വിലക്ക് നീങ്ങി; റബാഡക്ക് കളി തുടരാം

Posted on: March 21, 2018 6:04 am | Last updated: March 20, 2018 at 11:50 pm

ദുബൈ: ദക്ഷിണാഫ്രിക്കയുടെ 22കാരനായ പേസ് ബൗളര്‍ കാഗിസോ റബാഡക്കെതിരായ വിലക്ക് നീങ്ങി. മാരത്തണ്‍ ഹിയറിംഗിന് ശേഷമാണ് റബാഡക്ക് അനുകൂലമായ തീരുമാനം ഐ സി സി കൈക്കൊണ്ടത്. ഇതോടെ ആസ്‌ത്രേലിയക്കെതിരായ ന്യൂലാന്‍ഡ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് റബാഡയുടെ സേവനം ലഭിക്കും.

അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിക്കാനുള്ള അനുവാദം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെങ്കിലും റബാഡ പൂര്‍ണമായും കുറ്റവിമുക്തനാകുന്നില്ല. ലെവല്‍ രണ്ട് പ്രകാരം കുറ്റക്കാരനല്ലെന്ന് മാത്രമാണ് ഐ സി സി കണ്ടെത്തല്‍.

നേരത്തെ നിലവിലുണ്ടായിരുന്ന 75 ശതമാനം മാച്ച് ഫീസ് പിഴയും മൂന്ന് ഡീമെറിറ്റ് പോയിന്റ് എന്ന ശിക്ഷാ നടപടിയെ ഒരു ഡീമെറിറ്റ് പോയിന്റും 25 ശതമാനം പിഴയുമായി ചുരുക്കുകയായിരുന്നു. ഇതോടെ റബാഡയുടെ ആകെ ഡീമെറിറ്റ് പോയിന്റ് ഏഴായി ചുരുങ്ങി. രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്ക് നേരിടാന്‍ വേണ്ടത് എട്ട് ഡീമെറിറ്റ് പോയിന്റുകളാണെന്നത് റബാഡക്ക് കാര്യങ്ങള്‍ അനുകൂലമായി മാറ്റി.

ഓസീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഉജ്ജ്വല പ്രകടനം കാഴ്ചവെക്കുന്നതിനിടെയാണ് കാഗിസോ റബാഡക്കെതിരെ ഐ സി സി ലെവല്‍ രണ്ട് കുറ്റം ചുമത്തിയത്. സ്മിത്തിന്റെ വിക്കറ്റ് നേട്ടത്തിന് പിന്നാലെ നടത്തിയ ആഹ്ലാദ പ്രകടനം അതിരുകടന്നത് അദ്ദേഹത്തിന് വിനയായി മാറുകയായിരുന്നു. പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമാകുന്ന തരത്തില്‍ അദ്ദേഹത്തിനെതിരെ ഐ സി സി ലെവല്‍ രണ്ട് കുറ്റമാണ് ചുമത്തിയത്. ലെവല്‍ രണ്ട് കുറ്റം പ്രകാരം പിഴയും മൂന്ന് മുതല്‍ നാല് വരെ ഡീമെറിറ്റ് പോയിന്റുകളുമാണ് ശിക്ഷ.

കഴിഞ്ഞ വര്‍ഷം നിരോഷന്‍ ഡിക്ക്വെല്ലയുമായി കോര്‍ത്തതിന്റെ പേരില്‍ മൂന്ന് ഡിമെറിറ്റ് പോയിന്റുകള്‍ ലഭിച്ച താരം ഇംഗ്ലണ്ടിന്റെ ബെന്‍ സ്‌റ്റോക്‌സിനെ അസഭ്യം പറഞ്ഞ വകയില്‍ ഒരു ടെസ്റ്റില്‍ നിന്ന് വിലക്കും ഒരു ഡീമെറിറ്റ് പോയിന്റും വാങ്ങിയിരുന്നു. ഇന്ത്യ- ദക്ഷിണാഫ്രിക്ക പരമ്പരയില്‍ ശിഖര്‍ ധവാനെ അസഭ്യം പറഞ്ഞതിന് അഞ്ചാം ഡീമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചു.