പി ഐ പിന്തുണ

എ ഐ വൈ എഫ് സംഘം ഇന്ന് കീഴാറ്റൂര്‍ സന്ദര്‍ശിക്കും
Posted on: March 21, 2018 6:25 am | Last updated: March 21, 2018 at 12:10 am

തിരുവനന്തപുരം: കീഴാറ്റൂരിലെ വയല്‍ സമരത്തിന് പിന്തുണയുമായി സി പി ഐ രംഗത്ത്. സി പി ഐയുടെ യുവജന സംഘടനയായ എ ഐ വൈ എഫ് ആണ് സമരത്തിന് പരസ്യ പിന്തുണയുമായി രംഗത്തെത്തിയത്. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന എ ഐ വൈ എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്‍കാന്‍ തീരുമാനിച്ചത്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ആലോചിച്ച ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്നാണ് അറിയുന്നത്. ഇതിന്റെ ഭാഗമായി സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്തിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് കീഴാറ്റൂരിലെത്തി സമരക്കാരെ സന്ദര്‍ശിച്ചേക്കും.

സമരത്തോട് മുഖംതിരിഞ്ഞ് നില്‍ക്കാതെ പ്രശ്‌നപരിഹാരത്തിന് സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ട എ ഐ വൈ എഫ് സംസ്ഥാന സമിതിയോഗം കൃഷി, പരിസ്ഥിതി സംരക്ഷണ സമരമെന്ന നിലയില്‍ വയല്‍ക്കിളികളുടെ സമരം കേരളം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. പദ്ധതി പരിസ്ഥിതിക്ക് ഗുരുതരമായ ആഘാതം ഏല്‍പ്പിക്കുന്നതും തളിപ്പറമ്പിലേയും സമീപ പ്രദേശങ്ങളിലേയും കുടിവെള്ള സ്രോതസ്സ് ഇല്ലാതാക്കുന്നതുമാണെന്നാണ് പ്രദേശവാസികളുടെ വാദം. അവരെ വികസന വിരോധികളും തീവ്രവാദികളുമായി ചിത്രീകരിച്ച് സമരത്തെ നേരിടുന്ന സമീപനം പ്രതിഷേധാര്‍ഹമാണ്. കീഴാറ്റൂര്‍ ബൈപ്പാസിന് ബദല്‍ മാര്‍ഗങ്ങള്‍ ആലോചിക്കണം. വയല്‍നികത്തി തന്നെ ബൈപ്പാസ് നിര്‍മിക്കുമെന്ന വാശി പ്രശ്‌നം രൂക്ഷമാക്കും. തളിപ്പറമ്പ് നഗരത്തില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിച്ച് ദേശീയപാതാ വികസനം സാധ്യമാക്കാമെന്ന നിര്‍ദേശം നടപ്പാക്കണം. സംസ്ഥാന പ്രസിഡന്റ് അഡ്വ. ആര്‍ സജിലാല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി മഹേഷ് കക്കത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കെ രാജന്‍ എം എല്‍ എ പങ്കെടുത്തു.

നേരത്തെ സമരത്തിന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കീഴാറ്റൂരിലെ നെല്‍വയല്‍ സംരക്ഷിക്കുമെന്നും തന്റെ ജോലി നെല്‍വയല്‍ സംരക്ഷിക്കലാണെന്നും മന്ത്രി കാസര്‍കോട് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൃഷി വകുപ്പില്‍ ഇതുമായി ബന്ധപ്പെട്ട ഫയല്‍ എത്തിയിട്ടില്ല. ഫയല്‍ തന്റെ ഓഫീസിലെത്തിയാല്‍ കൃഷിഭൂമി സംരക്ഷിക്കുന്നതിനായിരിക്കും മുന്‍ഗണന നല്‍കുകയെന്നും മന്ത്രി പറഞ്ഞിരുന്നു.