അരങ്ങേറ്റത്തിലെ സെഞ്ച്വറി ഓര്‍മയില്‍ ഗാംഗുലി

Posted on: March 21, 2018 6:04 am | Last updated: March 20, 2018 at 11:41 pm
SHARE
തന്റെ അരങ്ങേറ്റ മത്സരം ടിവിയില്‍ കാണുന്ന ഗാംഗുലി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നതാണ് 1996 ജൂണില്‍ ഇംഗ്ലണ്ടിനെതിരെ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റ്. രണ്ട് ഇന്ത്യന്‍ ഇതിഹാസ താരങ്ങളുടെ ഉദയം അവിടെ വെച്ചായിരുന്നു. അവരില്‍ രാഹുല്‍ ദ്രാവിഡാണ് ഒന്നാമന്‍. രണ്ടാമന്‍ സൗരവ് ഗാംഗുലി ആ ദിനം ഓര്‍ത്തെടുത്ത് ട്വിറ്ററല്‍ കുറിച്ചു: ‘ഓഫീസില്‍… എന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി സ്റ്റാറില്‍ കണ്ടുകൊണ്ടിരിക്കുന്നു… മികച്ച ഓര്‍മകള്‍ ഒന്നുമില്ല.’ അരങ്ങേറ്റ മത്സരത്തിന്റെ ചിത്രം സഹിതമാണ് ഗാംഗുലിയുടെ ട്വീറ്റ്.

ആദ്യ മത്സരത്തില്‍ തന്നെ സെഞ്ച്വറി നേടിയാണ് അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഗാംഗുലി കടന്നുവന്നത്. ലോര്‍ഡ്‌സില്‍ മൈക്ക് അതേര്‍ടണ്‍ നയിക്കുന്ന ഇംഗ്ലണ്ടിനെതിരെ രണ്ടാം ടെസ്റ്റില്‍ മൂന്നാമനായി ഇറങ്ങിയ ഗാംഗുലി 301 പന്തുകള്‍ അഭിമുഖീകരിച്ച് 131 റണ്‍സാണ് എടുത്തത്. 20 ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതായിരുന്നു ആ ഇന്നിംഗ്‌സ്.

ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി തികക്കുന്ന പത്താമത്തെ ഇന്ത്യന്‍ താരമായി അന്ന് ഗാംഗുലി മാറി. ഗാഗുലിക്ക് ശേഷം ഇത്ര കാലമായിട്ടും നാല് ഇന്ത്യന്‍ താരങ്ങള്‍ കൂടിയേ ഈ പട്ടികയില്‍ ഇടം നേടിയിട്ടുള്ളൂ. ലാല അമര്‍നാഥാണ് കന്നി ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ താരം. 1933ല്‍ മുംബൈയില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരായിയിരുന്നു അമര്‍നാഥിന്റെ അരങ്ങേറ്റ മത്സരവും സെഞ്ച്വറിയും. ആദ്യ ഇന്നിംഗ്‌സില്‍ 38 റണ്‍സെടുത്ത് പുറത്തായ അമര്‍നാഥ് രണ്ടാം ഇന്നിംഗ്‌സില്‍ 21 ബൗണ്ടറികളുടെ അകമ്പടിയില്‍ 118 റണ്‍സ് നേടുകയായിരുന്നു.

കന്നി മത്സരത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ചേര്‍ന്ന് മറ്റൊരു നേട്ടവും ഗാംഗുലി സ്വന്തമാക്കുകയുണ്ടായി. രാജ്യത്തിന് പുറത്ത് ഏതെങ്കിലും ടീമിനെതിരെ ഇന്ത്യന്‍ ജോഡികള്‍ നേടുന്ന അന്നത്തെ വലിയ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. കളിയും പരമ്പരയും തോറ്റെങ്കിലും രാഹുലും സച്ചിനും ചേര്‍ന്ന് അന്ന് 255 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഗാഗുലിക്കൊപ്പം അന്ന് അരങ്ങേറ്റം കുറിച്ച രാഹുല്‍ ദ്രാവിഡും മികച്ച കളിയാണ് പുറത്തെടുത്തത്. ക്രിസ് ലൂയിസിന്റെ പന്തില്‍ പുറത്താകുമ്പോള്‍ 95 റണ്‍സായിരുന്നു രാഹുലിന്റെ സമ്പാദ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here